ടെക് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഗൂഗിള്‍ ടാബ്ലെറ്റ് ജൂണ്‍ അവസാനം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. തായ് ലെന്റില്‍ നടന്ന കമ്പ്യൂട്ടെക്സ് പ്രദര്‍ശനത്തിനിടെ ടാബ്ലെറ്റ് നിര്‍മാണത്തില്‍ ഗൂഗിളിന്റെ പങ്കാളികളായ അസ്യൂസ് കമ്പനി പ്രതിനിധിയെ ഉദ്ധരിച്ച് ആന്‍ഡ്രോയിഡ് അതോറിറ്റി വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം അവസാനം സാന്‍ഫ്രാസിസ്കോയില്‍ നടക്കുന്ന ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഗ്രസിലാകും ഇത് പുറത്തിറക്കുക.
നിലവില്‍ കടുത്ത മല്‍സരമേഖലയായ ഏഴിഞ്ച് ടാബ്ലെറ്റുമായാണ് ഗൂഗിളും അസൂസും എത്തുന്നത്. അസ്യൂസ് ട്രാന്‍സ്ഫോര്‍മര്‍ പ്രൈം ടാബ്ലെറ്റ് 600 എന്നിവക്ക് കരുത്ത് പകരുന്ന എന്‍വീഡിയയുടെ ക്വാഡ്കോര്‍ ടെഗ്രാ3 ആയിരിക്കും ഗൂഗിള്‍ ടാബ്ലെറ്റിന്റെയും പ്രൊസസര്‍. ആന്‍ഡ്രോയിഡ് 4.0 ഐസ്ക്രീം സാന്‍ഡ്വിച്ചോ പുറത്തിറങ്ങാനിരിക്കുന്ന ആന്‍ഡ്രോയിഡ് 5.0 ജെല്ലി ബീനോ ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. 1 ജി.ബിയാകും റാം. സ്ക്രീന്‍ റെസല്യൂഷന്‍ 1280* &768 ആയിരിക്കുമെന്നും ആന്‍ഡ്രോയിഡ് അതോറിറ്റി വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈയിടെ ഗൂഗിള്‍ ടാബ്ലെറ്റിന്റെ ചിത്രങ്ങള്‍ പുറത്തായിരുന്നു. ആപ്പിള്‍ ഐപാഡിന് ഒരുപരിധി വരെ വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന നെക്സസ് ടാബിന് 150 മുതല്‍ 250 ഡോളറിനിടയിലായിരിക്കും അഥവാ 12000ത്തിനും 17000ത്തിനുമിടയിലായിരിക്കും വില.
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 ടാബ്ലെറ്റും അധികം വൈകാതെ കടന്നുവരുന്നതോടെ ഈ രംഗത്തെ മല്‍സരം കടുക്കുമെന്നാണ് വിലയിരുത്തല്‍ .

നിങ്ങളുടെ അഭിപ്രായങ്ങള്‍