Mon, 06/18/2012 - 10:59 ( 48 weeks 4 daysago)
യൂറോ കപ്പ് : പോര്‍ച്ചുഗലും ജര്‍മനിയും ക്വാര്‍ട്ടറില്‍
(+)(-) Font Size
യൂറോ കപ്പ് : പോര്‍ച്ചുഗലും ജര്‍മനിയും ക്വാര്‍ട്ടറില്‍
റൊണാള്‍ഡോക്ക് ഇരട്ടഗോള്‍

ഖാര്‍കീവ്നലീയേവ്: ലോകകപ്പ് റണ്ണറപ്പുകളായ നെതര്‍ലന്‍ഡ്സ് യൂറോകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. ഗ്രൂപ് 'ബി'യില്‍ ഓറഞ്ചുപടയെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകളില്‍ 2-1ന് കീഴടക്കിയ പോര്‍ചുഗല്‍ ജര്‍മനിക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. യൂറോകപ്പില്‍ മികവുകാട്ടുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മധ്യേയാണ് റൊണാള്‍ഡോ മിന്നുന്ന പ്രകടനവുമായി ടീമിനെ അവസാന എട്ടിലെത്തിച്ചത്. പിന്നിട്ടുനിന്ന ശേഷം പോര്‍ചുഗല്‍ പൊരുതിക്കയറുകയായിരുന്നു. നേരത്തേ ക്വാര്‍ട്ടര്‍ഫൈനല്‍ ഉറപ്പിച്ച ജര്‍മനി അവസാന ഗ്രൂപ് മത്സരത്തില്‍ 2-1ന് ഡെന്മാക്കിനെ തോല്‍പിച്ച് ഒമ്പതു പോയന്റുമായി ഗ്രൂപ് ജേതാക്കളായി. ഇരുപകുതികളിലായി ലൂകാസ് പൊഡോള്‍സ്കിയും ലാന്‍സ് ബെന്‍ഡറുമാണ് ജര്‍മനിയുടെ ഗോളുകള്‍ നേടിയത്. ക്വാര്‍ട്ടറില്‍ ജര്‍മനി ഗ്രീസിനെയും പോര്‍ചുഗല്‍ ചെക് റിപ്പബ്ലിക്കിനെയും നേരിടും. മൂന്നു മത്സരവും തോറ്റ് മടങ്ങേണ്ടി വരുന്നത് ഹോളണ്ടിന് നാണക്കേടായി.

റൊണാള്‍ഡോയിലൂടെ പറങ്കിവീര്യം
റൊണാള്‍ഡോ, നാനി, പോസ്റ്റിഗ എന്നിവരെ ആക്രമണത്തിനിറക്കി 4-3-3 ശൈലിയില്‍ കളിച്ച പോര്‍ചുഗലിനെതിരെ 4-2-3-1 ശൈലിയിലായിരുന്നു ഓറഞ്ചുപടയുടെ വിന്യാസം. ക്വാര്‍ട്ടര്‍ പ്രതീക്ഷ കാക്കാന്‍ രണ്ടു ഗോള്‍ മാര്‍ജിനെങ്കിലും ജയിക്കേണ്ടിയിരുന്ന ഹോളണ്ട് മൂന്നു മാറ്റങ്ങള്‍ വരുത്തി. ഇബ്രാഹിം അഫെല്ലായ്, ക്യാപ്റ്റന്‍ മാര്‍ക് വാന്‍ ബൊമ്മല്‍, ജോണ്‍ ഹീറ്റിംഗ എന്നിവര്‍ പുറത്തായി. വാന്‍ ഡെര്‍ വാര്‍ട്ട്, റോണ്‍ വ്ളാര്‍, ക്ളാസ് യാന്‍ ഹണ്ടെലാര്‍ എന്നിവര്‍ സ്റ്റാര്‍ട്ടിങ് ലൈനപ്പിലെത്തി.
ജയം അനിവാര്യമായ കളിയില്‍ കരുതലോടെയാണ് ഡച്ചുകാര്‍ തുടങ്ങിയത്. റിസ്കെടുക്കാന്‍ ശ്രമിക്കാതെ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയെന്ന തന്ത്രത്തില്‍നിന്ന് 11ാം മിനിറ്റിലവര്‍ ലീഡിലേക്ക് നിറയൊഴിക്കുകയും ചെയ്തു. മൂന്ന് എതിര്‍താരങ്ങളെ കട്ടുചെയ്തു കയറി റോബന്‍ നല്‍കിയ പാസില്‍ ബോക്സിന് പുറത്തുനിന്ന് വാന്‍ഡെര്‍ വാര്‍ട്ട് തൊടുത്ത മനോഹരഷോട്ട് വലയുടെ ഇടതുമൂലയിലേക്ക് മാരിവില്ലുകണക്കെ വളഞ്ഞിറങ്ങി.
ഈ ഗോള്‍ പറങ്കിപ്പടയെ പിടിച്ചുണര്‍ത്തുന്നതായിരുന്നു. അലമാല കണക്കെ അവര്‍ ആഞ്ഞടുത്തപ്പോള്‍ ഡച്ചുഗോള്‍മുഖം പലകുറി വിറകൊണ്ടു. 16ാം മിനിറ്റില്‍ ഇടതുവിങ്ങിലുടെ മുന്നേറി റൊണാള്‍ഡോ നിലംപറ്റെ തൊടുത്ത ഷോട്ട് പോസ്റ്റില്‍തട്ടി വഴിമാറിയപ്പോള്‍ അടുത്ത മിനിറ്റില്‍ പോസ്റ്റിഗയുടെ ഗോളെന്നുറച്ച ഷോട്ട് സ്റ്റകലന്‍ബര്‍ഗ് വിരല്‍തുമ്പുകൊണ്ടെന്നോണം തട്ടിപ്പുറത്താക്കി. റൗള്‍ മീറെലെസിന്റെ ഷോട്ടും അപായ ഭീഷണി ഉയര്‍ത്തിയെങ്കിലും വലയുടെ പുറത്താണ് പതിച്ചത്.
ഏതുനിമിഷവും കുലുങ്ങുമെന്ന് തോന്നിച്ച ഓറഞ്ചു വലയില്‍ പന്തെത്തിയത് 28ാം മിനിറ്റില്‍. വില്ല്യംസിന്റെ ക്ളിയറന്‍സ് പിഴച്ചപ്പോള്‍ പന്തെടുത്ത് പെരീറ നല്‍കിയ പാസ് എതിര്‍പ്രതിരോധം പിളര്‍ന്ന് റൊണാള്‍ഡോയിലേക്ക്. ഗോളി മാത്രം നില്‍ക്കെ റയല്‍ മഡ്രിഡ് താരം അനായാസം സമനില ഗോളിലേക്ക് വല കുലുക്കി. പിന്നീട് ഇടവേളവരെ പന്തിന്മേല്‍ നിയന്ത്രണം കാട്ടിയത് ഹോളണ്ടായിരുന്നെങ്കിലും കുടുതല്‍ അവസരങ്ങള്‍ തുറന്നെടുത്തത് പോര്‍ചുഗലായിരുന്നു.
ഇടവേളക്കുശേഷവും ഇരുനിരയും വാശിയേറിയ പോരാട്ടം തുടര്‍ന്നു. കളി ഒരു മണിക്കൂറാകവേ റൊണാള്‍ഡോയുടെ പാസില്‍ പോസ്റ്റിഗ ഡച്ച് വല കുലുക്കിയെങ്കിലും ഓഫ്സൈഡ് ഫ്ളാഗുയര്‍ന്നു. 72ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ പാസില്‍ ഗോളി മാത്രം നില്‍ക്കേ പോസ്റ്റിന് തൊട്ടുമുന്നില്‍നിന്ന് നാനിക്ക് വല കുലുക്കാനായില്ല. രണ്ടു മിനിറ്റിനുശേഷം റൊണാള്‍ഡോ തന്നെ ടീമിനെ മുന്നിലെത്തിച്ച് വല കുലുക്കി. ഇത്തവണ നാനിയുടെ പാസ് സ്വീകരിച്ച് ബോക്സില്‍ വാന്‍ഡര്‍ വീലിനെ വെട്ടിച്ചശേഷമാണ് ക്രിസ്റ്റ്യാനോ വലയിലേക്ക് നിറയൊഴിച്ചത്.
ലീഡ് വഴങ്ങിയ ഡച്ചുകാര്‍ പിന്നീട് എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ പന്തു തട്ടിയപ്പോള്‍ പറങ്കികളുടെ ക്വാര്‍ട്ടറിലേക്കുള്ള വഴി എളുപ്പമായി.

അജയ്യരായി ജര്‍മനി
ലിയേവില്‍ ഡാനിഷ് പടക്കെതിരെ16ാം മിനിറ്റില്‍ അപ്രതീക്ഷിതമായ മുന്നേറ്റത്തോടെ ജര്‍മനി മുന്നിലെത്തി. പിന്‍നിരയില്‍നിന്ന് ബാഡ്സ്റ്റ്യൂബര്‍ നീട്ടിയടിച്ച പന്ത് തട്ടിയെടുത്ത, മ്യൂളര്‍ മനോഹരമായ ഒരു ത്രൂ പാസ് ഗോളടിക്കാനായി മരിയോ ഗോമസിനെ ലക്ഷ്യമാക്കി നല്‍കിയത് അതിവേഗത്തില്‍ പാഞ്ഞുവന്ന പൊഡോര്‍സ്കിക്ക് മറിക്കുകയും അത്യുഗ്രന്‍ ഷോട്ടോടെ, ഡാനിഷ് ഗോളി ആന്റേഴ്സണെ അനങ്ങാനനുവദിക്കാതെ ഗോളാക്കിയ പൊഡോള്‍സ്ക്കി തന്റെ നൂറാം രാജ്യാന്തര മത്സരം അവിസ്മരണീയമാക്കി.
ഗോള്‍ കയറിയതോടെ ഡാനിഷ് ഡയനാമിറ്റുകള്‍, അനുപമമായ കെട്ടുറപ്പുമായി ജര്‍മന്‍ പ്രതിരോധ നിര കൈയടക്കിയപ്പോള്‍ ബന്‍ഡ്നറും ബാഡ്സ്റ്റ്യൂബറും നായകന്‍ ലാറും പകച്ചുനിന്നു. 24ാം മിനിറ്റില്‍ ഡെന്മാര്‍ക്കിന്റെ സമനില ഗോള്‍ പിറന്നു. ഷ്വൈന്‍ സ്റ്റൈഗറെ മറികടന്ന് നിക്കളാസ് ബെന്‍ഡ്നര്‍ ഉയര്‍ത്തിക്കൊടുത്ത പന്തില്‍ ചാടിവീണ് ഡെനീസ് ക്രോണ്‍ ദാലി തലവെച്ചുകൊടുത്തപ്പോള്‍, അത് മാനുവല്‍ നോയനെറെ മറികടന്ന്, മത്സരം സമനിലയിലാക്കി. പിന്നീട് 80ാം മിനിറ്റിലാണ് ബെന്‍ഡര്‍ വിജയഗോള്‍ നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus