മുംബൈ: കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിക്ക് പുറമേ മറ്റ് പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളും ആലേഖനം ചെയ്യുന്നത് റിസര്‍വ് ബാങ്കിന്റെ പരിഗണനയില്‍. ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടും. നോട്ടുകളില്‍ ആലേഖനം ചെയ്യാന്‍ പരിഗണിക്കപ്പെടുന്നവരില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍, ഛത്രപതി ശിവജി, ജവഹലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
1987ല്‍ 500 രൂപ നോട്ടിലാണ് ആദ്യമായി മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തത്. പിന്നീട്, 1996 മുതല്‍ എല്ലാ നോട്ടുകളിലും ഗാന്ധിയുടെ ചിത്രം അച്ചടിക്കാന്‍ തുടങ്ങി. ഗാന്ധിയുടെ ചിത്രത്തിന് മുമ്പ് അശോക സ്തംഭമായിരുന്നു കറന്‍സി നോട്ടുകളില്‍ അച്ചടിച്ചിരുന്നത്. ഗാന്ധിയുടെ ചിത്രം മുഴുവന്‍ നോട്ടുകളിലും അച്ചടിക്കാനുള്ള നിര്‍ദേശം 1993ലാണ് റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് മുന്നോട്ട് വെച്ചത്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. വൈവിധ്യങ്ങള്‍കൊണ്ട് സമ്പന്നമായ രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനംചെയ്യണമെന്ന ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് മറ്റ് പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളും നോട്ടുകളില്‍ അച്ചടിക്കുന്ന കാര്യം റിസര്‍വ് ബാങ്ക് ഇപ്പോള്‍ പരിഗണിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍