12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

പൊട്ടാന്‍ വെമ്പുന്ന ചിട്ടികള്‍

 പൊട്ടാന്‍ വെമ്പുന്ന ചിട്ടികള്‍

മലയാളിക്ക് ശാപവും സഹായവുമാണ് ചിട്ടികള്‍. ചിറ്റാളന്‍ മുങ്ങുന്ന കാലത്തു നിന്ന് വരിക്കാരനെ മുക്കുന്ന കാലത്തെത്തി നില്‍ക്കുന്നു ചിട്ടികമ്പനികള്‍. എന്നിട്ടും നിക്ഷേപകര്‍ ഈയാമ്പാറ്റകളെപ്പോലെ ഈ കമ്പനികള്‍ നല്‍കുന്ന വാഗ്ദാനങ്ങളിലേക്ക് പറന്നടുക്കുന്നു -വെറുതെ എരിഞ്ഞടങ്ങാന്‍. സകല നിയമങ്ങളും കാറ്റില്‍പ്പറത്തുന്ന ഈ തേന്‍കെണികള്‍ക്ക് തടയിടാന്‍ അടുത്തിടെ പ്രാബല്യത്തിലായ കേന്ദ്രനിയമം മതിയാവുമോ. സംസ്ഥാനത്തെ ചിട്ടി മാഫിയയുടെ ഭൂതവും ഭാവിയും വിശകലനം ചെയ്യുന്ന ചില വര്‍ത്തമാനങ്ങള്‍ ഇന്നുമുതല്‍...

2009 സെപ്റ്റംബര്‍ 29. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ജീവനക്കാരന്‍ മുരളിക്ക് സബ്കോടതിയുടെ ഒരു അറിയിപ്പ് കിട്ടി. ജയിലിലിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നായിരുന്നു അത്. ആളൂര്‍ പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാമാക്കല്‍ ചിട്ടിക്കമ്പനിയാണ് പരാതിക്കാരന്‍. അവരുടെ പണം തട്ടിയെടുക്കാന്‍ കൂട്ടുനിന്നു എന്നാണ് കേസ്.
2006ല്‍ ഓഫിസിലെ തൂപ്പുകാരന് ഒരു ലക്ഷത്തിന്റെ കുറിയടിച്ചപ്പോള്‍ കാശ് വാങ്ങാന്‍ മുരളി ജാമ്യം നിന്നിരുന്നു. ഭയന്ന മുരളി ഓടി കുറിക്കമ്പനിയിലെത്തി. പണം വാങ്ങിയശേഷം വരിക്കാരന്‍ തവണ അടക്കാത്തതാണ് കുഴപ്പത്തിന് കാരണം. രേഖകള്‍ പരിശോധിച്ചപ്പോള്‍ വീണ്ടും ആശയക്കുഴപ്പം. പരിചയമില്ലാത്ത ആളുകളും മുരളിയുടെ ജാമ്യത്തില്‍ പണം വാങ്ങിയിരിക്കുന്നു. പക്ഷേ, ഒപ്പും മറ്റുരേഖകളുമൊക്കെ കൃത്യം. രക്ഷപ്പെടാന്‍ ഒരുവഴിയുമില്ല.
2006ലാണ് തൂപ്പുകാരന്‍ മുരളിയെ സമീപിക്കുന്നത്. മകളുടെ കല്യാണാവശ്യത്തിനാണെന്നു പറഞ്ഞപ്പോള്‍ സമ്മതിച്ചു. കുറിക്കമ്പനിയുടെ ആളുകള്‍ ഓഫിസിലെത്തി ശമ്പള സര്‍ട്ടിഫിക്കറ്റും മറ്റുരേഖകളും വാങ്ങിക്കോളുമെന്നായിരുന്നു പറഞ്ഞിരുന്നത്. കൗണ്‍സില്‍ യോഗത്തിന്റെ തിരക്കില്‍ പെട്ടുപോയ ഒരു ദിവസം ഒരുചെറുപ്പക്കാരന്‍ വന്ന് കുറേ പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങി. പിന്നെ ഇതേക്കുറിച്ച് അറിയുന്നത് മൂന്ന് വര്‍ഷം കഴിഞ്ഞ് സമന്‍സ് വന്നപ്പോഴാണ്.
കുറിക്കമ്പനികള്‍ക്ക് ജാമ്യക്കാരെ സംഘടിപ്പിച്ച് കൊടുക്കുന്ന സംഘത്തില്‍ പെട്ടവനായിരുന്നു ആ ചെറുപ്പക്കാരന്‍. നിരപരാധിത്വം തെളിയിക്കാന്‍ പൊലീസ് സ്റ്റേഷനും കോടതിയും കുറെ കയറിയിറങ്ങി. ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടാവുന്ന സ്ഥിതി. സമന്‍സ് കിട്ടിയ മറ്റു ചിലര്‍ പണമടച്ച് തലയൂരി. മനസ്സമാധാനം നഷ്ടപ്പെട്ടപ്പോള്‍ മുരളി കുറിക്കമ്പനിയെ സമീപിച്ചു. 25000 രൂപ നല്‍കാം കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. ഭീഷണിയായിരുന്നു മറുപടി. അവര്‍ക്ക് കാശുമുഴുവന്‍ കിട്ടണം.
ഗതിമുട്ടിയ മുരളി കൊമ്പൊടിഞ്ഞാമാക്കല്‍ കുറിക്കമ്പനിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് 2010 ഡിസംബറില്‍ ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവരാവകാശനിയമപ്രകാരം അപക്ഷ നല്‍കി. ഇതിന് കിട്ടിയ മറുപടി മുരളിയെ ഞെട്ടിച്ചു. രേഖകള്‍ പ്രകാരം ഈ സ്ഥാപനം 2004-05 മുതല്‍ പ്രവര്‍ത്തിക്കുന്നില്ല. തൊഴില്‍ നികുതിയും അടക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും ഭീഷണികള്‍ നിലച്ചില്ല. ഒടുവില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഈ കമ്പനിയെക്കുറിച്ച് കാക്കനാട്ടെ കമ്പനി രജിസ്ട്രാറുടെ ഓഫിസില്‍ അന്വേഷിച്ചു. ഇങ്ങനെയൊരു കമ്പനി നിലവിലില്ലെന്ന് അവിടെ നിന്നും മറുപടി കിട്ടി. കമ്പനി പൂട്ടാന്‍ ഉടമകള്‍ നല്‍കിയ അപേക്ഷയില്‍ തങ്ങള്‍ക്ക് ആരും പണം നല്‍കാനില്ലെന്നും കമ്പനി ആര്‍ക്കും പണം കൊടുക്കാനില്ലെന്നും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. അതായത് മുരളിക്കെതിരായ പരാതിതന്നെ തട്ടിപ്പായിരുന്നു.
ഈ രേഖകള്‍ കോടതിയിലെത്തിയതോടെ വാദി പ്രതിയായി. കമ്പനിക്ക് അബദ്ധം പറ്റിയതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞ് പ്രമുഖര്‍ മുരളിക്ക് പിന്നാലെ കൂടി. ഒടുവില്‍ ഏതാനും മാസം മുമ്പ് കേസ് ഒത്തുതീര്‍പ്പായി. പക്ഷേ, ആറു വര്‍ഷം മുരളിയും കുടുംബവും അനുഭവിച്ച നാണക്കേടിനും ദുരിതത്തിനും പരിഹാരമായില്ല.
ജനസേവനത്തിനെന്ന പേരില്‍ ദിനംപ്രതി കേരളത്തില്‍ പൊട്ടി മുളക്കുന്ന ചിട്ടിക്കമ്പനികള്‍ വരിക്കാര്‍ക്കെതിരെ നല്‍കിയിരിക്കുന്ന ലക്ഷത്തോളം കേസുകളില്‍ ഒന്നിന്റെ ഗതിയാണിത്. തൃശൂരിലെ കോടതികളില്‍ മാത്രം 50000 കേസുകള്‍ നിലനില്‍ക്കുന്നു. ചിട്ടിയുമായി ബന്ധപ്പെട്ട് വര്‍ഷം 1500 കേസുകള്‍ ജില്ലയില്‍ പുതുതായി ഉണ്ടാവുന്നുമുണ്ട്.
വരിക്കാരെയും ജാമ്യക്കാരെയും വിരട്ടി കിട്ടുന്ന പണമാണ് ചിട്ടികമ്പനികളുടെ വരുമാനം. ഇതിന് ഉപയോഗിക്കുന്നത് ചിട്ടി നിയമങ്ങളിലെ അവ്യക്തതയും. ചത്തശേഷവും വാല്‍അനക്കുന്ന പാമ്പിനെപോലെ പൂട്ടിക്കഴിഞ്ഞ് കുറച്ചുകാലം കൂടി ദുരിതം വിതക്കാനുള്ള കഴിവ് നിയമങ്ങളിലെ പഴുതുകള്‍ ഇവക്ക് നല്‍കുന്നു.
കേരളത്തില്‍ 3000ത്തിലധികം ചിട്ടി കമ്പനികളുണ്ട്. ഇതില്‍ 2000ത്തിലേറെയും തൃശൂര്‍ ജില്ലയിലാണ്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ മാത്രം 160ഓളം കുറിക്കമ്പനികളുണ്ട്. ഇവക്കെതിരെയുമുണ്ട് ലോറിയില്‍ കയറ്റി കൊണ്ടുപോകാനുള്ളത്ര പരാതികള്‍. ഇവ കുന്നുകൂടിയപ്പോള്‍ കാര്യമെന്തെന്ന് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് വകുപ്പുതന്നെ മുന്നിട്ടിറങ്ങി. പലതരം വന്‍കിട തട്ടിപ്പുകാരെയും പൂട്ടിക്കെട്ടിയ എ.ഡി.ജി.പി ടി.പി. സെന്‍കുമാറാണ് ഇക്കുറിയും തുനിഞ്ഞിറങ്ങിയത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 219 സ്വകാര്യ ചിട്ടിക്കമ്പനികള്‍ അനധികൃതമാണെന്ന് അവര്‍കണ്ടെത്തി. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികള്‍ക്കും രജിസ്ട്രേഷന്‍തന്നെ ഇല്ലെന്നാണ് ഇന്റലിജന്‍സ് പറയുന്നത്. നിരോധിക്കപ്പെട്ട പ്രൈസ് ചിട്ടിയെക്കുറിച്ചുള്ള പരാതികള്‍ പെരുകിയതാണ് ഇന്റലിജന്‍സ് അന്വേഷണത്തിന് ഇടയാക്കിയ മറെറാരു കാരണം. സ്വര്‍ണാഭരണങ്ങള്‍, കാറുകള്‍, ഫ്ളാറ്റുകള്‍ എന്നിവ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകര്‍ഷിക്കുക, ചിട്ടി നടത്തിപ്പു സംബന്ധിച്ച കാലാവധി ലംഘിച്ച് 20 മുതല്‍ 25 വര്‍ഷം വരെ ചിട്ടി നടത്തുക, 15 ശതമാനം വരെ കമീഷന്‍ എടുക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി ചിട്ടിക്കമ്പനികള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിക്ഷേപകരെ പലതരത്തില്‍ കബളിപ്പിച്ച 10 കമ്പനികളും നിരീക്ഷണത്തിലാണ്. ഇതിനര്‍ഥം ബാക്കി കമ്പനികളൊക്കെ നിയമവിധേയമാണെന്നോ അവിടെ മുടക്കുന്ന പണം സുരക്ഷിതമാണെന്നോ അല്ല. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.എഫ്.ഇ അടക്കമുള്ള ഒറ്റ ചിട്ടിനടത്തിപ്പുകാരും നിയമം അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാമാന്യ വിദ്യാഭ്യാസം മതി. അപ്പോള്‍ ഇന്റലിജന്‍സ് കണ്ടെത്തിയ തട്ടിപ്പു കമ്പനികള്‍ എത്രവലിയ തട്ടിപ്പായിരിക്കും നടത്തിക്കൊണ്ടിരിക്കുന്നത്.
ചിട്ടി നടത്തിപ്പിന് രണ്ട് നിയമങ്ങളാണ് ഇതുവരെയുണ്ടായിരുന്നത്. 1975ല്‍ പാസാക്കിയ കേരള ചിട്ടി നിയമവും 1982ല്‍ പാസാക്കിയ കേന്ദ്ര ചിട്ടി നിയമവും. രണ്ടും ഒന്നിനൊന്ന് മെച്ചം. ഇതനുസരിച്ച് ചിട്ടി ക്കമ്പനികള്‍ക്കൊന്നും അനാവശ്യമായി പണം ചെലവഴിക്കാനോ വരിക്കാരെ കബളിപ്പിച്ച് മുങ്ങാനോ സാധിക്കില്ല. അത്ര റിസ്ക്കെടുക്കാന്‍ തയാറില്ലാത്തതിനാലാണ് കേരളത്തിലെ കമ്പനികള്‍ ചിട്ടി നിയമങ്ങളൊന്നും ബാധകമല്ലാത്ത ഹരിയാനയിലും ജമ്മുവിലും ഓഫിസുകള്‍ തുറക്കുന്നത്. എത്രരൂപയുടെ ചിട്ടിയാണോ നടത്താനുദ്ദേശിക്കുന്നത് അത്രയും തുക കെട്ടിവെച്ചിട്ട് ചിട്ടി തുടങ്ങിക്കോളാനാണ് കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ പറയുന്നത്. പക്ഷേ ദല്‍ഹിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ഫരീദാബാദില്‍ ചെന്ന് 167 രൂപ അടച്ചാല്‍ ഒന്നാന്തരം കച്ചവട ലൈസന്‍സ് കിട്ടും. ഇതിന്റെ ബലത്തിലാണ് കേരളത്തിലെ മിക്ക കമ്പനികളും പ്രവര്‍ത്തിക്കുന്നത്.
മൊത്തം മൂലധനത്തിന്റെ പത്തിരട്ടി തുകക്കുള്ള ചിട്ടികളെ നടത്താവൂ എന്നും മൊത്തം സലയുടെ അഞ്ച് ശതമാനം കമീഷന്‍ മാത്രമെ എടുക്കാവൂ എന്നുമൊക്കെയാണ് ചിട്ടി നിയമം. കമീഷനും തവണതെറ്റിയാല്‍ ഈടാക്കാവുന്ന പിഴയും ചേരുന്നതാണ് ഇന്ത്യയിലെ ഒരു ചിട്ടിക്കമ്പനിക്ക് നിയമപരമായി നേടാവുന്ന വരുമാനം. ഇതിലും കൂടുതല്‍ പണം ഒരു ചിട്ടിക്കമ്പനി നേടുന്നുണ്ടെങ്കില്‍ അത് ജനങ്ങളില്‍ നിന്ന് തട്ടിപ്പറിക്കുന്നതാണ്.
അടുത്തിടെ ടെലിവിഷന്‍ ചാനലുകളില്‍ വന്‍തോതില്‍ പരസ്യം നല്‍കാന്‍ ഒരു ചിട്ടിക്കമ്പനി ചിലവിട്ടത് നാലുകോടിയിലേറെ രൂപയാണ്. അപ്പോള്‍ ഇവരുടെ ലാഭം എത്രയുണ്ടാവണം. അത്ര വരുമാനം കിട്ടാന്‍ എത്ര രൂപയുടെ ചിട്ടി നടത്തണം.
എറണാകുളത്തെ കേരള ആന്‍ഡ് ലക്ഷദ്വീപ് കമ്പനി രജിസ്ട്രാറുടെ പക്കല്‍ നിന്ന് കിട്ടിയ രേഖ അനുസരിച്ച് ഈ സ്ഥാപനത്തിന്റെ മൊത്തം മൂലധനം ഒരു കോടി രൂപയാണ്. അടച്ചുതീര്‍ത്ത മൂലധനം 25 ലക്ഷവും. മാത്രമല്ല, ഈ സ്ഥാപനവും ഏതെങ്കിലും ചിട്ടി നിയമമനുസരിച്ചല്ല രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. മറിച്ച് 1956ലെ ഇന്ത്യന്‍ കമ്പനീസ് ആക്ട് അനുസരിച്ച് സെന്‍ട്രല്‍ എക്സൈസിലാണ് ഇവരുടെ രജിസ്ട്രേഷന്‍. ഇന്ത്യയില്‍ എവിടെയും ബ്രാഞ്ച് തുടങ്ങി പ്രവര്‍ത്തിക്കാന്‍ ഈ രജിസ്ട്രേഷന്‍ മതി. പക്ഷേ അവിടെ ചിട്ടി നടത്തണമെങ്കില്‍ ചിട്ടി നിയമമനുസരിച്ചുള്ള രജിസ്ട്രേഷന്‍ തന്നെ വേണം. അല്ലെങ്കില്‍ മരുന്നുകടക്ക് ലൈസന്‍സ് എടുത്തിട്ട് വെടിമരുന്ന് വില്‍ക്കുന്നതുപോലെയാകും കാര്യങ്ങള്‍.
കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും ആഢംബരം നിറഞ്ഞ ഓഫിസുമല്ല ഒരു ചിട്ടിക്കമ്പനിയുടെ വിശ്വാസ്യതയുടെ മാനദണ്ഡമെന്നത് മലയാളിക്ക് പലവട്ടം അനുഭവമുള്ളതാണ്. 90കളുടെ മധ്യത്തില്‍ പൊളിഞ്ഞ സുദര്‍ശന്‍ ചിട്ടി ഇക്കാര്യം നമുക്ക് വ്യക്തമായി പറഞ്ഞുതന്നിട്ടുമുണ്ട്. കേന്ദ്ര ചിട്ടിനിയമം സംസ്ഥാനത്തും നടപ്പാക്കുമെന്ന് വ്യാപക പ്രചാരണമുണ്ടായ സമയത്താണ് ഈ കമ്പനി തകര്‍ന്നതെന്ന് ഓര്‍ക്കണം. അന്നും ചിട്ടികളുടെ വസന്തകാലമായിരുന്നു. സമാന സാഹചര്യമാണ് ഇപ്പോള്‍ ഇവിടെ നിലനില്‍ക്കുന്നത്. സുദര്‍ശന്‍ ചിട്ടി തട്ടിപ്പില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ആയിരങ്ങള്‍ ഇപ്പോഴും കേസുമായി കോടതി കയറിയിറങ്ങുകയാണ്. ബംഗളൂരു കേന്ദ്രമാക്കി ദക്ഷിണേന്ത്യ മുഴുവന്‍ പടര്‍ന്ന ഈ സ്ഥാപനത്തിനും കമ്പനി ആക്ട് അനുസരിച്ചുള്ള രജിസ്ട്രേഷനെ ഉണ്ടായിരുന്നുള്ളൂ.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ചിട്ടിനിയമം കേരളത്തിലും നടപ്പാക്കാന്‍ തയാറെടുക്കുകയാണ്. വരിക്കാരനെ പൂര്‍ണമായും സംരക്ഷിക്കുന്ന കര്‍ശന വ്യവസ്ഥകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ പാലിക്കാന്‍ കഴിയില്ലെന്നതിനാല്‍ ഇപ്പോഴുള്ളതിന്റെ പകുതിയോളം ചിട്ടിക്കമ്പനികളെങ്കിലും പൂട്ടിപ്പോകുമെന്നാണ് നിയമ, സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നമ്മുടെ നാട്ടില്‍ ചെറുതും വലുതുമായി 15ഓളം ചിട്ടിക്കമ്പനികള്‍ പ്രതിമാസം തകരുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിയുള്ളവരാരും ഒരു ചിട്ടിക്കമ്പനിയിലും വിശ്വസിച്ച് പണമിടില്ല. ഇതറിയാവുന്നതിനാലാണ് കമ്പനികള്‍ പ്രലോഭിപ്പിക്കുന്ന പരസ്യങ്ങളും കസ്റ്റമര്‍ കെയര്‍ ക്യാമ്പുകളും നടത്തി സാധാരണക്കാരില്‍നിന്ന് വന്‍തോതില്‍ പണംസമാഹരിക്കുന്നത്.
ചുരുക്കി പറഞ്ഞാല്‍ ദരിദ്രനായി ജനിക്കുന്നത് ആരുടെയും കുറ്റമല്ല. എന്നാല്‍ ദരിദ്രനാകാന്‍ നിന്നുകൊടുക്കുന്നത് നിങ്ങളുടെമാത്രം കുറ്റമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com