Mon, 06/18/2012 - 00:37 ( 48 weeks 13 hoursago)
ഒത്തുകളി ഒഴിവാക്കുകയെന്ന ഒരേയൊരു ലക്ഷ്യമായിരുന്നു, അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ ഒരേസമയംതന്നെ നടത്തണമെന്നത്. വേണമെങ്കില്‍ ഈ സാഹചര്യത്തിലും ഒത്തുകളിയും അതിനപ്പുറവും ആകാമെന്ന സ്ഥിതിയും വന്നിരിക്കുന്നു. പുതുപുത്തന്‍ സാങ്കേതിക വിദ്യകളിലൂടെ, അടുത്ത കളിക്കളത്തിലെ ഓരോ നീക്കവും അതേനേരത്ത്, കളിക്കളത്തിലെത്തിക്കാന്‍ മൊബൈല്‍ഫോണുകളും മറ്റു സംവിധാനങ്ങളും ഉപയോഗിക്കുന്നു. എന്നിട്ടും, ഒരേ സമയമെന്ന സംവിധാനം തുടരുകയും ചെയ്യുന്നു.
ഗ്രൂപ്പ് സിയില്‍ സ്പെയിനിനും ക്രൊയേഷ്യക്കും ഓരോ ജയവും സമനിലയുമായി നാല് പോയന്റുണ്ട്. പ്രബലരായ ഇറ്റലിക്ക് രണ്ട് സമനിലകളിലായി രണ്ടു പോയന്റും! ഇവിടെ മുന്നേറുന്ന രണ്ട് ടീമുകളുടെയും അവസാന മത്സരങ്ങളേ ആരാകും അടുത്ത റൗണ്ടില്‍ എത്തൂ എന്നു തീരുമാനിക്കൂ. ഇവിടെയാണ് കളി കണക്കിലേക്ക് നീങ്ങുന്നത്.
ഇന്നത്തെ മത്സരത്തില്‍ സ്പെയിന്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാല്‍ ഏഴു പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തും. സമനിലയാണെങ്കില്‍, ഇറ്റലി-അയര്‍ലന്‍ഡ് മത്സരം കണക്കിലെടുക്കേണ്ടിവരും. ഇറ്റലി ജയിച്ചാല്‍ അവര്‍ക്ക് അഞ്ചു പോയന്റാകും. ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരോ രണ്ടാംസ്ഥാനക്കാരോ ആകാം.
മറിച്ച് ക്രൊയേഷ്യ ജയിക്കുകയും ഇറ്റലി സമനിലയില്‍ എത്തുകയാണെങ്കിലും സ്ഥിതി മാറും. ഇറ്റലിയും സ്പെയിനും പോയന്റ് നിലയില്‍ തുല്യതയിലെത്തും. അപ്പോള്‍, ഗോള്‍ ശരാശരിയില്‍ മുന്നിലെത്തുന്നവര്‍ക്ക് അടുത്ത റൗണ്ടിലെത്താം.
ക്രൊയേഷ്യയെ നേരിടുന്ന സ്പെയിനിന്റെ സ്ഥിതിയാണ് കൂടുതല്‍ അവതാളത്തില്‍. ഏതുവമ്പനെയും ഏതുസമയത്തും അട്ടിമറിക്കാനുള്ള മികവും ധൈര്യവുമുള്ളവരാണ് ക്രൊയേഷ്യക്കാരെന്ന് രാജ്യത്തിന്റെ ആവിര്‍ഭാവം മുതല്‍ അവര്‍ തെളിയിച്ചതാണ്. പോരാത്തതിന് കഴിഞ്ഞ മത്സരത്തില്‍ ഇറ്റലിയെ വിറപ്പിച്ചുവിടുകയും ചെയ്തു.
മുന്നേറ്റനിരയിലെ ഒരുമയും അസാധാരണ ഗതിവേഗവുമാണ് ക്രൊയേഷ്യക്കാര്‍ക്ക് മുന്‍തൂക്കം നല്‍കുന്നത്. ടോപ് സ്കോററാകാന്‍ സാധ്യതയുള്ള മാറിയോ മാന്‍ഡൂസിക്കിച്ച്, ഇപ്പോഴേ മൂന്ന് ഗോളുമായി ഏറെ മുന്നിലുമാണ്. ഒപ്പം ഈവാന്‍ റാക്കീറ്റീച്ചും നായകന്‍ ലൂക്കാ മോഡ്റിച്ചുമുള്ളത് അവരുടെ കരുത്തും വീര്യവും വര്‍ധിപ്പിക്കുന്നു. ഇവരുടെ പ്രതിരോധ നിരയും അതിശക്തമാണ്. ഗോളി സ്പൈഷ്യ പ്ലാറ്റിക്കോസയും ഒപ്പം വേദ്റാന്‍ കോര്‍ലേക്കയും യോസിഷിസി മിന്നോവിച്ചും ഗോര്‍ഡന്‍ ഷീല്‍ഡന്‍ഫെല്‍ഡും ഡോ മാഗോ വീദയും. ഇവരൊക്കെ ജര്‍മന്‍ ബൂണ്ടസ്ലീഗയിലെ പ്രധാനതാരങ്ങളും കൂസലില്ലാതെ പ്രതിയോഗികളെ കൈകാര്യം ചെയ്യുന്നവരും.
അയര്‍ലന്‍ഡിനെ ഏകപക്ഷീയമായ നാലുഗോളിന് മുക്കി അസാധാരണമായ കെട്ടുറപ്പുമായി മുന്നേറുന്ന നിലവിലെ ജേതാക്കളുടെ മുഖമുദ്ര അവരുടെ 'ടോട്ടല്‍ ഫുട്ബാള്‍' ശൈലിതന്നെയാണ്. ഫെര്‍ണാണ്ടോ ടോറസും ദാവിദ് സില്‍വയും സെസ് ഫാബ്റിഗ്വസും ഗോളടിച്ചുകൂട്ടി മുന്നേറുമ്പോള്‍ ഗോളി ഐകര്‍ കസിയാനും പിന്‍നിരക്കാരായി സെര്‍ജിയോ റാമോസും റൗള്‍ ആല്‍ബിയോളും ജെറാര്‍ഡ് പിക്വേയും യോവാന്‍ കപ്ഡവിയ്യയും പ്രതിരോധനിരയുടെ കരുത്ത് വിളിച്ചറിയിക്കുന്നു.
സ്പാനിഷ് പ്രതിരോധ നിരയും മാന്‍ഡൂസിക്കിച്ചും കൗശലക്കാരനായ മോഡ്റിച്ചും തമ്മിലുള്ള മത്സരമാകുമോ അതോ ഫാബ്റിഗ്വസും ടോറസും സാവിയും അലോന്‍സോയും ഇനിയസ്റ്റയും കൂടി ക്രോട്ടുകളുടെ കഥകഴിക്കുമോയെന്നേ കണ്ടറിയാനുള്ളൂ. ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ അനായാസ വിജയമാണ്, നിലവിലെ ജേതാക്കള്‍ക്കായി പ്രവചിച്ചിട്ടുള്ളത്. സമനിലയാണെങ്കില്‍ രണ്ട് ടീമും മുന്നേറുമെന്നും അതിനായി കളിച്ചേക്കുമെന്നും പ്രചരിപ്പിക്കുന്നു. എന്നാല്‍, ഇരുകൂട്ടര്‍ക്കും വിജയംകൂടിയേ കഴിയൂ. സ്പെയിന്‍ പാരമ്പര്യമനുസരിച്ച് മുന്നേറും -അതാണ് നിയോഗവും.
ഇറ്റലിയുടെ സ്ഥിതി അങ്ങേയറ്റം ഉദ്വേഗജനകമാണെങ്കിലും ആശ്വാസത്തിന്റെ ബഹിസ്ഫുരണങ്ങള്‍ പിര്‍ലോയില്‍നിന്നും കൂട്ടരില്‍നിന്നും കാണുന്നു. കാരണം, ഇതുവരെയുള്ള പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ മത്സരപരമ്പരയിലെ ഏറ്റവും അശക്തരായ ടീമാണ് അയര്‍ലന്‍ഡിന്റേത്. ഇറ്റലി ത ഇറ്റാലിയാ എന്നാണ് ഇറ്റലിക്കാര്‍ ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്. കാരണം, ഒരുവശത്ത് സാക്ഷാല്‍ അസൂറിപ്പടയും മറുവശത്ത് ഇറ്റലിക്കാരനായ ഇതിഹാസ പരിശീലകന്‍ യോവാനെ ട്രപ്പറ്റോണിയും!
ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ മാറിയോ ബാലോടെല്ലിയും അന്റോണിയോ കസാനോയും കാഴ്ചവെച്ച ഒരുമ ആവര്‍ത്തിച്ചാല്‍ അയര്‍ലന്‍ഡ് കുഴങ്ങും.
ഐറിഷ് പ്രതിരോധം ദുര്‍ബലമാണ്. ഗോളി ഷേയ് ഗിവണ്‍ അസാധാരണ മികവുമായി വല കാക്കുന്നതൊഴിച്ചാല്‍ സ്റ്റീവന്‍ കെല്ലിയും റിച്ചാര്‍ഡ് ഡ്യൂണും ജോണ്‍ ഒഷിയായും സ്റ്റീവന്‍ വാര്‍ഡും കാക്കുന്ന പ്രതിരോധ നിര, പിര്‍ലോക്കും തിയാഗോ മോട്ടോക്കും ബാലോടെല്ലിക്കും കസാനോക്കും യഥേഷ്ടം കടന്നുകയാറാവുന്ന വിധമാകും.
സ്പെയിന്‍ അയര്‍ലന്‍ഡിന് സമ്മാനിച്ചത് നാലുഗോളാണ് . അതിലധികംഗോളുകളുമായി മത്സരം തങ്ങള്‍ക്കനുകൂലമാക്കിയാലേ കണക്കിന്റെ കളിയില്‍ ചെറിയ ഒരവസരമെങ്കിലും ഉണ്ടാകൂ എന്നറിയാവുന്നവരാണ് അസൂറപ്പട. അതുകൊണ്ട്, കുറഞ്ഞത് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് വിജയിച്ച് മത്സരം തങ്ങള്‍ക്കനുകൂലമാക്കാനാകും ബഫണും കൂട്ടരും ശ്രമിക്കുക. സ്പെയിനിനെതിരെ ഇതുവരെ ഒരു ഗോളേ കുടുങ്ങിയിട്ടുള്ളൂ. ഇറ്റലി രണ്ട് ഗോളുകളടിക്കുകയും രണ്ട് ഗോളുകള്‍ തിരിച്ചുവാങ്ങുകയും ചെയ്തിരിക്കുന്നു.
കണക്കിലെ കളിയെന്തായാലും ഇറ്റലിയും സ്പെയിനും ക്വാര്‍ട്ടറിലുണ്ടാകണം; അതാണ് ലോകം ആഗ്രഹിക്കുന്നതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍