ഇന്ത്യന്‍ ജനാധിപത്യത്തില്‍ രാഷ്ട്രപതിക്ക് എന്താ പണി എന്നു ചോദിച്ചാല്‍ എളുപ്പം ഒരു ഉത്തരം കിട്ടാതെ കുഴങ്ങും. ഭരണഘടനയുടെ അമ്പത്തിമൂന്നാം അനുഛേദ പ്രകാരം രാഷ്ട്രപതിക്കുള്ള അധികാരങ്ങളെല്ലാം പ്രയോഗിക്കുന്നത് പ്രധാനമന്ത്രിയും അദ്ദേഹത്തിനു കീഴിലുള്ള മന്ത്രിസഭയുമാണ്. ഉള്ള അധികാരങ്ങളെല്ലാം ഔപചാരികം. ഏറെ സമയവും വെറുതെയിരിക്കാം. പ്രായമേറിയ നേതാക്കളെ എവിടെയെങ്കിലും കുടിയിരുത്തണമല്ലോ. അതിനു പാര്‍ട്ടികള്‍ കാണുന്ന വഴിയാണ്, ഗവര്‍ണര്‍, രാഷ്ട്രപതി സ്ഥാനങ്ങളൊക്കെ. ഒരു റബര്‍സ്റ്റാമ്പായി വെറുതെയിരുന്നാല്‍ കുഴപ്പമില്ല. കര്‍മനിരതരായാല്‍ ചിലപ്പോള്‍ വിവാദങ്ങളില്‍ ചെന്നുപെടും. പ്രതിഭാസമ്പന്നയായിരുന്നു ആദ്യത്തെ വനിതാ രാഷ്ട്രപതി. സഞ്ചാര പ്രിയ. വെറുതെയിരുന്നിട്ടില്ല. കര്‍മനിരതയായിരുന്നു എപ്പോഴും. 22 രാജ്യങ്ങളിലെ കാഴ്ചകള്‍ കാണാന്‍ 12 വിദേശയാത്ര നടത്തി. ഖജനാവില്‍നിന്ന് 205 കോടി അങ്ങനെ പോയിക്കിട്ടി. പണമടിച്ച് റിസര്‍വ് ബാങ്ക് നേരെയിട്ടുകൊടുക്കുന്നതല്ല. പൊതുജനങ്ങളുടെ നികുതിപ്പണമാണ്. അതു മുടിക്കാനും പറ്റും ഈ കസേര. പദവിയുടെ സാധ്യതകളറിഞ്ഞ പ്രതിഭാശാലിയായ പ്രതിഭാ പാട്ടീലിന്റെ പിന്മുറക്കാരനാവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പ്രണബ് കുമാര്‍ മുഖര്‍ജി. ദിവസവും പതിനെട്ടു മണിക്കൂര്‍ ജോലിചെയ്തു ശീലമുള്ള ഒരാള്‍ക്ക് രാഷ്ട്രപതി ഭവനില്‍ ചെന്നാല്‍ എന്താണ് ചെയ്യാനുണ്ടാവുക എന്ന് അദ്ദേഹം ആലോചിച്ചിട്ടുണ്ടാവുമോ ആവോ!
കഠിനാധ്വാനിയാണ്. ദിവസം മുഴുവന്‍ നോര്‍ത്ത് ബ്ലോക് ഓഫിസിലെ മന്ത്രിപ്പണി. രാഷ്ട്രീയ യോഗങ്ങള്‍ കൂടുന്നത് സ്വവസതിയില്‍. അത് രാത്രി പത്തുമണിക്ക് തുടങ്ങും. അവസാനിക്കുന്നത് ഒരുമണിക്ക്. അപ്പോള്‍ ലോകം ഉറങ്ങുകയായിരിക്കും. അവധി എടുക്കുന്ന ശീലമില്ല. കൊല്ലത്തിലൊരിക്കല്‍ ദുര്‍ഗാപൂജക്ക് ജന്മനാട്ടില്‍ പോവും. അവിടെ മൂന്നു ദിവസം ആത്മീയജീവിതം. അല്ലാത്ത മുഴുവന്‍ സമയവും ഇന്ദ്രപ്രസ്ഥത്തിന്റെ ഭരണസിരാകേന്ദ്രങ്ങളില്‍തന്നെ വാസം. ഭരണകക്ഷിയുടെ നോമിനിയായതിനാല്‍ റെയ്സിനാ ഹില്‍സിലേക്കു കയറാന്‍ ആയാസപ്പെടേണ്ടി വരില്ല. ബ്രിട്ടീഷുകാരുടെ കാലത്തു പണിത 340 മുറികളുള്ള രാഷ്ട്രപതിഭവനിലേക്ക് അടിവെച്ചുകയറാം. മന്‍മോഹന്‍ മന്ത്രിസഭയിലെ രണ്ടാമന് രാജ്യത്തെ ഒന്നാമനാവാം. ലോക്സഭാ നേതാവിനെയും ധനമന്ത്രിയെയും പാര്‍ട്ടിക്ക് ഇനി വേറെ കണ്ടെത്തേണ്ടി വരും. യു.പി. എയുടെ ട്രബിള്‍ഷൂട്ടര്‍ ആയിരുന്നു. എന്തു പ്രശ്നം വന്നാലും പരിഹരിക്കാനുള്ള സൂത്രങ്ങള്‍ കൈവശമുണ്ട്. മുന്നണി പ്രതിസന്ധിയില്‍പെട്ടപ്പോഴൊക്കെ പരിഹാരവുമായി വന്ന ആളാണ്. അണ്ണാ ഹസാരെയുടെ ശല്യം തീര്‍ക്കാന്‍ മുന്‍പന്തിയില്‍നിന്നു. ലോക്പാല്‍ ബില്‍ തയാറാക്കാനുള്ള സംയുക്തസമിതിയുടെ തലവനായി. ബില്‍ പാസായില്ലെങ്കിലും സര്‍ക്കാറിന്റെ പ്രതിച്ഛായക്കു കളങ്കമേല്‍ക്കാതെ നോക്കി. മിസ്റ്റര്‍ ഡിപന്‍ഡബിള്‍, സൊല്യൂഷന്‍സ് മാന്‍ എന്നീ വിശേഷണങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ചാര്‍ത്തിക്കൊടുത്തതാണ്. എന്തു പ്രശ്നം വരുമ്പോഴും ആശ്രയിക്കാവുന്ന ഒരാള്‍. എന്തിനും പരിഹാരമാര്‍ഗം കാണുന്ന ഒരാള്‍.
സഞ്ചരിക്കുന്ന എന്‍സൈകേ്ളാപീഡിയ എന്ന് ചിലര്‍ വിളിക്കാറുണ്ട്. അസാമാന്യമായ വിജ്ഞാനശേഖരമാണ് മനസ്സ്. ഭരണഘടനാ വിദഗ്ധനാണ്. അതിലെ ഓരോ വാക്കും വരിയും മനഃപാഠം. ബ്യൂറോക്രാറ്റുകള്‍ക്ക് കുരങ്ങുകളിപ്പിക്കാനാവില്ല. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള 33 മന്ത്രിതല സമിതികളെ നയിച്ചിട്ടുള്ളതിനാല്‍ ജി.ഒ.എം മുഖര്‍ജി എന്നുമുണ്ട് ഒരു വിളിപ്പേര്. ഗ്രൂപ് ഓഫ് മിനിസ്റ്റേഴ്സ് മുഖര്‍ജി എന്ന് പൂര്‍ണരൂപം. ഇപ്പോള്‍ 77 വയസ്സ്. കഴിഞ്ഞ മൂന്നു ദശകങ്ങളിലായി വിദേശം, ധനകാര്യം, പ്രതിരോധം എന്നീ മുഖ്യവകുപ്പുകളുടെ ചുമതലവഹിച്ച് അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധേയമായ വ്യക്തിത്വം. മുമ്പ് ചുണ്ടത്ത് ഇടക്കിടെ കാണുമായിരുന്നു എരിയുന്ന ഒരു പൈപ്പ്. ഇപ്പോള്‍ പുകവലി നിര്‍ത്തി. പുകവലി നിര്‍ത്താന്‍ ഇടക്കിടെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ധനമന്ത്രിയുടെ അധികാരമുപയോഗിച്ച് പുകയിലയുടെ എക്സൈസ് തീരുവ കൂട്ടുകയും ചെയ്തിരുന്നു.
ഇന്ദ്രപ്രസ്ഥത്തിലെ രാജപാതയിലേക്ക് വന്നിട്ടിപ്പോള്‍ അഞ്ചുപതിറ്റാണ്ട്. ഇന്ദിരായുഗത്തില്‍തന്നെ രണ്ടാമനായി വളര്‍ന്നിരുന്നു. തന്ത്രങ്ങള്‍ നന്നായി അറിയുന്ന ചാണക്യന് അധികാര വരാന്തകളില്‍ എപ്പോഴുമുണ്ടാകും ഒരിടം. പ്രധാനമന്ത്രിപദത്തില്‍ എന്നെങ്കിലും അവരോധിക്കപ്പെടും എന്നു വിശ്വസിച്ചവര്‍ ഏറെയുണ്ടായിരുന്നു അന്നും ഇന്നും. നേരെ ചൊവ്വേ ഹിന്ദി പറയാന്‍ പഠിക്കാത്തത് ആ പദവിയിലേക്കുള്ള വിലങ്ങു തടികളിലൊന്നായി. പിന്‍സീറ്റിലിരുന്ന് ഡ്രൈവു ചെയ്യുന്നതായിരുന്നു ഹോബി. അങ്ങനെ ഇന്ദിരായുഗത്തിലെ രണ്ടാമന്‍ സോണിയാ യുഗത്തിലും രണ്ടാമനായി. മന്‍മോഹന്‍ സിങ്ങിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഒരു കാലത്ത് നിയമിച്ചിരുന്നയാളാണ്. അദ്ദേഹത്തിനു കീഴില്‍ മന്ത്രിസഭയിലിരിക്കാനായി പിന്നീടുള്ള യോഗം.
അപാരമായ ജനസമ്മതി കാരണം രാജ്യസഭയിലൂടെയായിരുന്നു പാര്‍ലമെന്റിലെത്തുക. ബാലറ്റ് യുദ്ധത്തില്‍ എന്നും പരാജയമായിരുന്നു വിധി. ഒരിക്കലും ലോക്സഭ കാണാത്ത ദേശീയ നേതാവ് എന്ന ബഹുമതി ചാര്‍ത്തിക്കിട്ടിയിരുന്നു കുറേക്കാലം. 2004ലാണ് ആദ്യമായി ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യസഭയിലൂടെയാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ മുന്‍നിരത്താരമായത്. ഏറ്റവുമധികം കാലം രാജ്യസഭയെ സേവിച്ചതിന്റെ റെക്കോര്‍ഡ് അങ്ങനെ കിട്ടിയതാണ്. നൂറു രാജ്യസഭാ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
1935 ഡിസംബര്‍ പതിനൊന്നിന് പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ മിറാത്തി ഗ്രാമത്തില്‍ സ്വാതന്ത്രൃസമര സേനാനിയും എ.ഐ.സി.സി അംഗവുമായ കമദ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായി ജനിച്ചു. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും നിയമത്തിലും ബിരുദാനന്തര ബിരുദം. അധ്യാപകനും അഭിഭാഷകനും പത്രപ്രവര്‍ത്തകനുമായി. അറുപതുകളുടെ രണ്ടാംപാദത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഉദിച്ചുയരുന്ന താരമായി. അറുപതുകളുടെ ഒടുവില്‍ ഇന്ദിരയുടെ വിശ്വസ്തനായി അറിയപ്പെട്ടു തുടങ്ങി. ഇന്ദിരയുടെ മരണത്തിനു ശേഷം പാര്‍ട്ടിയില്‍ അധികാരവടംവലി ശക്തമായപ്പോള്‍ പിന്തള്ളപ്പെട്ടു. രാജീവുമായി തുറന്ന യുദ്ധത്തിനു നേതൃത്വം നല്‍കിയ കാലത്ത് സ്വന്തം പാര്‍ട്ടിക്ക് അടിത്തറയിടാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. കമലാപതി ത്രിപാഠി എന്ന അപരനാമത്തില്‍ കോണ്‍ഗ്രസിനെതിരെ കത്തെഴുതിയതും ഇലസ്ട്രേറ്റഡ് വീക്കിലിക്ക് ചൂടേറിയ അഭിമുഖം കൊടുത്തതും പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കുള്ള വഴിയായി. ആറു വര്‍ഷത്തേക്കു പുറത്താക്കിയ പ്രണബിനെ വര്‍ഷത്തിനു ശേഷം രാജീവുതന്നെ തിരിച്ചെടുത്തു. പ്രതിസന്ധി നിവാരണം ചെയ്യാനുള്ള സവിശേഷ ബുദ്ധി ഉപയോഗപ്പെടുത്താനായിരുന്നു ഈ നീക്കം. 1969ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നാലു തവണ തുടര്‍ച്ചയായി രാജ്യസഭയില്‍. 1978ല്‍ പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗമായി. പിന്നെ എ.ഐ.സി.സി ഖജാന്‍ജി. ഇരുപതു വര്‍ഷത്തോളം പശ്ചിമ ബംഗാള്‍ പി.സി.സി അധ്യക്ഷന്‍. 1973ല്‍ റവന്യൂ മന്ത്രിയായാണ് മന്തിസഭയില്‍ അരങ്ങേറ്റം. ആദ്യം ധനമന്ത്രിയായത് 1982ല്‍. ന്യൂയോര്‍ക്കില്‍നിന്നു പ്രസിദ്ധീകരിക്കുന്ന യൂറോ മണി എന്ന മാഗസിന്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ധനമന്ത്രിമാരില്‍ ഒരാളായി 1984ല്‍ തെരഞ്ഞെടുത്തു. ഒരു ലക്ഷം പാര്‍ട്ടി അണികളെ പരിശീലിപ്പിക്കാനായി രൂപവത്കരിച്ച നാഷനല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായിരുന്നു. ഇടക്കാലത്ത് പാര്‍ട്ടിയോട് പിണങ്ങിനിന്ന പ്രണബിനെ നരസിംഹറാവു ആസൂത്രണ കമീഷന്‍ വൈസ് ചെയര്‍മാനാക്കി തിരികെ കൊണ്ടുവന്നു. യു.പി.എ സര്‍ക്കാറിലും കോണ്‍ഗ്രസിലും എത്ര ഉന്നതാധികാര സമിതികള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹത്തിനുപോലും ഓര്‍മയുണ്ടാവില്ല. കടുപ്പമുള്ള എല്ലാ പ്രശ്നത്തിനും ഒരു സമിതിയുണ്ടാക്കും. തലപ്പത്ത് പ്രണബിനെ പ്രതിഷ്ഠിക്കും. അതായിരുന്നു പതിവ്.
വായനയാണ് ഹോബി. രബീന്ദ്രസംഗീതത്തിന്റെ ആരാധകനാണ്. രബീന്ദ്ര സംഗീതവേദികളിലെ സജീവസാന്നിധ്യമായ സര്‍വ മുഖര്‍ജിയാണ് ഭാര്യ. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. മൂത്ത മകന്‍ അഭിജിത്ത് മുഖര്‍ജി പിതാവിന്റെ കാലടികള്‍ പിന്തുര്‍ന്നുകൊണ്ട് രാഷ്ട്രീയത്തില്‍. ഇപ്പോള്‍ പശ്ചിമ ബംഗാള്‍ നിയമസഭാംഗമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍