ഒരു ആഗോള പ്രഭാഷണ പരമ്പരയെന്ന വ്യാജേന ലോകം ചുറ്റിയതിനാല്‍ അവശനും അസന്മാര്‍ഗിയുമായാണ് പുഷ്പന്‍ തിരികെ വീടുപൂണ്ടത്.
ക്ഷീണം കൊണ്ട് വന്നപാടേ കുറ്റാന്വേഷകന്‍ തന്നെ സ്വയം എടുത്ത് കിടക്കയിലേക്ക് എറിയുകയായിരുന്നു. ആദ്യത്തെ ഏറ് ശരിയാകാഞ്ഞ് വാതില്‍ക്കല്‍പോയിനിന്ന് രണ്ടാമതും സ്വയം എറിഞ്ഞു പോലും!
കത്തിയമര്‍ന്ന പൂക്കുറ്റിയെന്ന ഉപമ തികയാഞ്ഞ് മകയിരം നക്ഷത്രം മണ്ണില്‍ വീണതോ എന്ന ഉല്‍പ്രേക്ഷ ചൊല്ലി പ്രേയസി പ്രിയതമന്റെ പുറത്തുതട്ടി ഉണര്‍ത്താന്‍ ശ്രമിച്ചു. അപ്പോഴേക്കും ജയ്പൂര്‍ ഖരാനയില്‍ പുമാന്‍ കൂര്‍ക്കം തുടങ്ങിക്കഴിഞ്ഞിരുന്നു.
'വേല മനസ്സില്‍ ഇരിക്കട്ടെ, നവദ്വാരങ്ങളില്‍ രണ്ടെണ്ണം അടച്ചാലും നീ ചാകാന്‍ പോകുന്നില്ല പുഷ്പാ'.
ഉരല്‍ മാര്‍ക്ക് പട്ടണം പൊടി ഇരുവിരലുകളില്‍ തിരുമ്മി അവള്‍ കുറ്റാന്വേഷകന്റെ മൂക്ക് അടച്ചു പിടിക്കവേ പുകയിലപൊടി സഹസ്രദള പത്മത്തില്‍ കയറി കുലംകുത്തി ആഞ്ഞുതുമ്മി.
'ഓാസ്ലോ!'
'ഓ, അപ്പോ നീ അവിടെയും പോയി. അങ്ങിനെ വഴിക്കുവാ!
'ഉവ്വെടീ, സ്വീഡിഷ് അക്കാദമിക്ക് മുകളിലൂടെ വിമാനം പറക്കുമ്പോള്‍ അവിടൊന്ന് ഇറങ്ങിയില്ലെങ്കില്‍ ആള്‍ക്കാരെന്തു പറയും? ഓസ്ലോ ആളിറങ്ങാനുണ്ടെന്നങ്ങ് വിളിച്ചുപറഞ്ഞു.'
'അതേതായാലും നന്നായി. പക്ഷേ, പത്രത്തിലൊന്നും കണ്ടില്ല. എന്തായാലും നീ വേദിയില്‍ കയറി ഒരു കവിളെങ്കിലും ഉരിയാടാഞ്ഞത് ശരിയായില്ല. എന്തായാലും ആഗ്നാന്‍ സൂചിക്കുവേണ്ടി ഇരുപത്തൊന്നു കൊല്ലം കാത്തുസൂക്ഷിച്ചുവെച്ചിരുന്ന നോബേല്‍ സമ്മാനം കൊടുക്കുന്ന വേദിയല്ലാരുന്നോടാ അത്?'
'ഉരിയാടിയില്ലെന്ന് ആരു പറഞ്ഞു?'
'കമ്മിറ്റി ചേരമാന്‍ തോം ജോണുമായി ഇത്തിരിനേരം ഒറ്റക്കിരിക്കാന്‍ സ്ഥലം നോക്കിയപ്പോഴേക്കും ചുറ്റിനും ആളുകൂടി. അവറ്റകളെ പിരിച്ചുവിടാന്‍ അറ്റകൈ പ്രയോഗിക്കേണ്ടിവന്നു.'
'എന്ന്ച്ചാല്‍ ചൈനയില്‍ ഇതേപോലെ നൊബേല്‍ കിട്ടിയിട്ടും വാങ്ങാന്‍ ഗതിയില്ലാതെ ജയിലില്‍കിടക്കുന്ന ലിസിയാ ബോയ്ക്കും ഈ ഗതിവരുമെന്ന് നീ ശപിച്ചോ ദുഷ്ടാ?'
'അതിന് വേറെ ആളെ നോക്കണം. ചൈനയെക്കുറിച്ച് മാത്രം നീ ഇനി ഒരക്ഷരം മിണ്ടരുത്.'
'പിന്നെ ആളെ പിരിച്ചുവിടാന്‍ നീ എന്തു ചെയ്തൂന്ന്? ആകാശത്തേക്ക് വെടിവെച്ചോ?'
'ഉച്ചത്തില്‍ ഒരു തമാശ കാച്ചി.'
'പോ മോനേ, നീ കാര്യഗൗരവത്തില്‍ തട്ടിവിട്ടത് കേട്ട് ശ്രോതാക്കള്‍ ചിരിച്ച പാടെ നീ തമാശ പാകമായെന്ന ഭാവത്തില്‍ അടുപ്പില്‍നിന്നിറക്കിവെച്ച് പാകത്തിന് ഉപ്പിട്ട് തണുപ്പിച്ചുകാണും.'
'തമാശയുടെ പാചകവിധി നിനക്കുമാത്രമേ അറിയൂന്നാ വിചാരം.'
'എന്നിട്ട്?'
പൊതുവികാരം മനസ്സിലാക്കി ആരുടെയും മുഖത്തുനോക്കാതെ ഞാന്‍ ആത്മഗതം ഉറക്കെത്തട്ടി.
'മ്യാന്മറിലെ ജുണ്ടാ സൂചിയെ വീട്ടുതടങ്കലില്‍നിന്നും മോചിപ്പിച്ചതിന് പിന്നാലെ ഭാരതവും ഇതാ ഒരു വനിതയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ പോകുന്നു. നോബേല്‍ സമ്മാനം മിച്ചമുണ്ടെങ്കില്‍ കൊടുക്കാന്‍ കരുതി വെച്ചാളീ.'
'കാലമാടാ! നീ അപ്പോള്‍ അത് ഓസ്ലോയില്‍ പ്രഖ്യാപിച്ചു കളഞ്ഞു?'
'അതേടീ, ഭായിയോം ബഹനോം, കഴിഞ്ഞ അഞ്ചുവര്‍ഷം റെയ്സിനാ ഹില്‍സിലെ കുടുസുവീട്ടില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന പ്രതിഭാ ഭായിജിയെ അടുത്തമാസം ഞാറ്റുവേല കഴിയുന്ന മുറക്ക് ഭാരതം മോചിപ്പിക്കുന്നതാണ്.'
'എന്നിട്ട് എന്തു സംഭവിച്ചു? കരഘോഷം കൊണ്ട് സ്വീഡിഷ് അക്കാദമി നിലം പൊത്തിയോ?'
'ഇല്ല, കരഘോഷം പൊട്ടിച്ചിരിയില്‍ മുങ്ങിത്താണു, പണ്ടാരടക്കാന്‍ പിന്നെ അത് മുങ്ങിത്തപ്പി എടുക്കാന്‍ മെനക്കെട്ടില്ല. ടൈറ്റാനിക് അവിടെ കിടപ്പുണ്ട്, ചിരിച്ച് കഴിയവേ എല്ലാരും കൂടി ഒറ്റ ചോദ്യം.'
'അതിന് ആയമ്മ ഏതെങ്കിലും ഒരു ദിവസം റെയ്സിന കുന്നുമ്മേലെ ആ വീട്ടില്‍ കുത്തിരുന്ന്ട്ടുവേണ്ടെ? കുഞ്ഞുകുട്ടി പരാതീനങ്ങളുമായിട്ട് ലോകസഞ്ചാരമാര്‍ന്നില്ലേ പണി?'
'എന്റെടീ പാന്റിന്റെ സിബ് ഇടാന്‍ മറന്നപോലെ ഞാനങ്ങ് നാണിച്ചുപോയി.'
'സാരല്ല. ചിരിച്ച് ചിരിച്ച് നിന്റെ കുടല് വായില്‍വന്നിട്ടും അരയിലെ വസ്ത്രം അവിടെ നിന്നല്ലോ. ബട്ടന്റെ മിടുക്ക്! അതിരിക്കട്ടെ, യാത്രാ ചെലവ് ഇനത്തില്‍ മൂപ്പത്തി പൊടിപൊടിച്ച കോടികള്‍ക്ക് നീ പൊടിപ്പും തൊങ്ങലും ചാര്‍ത്തിയോ?'
'ചാര്‍ത്തണംന്ന് ഉണ്ടാര്‍ന്നു. പക്ഷെ, അതിനുവേണ്ടി എഴുന്നേറ്റപ്പോഴേക്കും ബോധരഹിതനായി.'
'അതെങ്ങിനെ?'
സ്വീഡിഷ് അക്കാദമി ചെയര്‍മാന്റെ വക എണീറ്റ് നിന്നൊരു പ്രസംഗം.
'രത്നം ചുരുക്കിപ്പറഞ്ഞാല്‍ മതി.'
'സുഹൃത്തുക്കളെ, നമ്മള്‍ പാശ്ചാത്യര്‍ ഭാരതത്തെ കണ്ടു പഠിക്കുവിന്‍. നമ്മള്‍ അപ്പനമ്മമാര്‍ പ്രായമായി അവശരാകുമ്പോള്‍ അവരെ വൃദ്ധ സദനത്തില്‍ കൊണ്ട് തള്ളുന്നു. ഭാരതത്തിലേക്ക് നോക്കൂ. അവര്‍ രാഷ്ട്രീയക്കാരില്‍ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ രാഷ്ട്രപതി ഭവനിലേക്കാണ് അയക്കുന്നത്. ജയ് ഭാരത്.'
'പിന്നെ എന്താ ഉണ്ടായതെന്ന് എനിക്ക് ഓര്‍മ ഇല്ലേനും!'
നിങ്ങളുടെ അഭിപ്രായങ്ങള്‍