Mon, 06/18/2012 - 09:38 ( 48 weeks 5 daysago)
2004ലെ യൂറോ കപ്പ് മത്സരങ്ങളിലെ ഗ്രീസിന്റെ പടയോട്ടത്തിന് തുടക്കംകുറിച്ച ആദ്യ ഗോളിന് ഉടമയായതോടെ യവന ഇതിഹാസനായകനായിത്തീര്‍ന്നയാളാണ് ഗിയോര്‍ഗസ് കരഗോണീസ്! അന്നും ഇന്നത്തെപ്പോലെ വമ്പനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലൂയീ ഫീഗോയുടെയും പോര്‍ചുഗലിനെതിരെ, 39ാം മിനിറ്റിലായിരുന്നു നിനച്ചിരിക്കാത്ത നേട്ടമായി കരഗോണീസ് ഗോളടിച്ചത്. അതാകട്ടെ, അന്നത്തെ ആതിഥേയരുടെ പ്രതികാരാഗ്നി വര്‍ധിപ്പിക്കുകയും ചെയ്തു. യവനന്മാരുടെ ഫുട്ബാള്‍ മുന്നേറ്റം അതുകൊണ്ട് അവസാനിച്ചുവെന്നുകരുതേണ്ട. ഇന്നത്തെ ലോക ചാമ്പ്യന്മാരായ സ്പെയിനിനെ അന്നവര്‍ സമനിലയിലും തളച്ചിരുന്നു. ഉദ്ഘാടന മത്സരത്തിന്റെ തനിയാവര്‍ത്തനമായി, ആതിഥേയരെ നേരിടാനുള്ള അസുലഭ ഭാഗ്യമുണ്ടായത് ഗ്രീക് പടക്കായിരുന്നു. അതാകട്ടെ, ഒരു 'ബാറ്റില്‍ റോയലാ'യി വീഴ്ത്തപ്പെടുകയും ചെയ്തു. പോരാത്തതിന് ആതിഥേയരെന്ന നിലയില്‍ പോര്‍ചുഗലിന് പകതീര്‍ക്കാനുമുണ്ടായിരുന്നു. എന്നാല്‍, മത്സരം സമയം 90 മിനിറ്റു കഴിഞ്ഞപ്പോള്‍ യൂറോ ചരിത്രത്തില്‍ പുതുപുത്തനൊരു ജേതാവുണ്ടായി, അന്ന് 27കാരനായിരുന്ന കരഗോണീസിന്റെ സ്വന്തം ഗ്രീസ്!
എട്ടുവര്‍ഷങ്ങള്‍ക്കുശേഷം കരഗോണീസിന് ഒരേ ഒരു മാറ്റമേയുണ്ടായിട്ടുള്ളൂ, വയസ്സ് 35 ആയി -പഴയ ശൗര്യത്തിനും ഗതിവേഗത്തിനും പന്തടക്കത്തിനും സ്കോറിങ് മികവിനും ഒരു കുറവുമുണ്ടായിട്ടില്ല. മാത്രമല്ല, റഷ്യന്‍ പ്രതിരോധനിര ചാടിക്കടന്ന് അക്രോബാറ്റിനെ വെല്ലുന്ന മട്ടില്‍ മുന്നോട്ടുചാടി നിലം പൊത്തി മഞ്ഞക്കാര്‍ഡ് വാങ്ങിയത് തന്ത്രത്തിനും ടെക്നിക്കിനും ഒരുപോറല്‍ പോലും ഏല്‍പിച്ചില്ലെന്നതിന് തെളിവും. കാലം കരഗോണീസിന് മുന്നില്‍ തലവണങ്ങിയെന്ന് വിദഗ്ധര്‍.
1977 മാര്‍ച്ച് ആറാം തീയതി ഒരുഅധ്യാപക കുടുംബ്ധിലാണ് ഗിയോര്‍ഗസ് ജനിച്ചത്. ഉയരക്കുറവുണ്ടായിരുന്നതുകാരണം കൊച്ചു ഗിയോര്‍ഗസിന് കാല്‍പന്തുകളി ഇണങ്ങുകയില്ലെന്ന് കളിയാക്കിയ കൂട്ടുകാരെ പരിഹസിച്ചുകൊണ്ട് ഗിയോര്‍ഗസ്ബാല്യവും കൗമാരവും കളിക്കളത്തില്‍ത്തന്നെ ചെലവഴിച്ചു. അസാധ്യമായ ഗതിവേഗമായിരുന്നു പരിശീലകരെ പിന്നീട് വിഖ്യാതനായ കരഗോണീസിനെ കളിക്കത്തില്‍തന്നെ പിടിച്ചുനിര്‍ത്താന്‍ പ്രേരിപ്പിച്ചത്.
പ്രമുഖ ഗ്രീക്ക് ക്ളബായ പനതിനായിക്കോസിന്റെ വിശ്വസ്തനാണ് കരഗോണീസ്. 1998 മുതല്‍ 2003 വരെ തുടര്‍ച്ചയായി ഗ്രീക് റെക്കോഡ് ജേതാക്കളുടെ ജഴ്സിയില്‍ തുടര്‍ന്നു. കേളീമികവ് കണ്ട് ഇന്റര്‍മിലാന്‍, പനതിനായിക്കോസ് അധികൃതരെ സ്വാധീനിച്ച് ഭീമമായ വിടുതല്‍ സംഖ്യക്ക് കരഗോണീസിനെ സ്വന്തം അണികളിലെത്തിച്ചു. അവിടെവെച്ചാണ് കരഗോണീസിന് ഇറ്റാലിയന്‍ ഗട്ടൂസ എന്ന ഓമനപ്പേര് ലഭിച്ചത്. കളിക്കളത്തിലെ കര്‍ക്കശം ഭാവിച്ച രൂപച്ഛായയുമായിരുന്നതിനുകാരണം.
2010ല്‍ വീണ്ടും കരഗോണീസ് സ്വന്തം മണ്ണിലേക്ക് മടങ്ങി. സ്വീകരിക്കാന്‍ ഇരുകരങ്ങളും നീട്ടി പനതിനായിക്കോസുമുണ്ടായി. 2011 ജൂലൈ 27ന് തന്റെ സ്വന്തം ടീമിനുവേണ്ടി നൂറാമത് യൂറോപ്യന്‍ കപ്പ് മത്സരങ്ങള്‍ക്ക് അണിനിരന്നപ്പോഴും ആ സ്വര്‍ണ ബൂട്ടില്‍നിന്നൊരുഗോള്‍ പിറന്നു. ഓഡന്‍ സീ- ബിക്കെക്ക് എതിരെയുള്ള 1-1 സമനിലഗോള്‍. 1999ല്‍ തന്നെ കരഗോണീസ് ഗ്രീസ് ദേശീയ ടീമില്‍ അംഗമായിരുന്നു. ആദ്യ മത്സരത്തില്‍തന്നെ തന്റെ സുവര്‍ണ ബൂട്ടുകളുടെ തിളക്കമറിയിച്ചുകൊണ്ട് കരഗോണീസ് ഗ്രീക് ദേശീയ കുപ്പായം സ്വന്തമാക്കി. എല്‍സാല്‍ വഡോറിനെ സൗഹൃദമത്സരത്തില്‍ 3-0ത്തിന് വകവരുത്തിയപ്പോള്‍ രണ്ടാംഗോള്‍ കരഗോണീസിന്റേതായിരുന്നു. തുടര്‍ന്ന് ഓട്ടോ റീഹാഗലിന്റെ ശിഷ്യനായി ദേശീയ ടീമില്‍ സ്ഥിരാംഗമായി ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഫിന്‍ലന്‍ഡിനെ നേരിട്ടപ്പോഴും കരഗോണീസിന്റെ വക ഗോളുണ്ടായി. 2001ല്‍ ആയിരുന്നു അത്. 2010 ഒക്ടോബര്‍ എട്ടിന് ലാത്വിയക്ക് എതിരെ യൂറോ കപ്പ് യോഗ്യതാ മത്സരത്തിന് ബൂട്ടുകെട്ടിയപ്പോഴും ഒരു പുതുമയുണ്ടായി. ഗ്രീസിന് വേണ്ടിയുള്ള തന്റെ സെഞ്ച്വറി മത്സരമായിട്ടത് വാഴ്ത്തപ്പെട്ടു.
ശനിയാഴ്ച റഷ്യക്കെതിരെ തന്റെ 121ാമത്തെ ദേശീയ കുപ്പായമത്സരത്തില്‍ ഗ്രീക് ഇതിഹാസതാരം ഗോളടിച്ചു. രണ്ടാമത്തെ ഗോളിന്റെ വക്കിലുമെത്തി. കരഗോണീസിന്റെ മാന്ത്രിക ഗോളില്‍ സകലകണക്കുകൂട്ടലുകളും തെറ്റിച്ച് റഷ്യ പുറത്താവുകയും ചെയ്തു. ഒരേ ഒരുഗോളുകൊണ്ട് ഇതിഹാസ താരമായ യവനനായകന്‍ രണ്ടാം ഗോളുമായി ജൈത്രയാത്ര തുടരുകയാണ്. ഇനിയൊരിക്കലും ഇത്തരമൊരു യവന വിജയഗാഥ ചരിത്രത്തിനവകാശപ്പെടാനാകാത്ത വിധമുള്ള മികവുമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍