കോയമ്പത്തൂര്‍: അട്ടപ്പാടി ജലസേചന പദ്ധതി (എ.വി.ഐ.പി) നടപ്പാക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കത്തിനെതിരെ കോയമ്പത്തൂരില്‍ പ്രതിഷേധം.
പദ്ധതി നടപ്പാക്കുന്നതിനെതിരെ കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളിലെ കര്‍ഷക-രാഷ്ട്രീയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പെരിയാര്‍ ദ്രാവിഡ കഴകം ജനറല്‍ സെക്രട്ടറി കെ. രാമകൃഷ്ണന്‍ അറിയിച്ചു.
ശിരുവാണി പുഴക്ക് കുറുകെ ഡാം നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ ഞായറാഴ്ച രാവിലെ പത്തിന് മേട്ടുപാളയത്ത് ധര്‍ണ നടത്തുമെന്ന് എം.ഡി.എം.കെ ജില്ലാ സെക്രട്ടറി ഈശ്വരന്‍ പ്രസ്താവനയില്‍ അറിയിച്ചു.
പദ്ധതി നടപ്പാക്കുന്നപക്ഷം ഭവാനിപുഴയിലെ ജലമൊഴുക്ക് കുറയുമെന്നും തമിഴ്നാടിനെ ബാധിക്കുന്ന ഏതൊരു പദ്ധതിയും അംഗീകരിക്കാനാവില്ളെന്നും കോയമ്പത്തൂര്‍ കോര്‍പറേഷന്‍ കമീഷണര്‍ ടി.കെ. പൊന്നുച്ചാമി അഭിപ്രായപ്പെട്ടു.
എ.വി.ഐ.പി പുനരുജ്ജീവിപ്പിക്കുന്നത് മേഖലയിലെ പാരിസ്ഥിതിക സന്തുലനത്തെ ദോഷകരമായി ബാധിക്കുമെന്നും ഇത് ശിരുവാണി ഡാമിലേക്കുള്ള ജലസ്രോതസ്സുകളെ ബാധിക്കുമെന്നുമാണ് തമിഴ്നാട് ഗ്രീന്‍ മൂവ്മെന്‍റ് സംഘടന നേതാവ് എസ്. ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. ഡാം നിര്‍മിക്കുന്നതോടെ പ്രദേശം വിനോദസഞ്ചാര കേന്ദ്രമായി മാറും. ഭാവിയില്‍ ശിരുവാണി ഡാമില്‍നിന്ന് കോയമ്പത്തൂര്‍ ജില്ലയിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയേക്കുമെന്നും പരിസ്ഥിതിവാദികള്‍ ആശങ്കപ്പെടുന്നു.
ഡി.എം.കെ ഉള്‍പ്പെടെ രാഷ്ട്രീയ സംഘടനകളും ഡാം നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധ സമരപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്.
കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ അട്ടപ്പാടി സന്ദര്‍ശനത്തോടെയാണ് ഡാം നിര്‍മാണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായത്.
കേരള ജലസേചനമന്ത്രി പി.ജെ. ജോസഫിനും ഇക്കാര്യത്തില്‍ അനുകൂലനിലപാടാണ്. പദ്ധതി പുനരാരംഭിക്കുന്നതിനുള്ള ആലോചന കേരള സര്‍ക്കാറിന്‍െറ സജീവ പരിഗണനയിലുമാണ്.
അട്ടപ്പാടിയില്‍നിന്ന് ഒഴുകിയത്തെുന്ന ഭവാനി പുഴ മേട്ടുപ്പാളയത്തിലൂടെയാണ് പോകുന്നത്. ഭവാനിപുഴയില്‍നിന്ന് മേട്ടുപാളയം പമ്പിങ് സ്റ്റേഷനില്‍നിന്നാണ് അവിനാശി, തിരുപ്പൂര്‍ മേഖലക്കാവശ്യമായ കുടിവെള്ളം സംഭരിക്കുന്നത്. എ.വി.ഐ.പി പദ്ധതി നടപ്പാക്കുന്നപക്ഷം 2.5 ടി.എം.സി വെള്ളം ഭവാനിപുഴയില്‍ കുറയാനിടയുണ്ടെന്നും സംഘടനകള്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍