May 23 Thu 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

പ്രതീക്ഷകള്‍ പാളി; ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചില്ല

പ്രതീക്ഷകള്‍ പാളി; ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചില്ല

മുംബൈ: നിക്ഷേപകരെയും വ്യവസായികളെയും ഒരു പോലെ നിരാശപ്പെടുത്തി പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരാന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം. സമീപകാലത്ത് സാമ്പത്തിക വളര്‍ച്ചയും വ്യാവസായിക വളര്‍ച്ചയും കുത്തനെ കുറഞ്ഞത് കണക്കിലെടുത്ത് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വളര്‍ച്ചയെക്കാള്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് തിങ്കളാഴ്ച്ച പ്രഖ്യാപിച്ച ഇടക്കാല പണവിനിയോഗ നയത്തില്‍ കേന്ദ്ര ബാങ്ക് മുന്‍ഗണന നല്‍കിയത്.
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ 0.25 ശതമാനമെങ്കിലും കുറവ് വരുത്തുമെന്ന് പൊതുവെ കരുതിയിരുന്നു. കൂടാതെ വിപണിയില്‍ പണലഭ്യത ഉയര്‍ത്തുന്നതിന് ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കുതല്‍ ധന അനുപാതത്തില്‍ (സി.ആര്‍.ആര്‍) ഒരു ശതമാനം കുറവ് വരുത്തുമെന്നും കരുതിയിരുന്നു. എന്നാല്‍ ഈ നടപടികള്‍ സ്വീകരിച്ചാല്‍ പണപ്പെരുപ്പം വീണ്ടും രൂക്ഷമാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. മെയില്‍ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7.55 ശതമാനമായും ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 10.36 ശതമാനമായും വര്‍ധിച്ചിരുന്നു.
റിപ്പോ നിരക്ക് എട്ട് ശതമാനമായും സി.ആര്‍.ആര്‍ 4.75 ശതമാനമായും തുടരും. ഉയര്‍ന്ന അസംസ്കൃത എണ്ണ വില ഉപഭോക്താക്കളിലേക്ക് മാറ്റാന്‍ കഴിയാത്തത് കമ്മി വര്‍ധിക്കാന്‍ ഇടയാക്കുകയാണെന്നും ഇത് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് തടയിടുമെന്നും വായ്പാ നയ അവലോകനത്തില്‍ ആര്‍.ബി.ഐ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച്ച പ്രഖ്യാപിച്ച ഇടക്കാല പണനയ അവലോകനത്തില്‍ പ്രഖ്യാപിച്ച ഏക പ്രധാന തീരുമാനം കയറ്റുമതിക്കുള്ള പുനര്‍ വായ്പാ പരിധി നിലവിലെ 15 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിച്ചതാണ്. എന്നാല്‍ ഇതുവഴി 30,000 കോടി രൂപയോളം വിപണിയില്‍ അധികമായി എത്തും. കരുതല്‍ ധന അനുപാതം 0.5 ശതമാനം കുറയ്ക്കുന്നതിന് തുല്ല്യമാണ്. കയറ്റുമതി മേഖലക്കുള്ള വായ്പാ ലഭ്യത കാര്യമായി വര്‍ധിക്കുകയും ചെയ്യും.
ഉയര്‍ന്ന പണപ്പെരുപ്പമാവാം പലിശ നിരക്കുകള്‍ കുറയ്ക്കുന്നതില്‍ നിന്ന് റിസര്‍വ് ബാങ്കിനെ പിന്തിരിപ്പിച്ചതെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പ്രതികരിച്ചു. സാമ്പത്തിക വളര്‍ച്ച കുറയുന്നത് പരിഗണിച്ച് റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിച്ചേക്കുമെന്ന് പ്രണബ് ശനിയാഴ്ച്ച അഭിപ്രായപ്പെട്ടിരുന്നു. അതേസമയം നയപരമായ തീരുമാനമെടുക്കുന്നതിന് മുമ്പ് അല്പം കൂടി കാത്തിരിക്കാന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചതാകാമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി. രംഗരാജന്‍ അഭിപ്രായപ്പെട്ടു. ആറ് ആഴ്ച്ചക്ക് ശേഷമാണ് റിസര്‍വ് ബാങ്കിന്റെ അടുത്ത നയ അവലോകനം. അപ്പോഴേക്കും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദം പൂര്‍ത്തിയായിട്ടുണ്ടാകും. സമ്പദ് വ്യവസ്ഥയുടെ കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കാന്‍ ഇത് സഹായകമാകുമെന്നും രംഗരാജന്‍ പറഞ്ഞു. ജൂലൈ 31നാണ് അടുത്ത വായ്പാ നയ അവലോകനം.
അതേസമയം ആര്‍.ബി.ഐ തീരുമാനത്തില്‍ വ്യാവസായിക-വാണിജ്യ മേഖലകള്‍ കടുത്ത നിരാശ രേഖപ്പെടുത്തി. പലിശ നിരക്ക് കുറവ് സംബന്ധിച്ച് ധനമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാവരുടെ പ്രതീക്ഷകള്‍ തകര്‍ന്നതില്‍ കടുത്ത നിരാശയുണ്ടെന്ന് അസോചെം പ്രസിഡന്റ് രാജ്കുമാര്‍ ദൂത് വാര്‍ത്താലേഖകരോട് പറഞ്ഞു.
പണ ലഭ്യതയിലെ വര്‍ധനയല്ല ഉല്‍പന്ന ലഭ്യതയുടെ കുറവാണ് പണപ്പെരുപ്പത്തിന് കാരണമെന്നും ആര്‍.ബി.ഐയുടെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്നും സി.ഐ.ഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത് ബാനര്‍ജി പറഞ്ഞു. നിലവിലെ വ്യാവസായിക-സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ച് ആര്‍.ബി.ഐ പലിശ നിരക്ക് ഒരു ശതമാനമെങ്കിലും കുറയ്ക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് കുറച്ചിരുന്നെങ്കില്‍ നിക്ഷേപം വര്‍ധിക്കാന്‍ സഹായകമാകുമായിരുന്നുവെന്ന് ഫിക്കി സെക്രട്ടറി ജനറല്‍ രാജീവ് കുമാറും അഭിപ്രായപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com