12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

പ്രണബിനെ മമത സഹായിച്ച വിധം

ദല്‍ഹി ഡയറി

എന്തൊക്കെ പറഞ്ഞാലും പ്രണബ് മുഖര്‍ജിയെ സഹായിച്ചത് മമത ബാനര്‍ജിയാണ്. മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ അഭിമാനപ്രശ്നമാക്കി പൊടുന്നനെ മാറ്റിയെടുത്തത് മമതയാണ്. മുഖര്‍ജിയെ പ്രഥമപൗരനാക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഏകമനസ്സായിരുന്നില്ല. പൂര്‍ണമനസ്സില്ലാതെ നേതൃത്വം തീരുമാനം നീട്ടിക്കൊണ്ടു പോയപ്പോഴാണ് അവ്യക്തതയുടെ പുകമഞ്ഞിന് കനംകൂടിയത്. ഇതിനിടയില്‍, സ്വന്തം പാര്‍ട്ടിക്കാര്‍ ഒപ്പമില്ളെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ പി.എ. സാങ്മ രംഗത്തുവന്നതടക്കം സ്ഥാനാര്‍ഥി പട്ടികക്ക് നീളംവെച്ചു. അതെല്ലാം ഒറ്റയടിക്ക് അപ്രസക്തമാക്കാന്‍ മമതയുടെ ദല്‍ഹി യാത്രയാണ് സഹായിച്ചത്. എടുത്തുചാട്ടത്തിലൂടെ മമത ഒറ്റപ്പെടുകയും, വൈകിയെങ്കിലും കോണ്‍ഗ്രസ് നട്ടെല്ലു കാണിക്കുകയുംചെയ്ത രാഷ്ട്രീയ നീക്കമായി യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയം മാറിയത് അങ്ങനെയാണ്. അതുകൊണ്ട്, മമത തനിക്ക് പെങ്ങളെപ്പോലെയാണെന്ന് പറയാതിരിക്കാന്‍ മുഖര്‍ജിക്ക് വയ്യ.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍െറ തീയതി തെരഞ്ഞെടുപ്പു കമീഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും കോണ്‍ഗ്രസ് നേതൃത്വം ഒന്നും ഉറപ്പിച്ചു പറഞ്ഞിരുന്നില്ല. കൊല്‍ക്കത്തയില്‍നിന്ന് മമത 10 ജനപഥിലേക്ക് കയറിച്ചെന്നപ്പോഴാണ് സോണിയ ഗാന്ധി ഒന്നല്ല, രണ്ടു പേരുകള്‍ മുന്നോട്ടുവെച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗമൊക്കെ നടന്നുകഴിഞ്ഞിരുന്ന അപ്പോഴും മുഖര്‍ജി മാത്രമായിരുന്നില്ല കോണ്‍ഗ്രസിന്‍െറ ചോയ്സ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ചലനങ്ങള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് അറിയാത്തതല്ല. മുഖര്‍ജി സ്ഥാനാര്‍ഥിയാകുന്നതിനോട് ഭരണ-പ്രതിപക്ഷ ഭേദമന്യേ വിവിധ പാര്‍ട്ടികള്‍ക്ക് താല്‍പര്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് മാസങ്ങള്‍ക്കു മുമ്പേ തിരിച്ചറിഞ്ഞതാണ്. പ്രണബ് മുഖര്‍ജിയുടെ അവസാന ബജറ്റാണ് ഇക്കുറി അവതരിപ്പിക്കപ്പെട്ടതെന്ന് പാര്‍ലമെന്‍റ് ചര്‍ച്ചകളില്‍ ബി.ജെ.പി നേതാക്കള്‍ പറഞ്ഞപ്പോള്‍ ഊറിച്ചിരിക്കാന്‍ മുഖര്‍ജിയും മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധി തന്നെയും ഉണ്ടായിരുന്നു. പക്ഷേ, മമതയെ കണ്ടപ്പോള്‍ പ്രണബിനെ, അല്ളെങ്കില്‍ ഹാമിദ് അന്‍സാരിയെ സ്ഥാനാര്‍ഥിയാക്കാമെന്നാണ് സോണിയ പറഞ്ഞത്.
പ്രണബ് അഞ്ചു പതിറ്റാണ്ടായി കോണ്‍ഗ്രസ് നേതാവാണ്. ഹാമിദ് അന്‍സാരി ഒരിക്കലും കോണ്‍ഗ്രസുകാരനായിരുന്നിട്ടില്ല. അദ്ദേഹത്തെ രാഷ്ട്രീയ ലോകം പൊതുവെ അടുത്തറിഞ്ഞിട്ട് അഞ്ചു കൊല്ലം മാത്രം. അത് അന്‍സാരിക്ക് യോഗ്യതയില്ലാത്തതുകൊണ്ടല്ല. യോഗ്യതയുള്ളവരെയെല്ലാം അര്‍ഹമായ സ്ഥാനങ്ങളില്‍ എത്തിക്കുന്ന ഏര്‍പ്പാടല്ല രാഷ്ട്രീയം. ന്യൂനപക്ഷ പരിഗണനയും ഇടതുതാല്‍പര്യങ്ങളുമാണ് 2007ല്‍ ഉപരാഷ്ട്രപതിയാകാന്‍ അന്‍സാരിക്ക് ഗുണകരമായത്. രാഷ്ട്രപതി സ്ഥാനത്തേക്ക് അന്തിമഘട്ടംവരെ പരിഗണിക്കപ്പെടാന്‍ തക്കവിധമൊരു വളര്‍ച്ചയാണ് അഞ്ചുകൊല്ലം കൊണ്ട് ഹാമിദ് അന്‍സാരി നേടിയത്. അതില്‍ അദ്ദേഹത്തിന് തികച്ചും അഭിമാനിക്കാം. പ്രണബ് രാഷ്ട്രപതിയും ഹാമിദ് അന്‍സാരി ഇനിയുമൊരു അഞ്ചുകൊല്ലം കൂടി ഉപരാഷ്ട്രപതിയുമായിത്തീരാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നുകൂടി ഇക്കൂട്ടത്തില്‍ പറയേണ്ടതുണ്ട്. സാമുദായിക പ്രാതിനിധ്യത്തിന്‍െറയും വ്യക്തിഗുണത്തിന്‍െറയും സംയുക്തഫലമാണത്. സാഹചര്യങ്ങളുടെ തള്ളിക്കയറ്റത്തിനിടയില്‍ ഉപരാഷ്ട്രപതിമാര്‍ക്ക് രണ്ടാമൂഴം നല്‍കുന്നത് പതിവില്ലാത്തതാണ്.
പ്രണബിന്‍െറയും അന്‍സാരിയുടെയും പേരുകള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മുന്നോട്ടുവെക്കുമ്പോള്‍, പ്രണബിന് ആ പദവി നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആത്മാര്‍ഥമായി ഉദ്ദേശിച്ചിരുന്നോ എന്ന ചോദ്യം ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ സജീവചര്‍ച്ചയാണ്. മമത തള്ളിപ്പറയുന്നതുവരെ, പ്രണബിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാട് പാര്‍ട്ടിയില്‍ ആരും പുറത്തു പറഞ്ഞിരുന്നില്ല. അത് നേതൃത്വത്തിന്‍െറ മനോഗതിയുടെകൂടി പ്രതിഫലനമാണ്. പ്രണബ് അങ്ങേയറ്റം പ്രതീക്ഷിച്ചിരുന്നുമില്ല. കാരണങ്ങള്‍ എല്ലാവര്‍ക്കും പരിചിതമായതുതന്നെ. അറിവിന്‍െറയും തന്ത്രത്തിന്‍െറയും തലക്കനമുള്ള പ്രണബ് മുമ്പും ഇപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ പൂര്‍ണവിശ്വസ്തനല്ല. എന്നും രണ്ടാമന്‍. അത്തരമൊരാളെ പ്രഥമപൗരനാക്കുന്നതിനോടു പൊരുത്തപ്പെടാത്തവര്‍ പാര്‍ട്ടിയില്‍ പലരാണ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകേണ്ട അടുത്ത തെരഞ്ഞെടുപ്പില്‍ പ്രണബിന്‍െറ തന്ത്രജ്ഞത ഉപയോഗപ്പെടുത്തണമെന്നും നേതൃത്വം ആഗ്രഹിച്ചു. സ്വന്തം പാര്‍ട്ടിയില്‍നിന്ന് കിട്ടിയ പിന്തുണയേക്കാള്‍ കവിഞ്ഞ സ്വീകാര്യത പ്രണബിന്‍െറ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഒഴുകിയത്തെിയത് ശ്രദ്ധേയമാണ്.
പ്രണബിനെ സ്ഥാനാര്‍ഥിയാക്കാന്‍ മമത താല്‍പര്യപ്പെടുന്നില്ളെന്ന സൂചന നേരത്തെയുണ്ടായിരുന്നു. അത് പശ്ചിമ ബംഗാളിലെ സാഹചര്യങ്ങള്‍ കൊണ്ടാണ്. തൃണമൂല്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയൊരു കോണ്‍ഗ്രസും പ്രഥമപൗരനുമൊന്നും തല്‍ക്കാലം പശ്ചിമ ബംഗാളില്‍ വേണ്ടെന്ന് മമത ചിന്തിക്കുന്നതില്‍ സങ്കുചിതമെങ്കിലും പ്രായോഗികമായൊരു രാഷ്ട്രീയം ഇല്ലാതില്ല. ബംഗാളില്‍ കോണ്‍ഗ്രസിന് വളരാന്‍ നിലമൊരുക്കിക്കൊടുക്കാനല്ല മമത തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയത്. അങ്ങനെയെങ്കില്‍, രണ്ടുപേരുകള്‍ മുന്നോട്ടുവെക്കുമ്പോള്‍ മുഖര്‍ജിയല്ലാത്ത രണ്ടാമത്തെ പേര് സ്വീകരിക്കാമെന്ന് മമത പറയുമെന്ന് പല സാഹചര്യങ്ങള്‍കൊണ്ടും കോണ്‍ഗ്രസ് കണക്കുകൂട്ടി. അവിടെ തെറ്റി. രണ്ടു പേരുകളും അംഗീകരിക്കാതെ മുലായവുമായി ചേര്‍ന്ന് മറ്റു മൂന്നുപേരുകള്‍ മമത പുറത്തെടുത്തിട്ടതിനെ തുടര്‍ന്ന പരക്കംപാച്ചിലുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.
ബദ്ധവൈരികളായ ഇടതിന്‍െറ പിന്തുണയോടെ ഉപരാഷ്ട്രപതി സ്ഥാനത്ത് എത്തിയ ഒരാളെന്ന പോരായ്മയൊഴികെ ഹാമിദ് അന്‍സാരിയെ തള്ളിപ്പറയേണ്ട കാരണങ്ങള്‍ മമതക്കു മുന്നിലില്ല. കോണ്‍ഗ്രസ് ഹൈകമാന്‍ഡ് മുന്നോട്ടുവെച്ച രണ്ടു പേരുകള്‍ തള്ളി മറ്റു പേരുകള്‍ നിര്‍ദേശിച്ചതിലൂടെ മമത നാണം കെടുത്താന്‍ ശ്രമിച്ചത് സോണിയയെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും പ്രണബ് മുഖര്‍ജിയത്തെന്നെയുമാണ്. പ്രധാനമന്ത്രിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാമെന്ന നിര്‍ദേശം, ഭരണത്തിനെതിരായ വിധിയെഴുത്താണെന്ന് പ്രത്യക്ഷത്തില്‍ കാണാം. ഇടക്കാല തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ദാഹമാണെന്ന് പരോക്ഷമായും കാണാം. ഏറ്റവും നേരത്തെ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ജനസമ്മതി കുറയുന്നതിനുമുമ്പ് പശ്ചിമ ബംഗാളില്‍നിന്ന് പരമാവധി തൃണമൂല്‍ എം.പിമാരെ ലോക്സഭയില്‍ എത്തിച്ച് വിലപേശല്‍ ശക്തികൂട്ടി ദേശീയ രാഷ്ട്രീയത്തില്‍ കരുത്തു വര്‍ധിപ്പിക്കാം. അതല്ലാതെ കോണ്‍ഗ്രസിനെ നിത്യവും താങ്ങി സ്വന്തംശക്തി വളര്‍ത്താന്‍ മമത തീരുമാനിച്ചിട്ടില്ല. പെട്രോള്‍ വില വര്‍ധനക്കെതിരായ രോഷപ്രകടനത്തിലും ബംഗാളിന് സാമ്പത്തിക പാക്കേജ് വൈകുന്നതിലെ പ്രതിഷേധത്തിലുമെല്ലാം ഇതിനകം തിരിച്ചറിയപ്പെട്ട ഈ രാഷ്ട്രീയം തെളിഞ്ഞുകിടക്കുന്നു.
ചതിച്ചത് മുലായം സിങ്ങാണ്. ബംഗാളില്‍ മമതക്ക് കോണ്‍ഗ്രസിനോടുള്ള വികാരത്തിന് സമമാണ് യു.പിയില്‍ മുലായമിന് കോണ്‍ഗ്രസിനോട് ഉണ്ടാകേണ്ട വികാരം. ഏറ്റവും നേരത്തെ ഇടക്കാല തെരഞ്ഞെടുപ്പുനടന്നാല്‍ ഏറ്റവും കൂടുതല്‍ പേരെ സമാജ്വാദി പാര്‍ട്ടിക്ക് ജയിപ്പിക്കുകയുമാവാം. മമത ഇറങ്ങിപ്പോയാല്‍ മുലായമിനെ മാടിവിളിച്ച് യു.പി.എ സര്‍ക്കാറിനെ നിലനിര്‍ത്താനും വീണ്ടും അധികാരത്തിലേറാനുമാണ് കോണ്‍ഗ്രസിന്‍െറ രഹസ്യമല്ലാത്ത ഭാവിപദ്ധതി. ആ മുലായമിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ വിയര്‍പ്പിക്കാനുള്ള മമതയുടെ ആദ്യചുവട് വിജയിച്ചു. മമത-മുലായം മൂന്നംഗ പട്ടികയിലെ എ.പി.ജെ. അബ്ദുല്‍ കലാം സ്ഥാനാര്‍ഥിയാവുമെന്ന നിലവന്നു. കോണ്‍ഗ്രസ് അധ്യക്ഷ മുന്നോട്ടുവെച്ച പേരുകള്‍ വെട്ടിപ്പോവുകയും മമതയുടെ താല്‍പര്യങ്ങള്‍ക്കൊത്ത് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുകയും ചെയ്യുന്നൊരു സ്ഥിതി മറികടക്കേണ്ടത്് കോണ്‍ഗ്രസിന് അങ്ങേയറ്റത്തെ അഭിമാനപ്രശ്നമായി മാറി. ഇതോടെ, പ്രണബിന് പിന്തുണ ഉറപ്പിക്കാന്‍ നട്ടപ്പാതിരക്കും നേതൃനിര പാഞ്ഞു.
സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ്ങിനെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ടിറങ്ങി. മൂന്നു ബദല്‍ സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ച ദിവസവും പിറ്റേന്നുമായി രണ്ടുവട്ടം മുലായമിനെ സോണിയ കണ്ടു. ഇതോടെ മുലായം കളംമാറ്റി ചവിട്ടി. ആണവകരാറിനെ ചൊല്ലിയുള്ള വിശ്വാസവോട്ടെടുപ്പിന്‍െറ നേരത്ത് ഇടത് പാര്‍ട്ടികളെ തള്ളിവിട്ട അതേ സ്ഥിതിയിലേക്കാണ് മലക്കം മറിഞ്ഞ മുലായം മമതയെ എടുത്തെറിഞ്ഞത്. ഫലം നല്ലതോ ചീത്തയോ ആകട്ടെ -രാഷ്ട്രീയത്തില്‍ മുലായമിന്‍െറ വിശ്വാസ്യത വീണ്ടുമൊരിക്കല്‍ക്കൂടി സംശയിക്കപ്പെടുകയാണ്. ഒപ്പം നിന്നിട്ടൊടുവില്‍ മമതയെ ഒറ്റപ്പെടുത്താന്‍ മുലായം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിന് കാരണങ്ങള്‍ പലതുണ്ട്: മമതയിലല്ല, കോണ്‍ഗ്രസിലാണ് തന്‍െറ ഭാവിയെന്നും മുലായം തിരിച്ചറിയുന്നു. കേന്ദ്രസര്‍ക്കാറിന്‍െറ നിയന്ത്രണത്തിലുള്ള സി.ബി.ഐ മുമ്പാകെ കേസുകള്‍ പലതുണ്ട്. പ്രണബ് മുഖര്‍ജിയെ പിന്താങ്ങാന്‍ രാഷ്ട്രീയശത്രുവായ മായാവതി മുന്നിട്ടിറങ്ങുമെന്നും മുലായം മുന്‍കൂട്ടി കണ്ടു. അടുത്ത രാഷ്ട്രപതി നല്ളൊരു രാഷ്ട്രീയക്കാരനാകണമെന്നും പ്രണബ് മുഖര്‍ജി സ്ഥാനാര്‍ഥിയാകുന്നതിനോടു യോജിക്കുന്നുവെന്നും ആഴ്ചകള്‍ക്കു മുമ്പേ പറഞ്ഞയാളുമാണ് മുലായം. മമതയുടെ സമ്മര്‍ദത്തിനിടയില്‍ ഞെക്കിപ്പഴുപ്പിച്ച അഭിപ്രായങ്ങള്‍ പറഞ്ഞുപോയെന്നു മാത്രം. ഏതായാലും ഒറ്റപ്പെട്ടുപോയ മമതക്ക് മുന്നില്‍ മുലായം ഇപ്പോള്‍ തികഞ്ഞ വഞ്ചകനാണ്. ഭാവിയില്‍ ഒത്തുപോകാന്‍ കഴിയാത്ത രാഷ്ട്രീയ ശത്രുവുമാണ്.
മമത ബാനര്‍ജിയുടെ യു.പി.എയിലെ ഭാവി ഇതിനിടയില്‍ ചോദ്യചിഹ്നമായിക്കഴിഞ്ഞു. നിലനില്‍പിനെ കരുതി മയമുള്ള വാക്കുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, സോണിയ ഗാന്ധിയത്തെന്നെ വിലമതിക്കാത്ത മമതക്ക് വേണമെങ്കില്‍ സ്വന്തം വഴി നോക്കാമെന്നാണ് കോണ്‍ഗ്രസിന്‍െറ കാഴ്ചപ്പാട്. മുലായം പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പമുണ്ടെന്ന വിശ്വാസം അവര്‍ ഊട്ടിയുറപ്പിച്ചുകഴിഞ്ഞു. മുറിവേറ്റ മമത പക്ഷേ, പോകുന്ന പോക്കില്‍ തിരിച്ചുകടിക്കാതിരിക്കില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ അടുത്ത സ്വാഭാവിക വഴി എന്‍.ഡി.എയാണ്. അവിടെ നിന്നാണ് യു.പി.എയില്‍ എത്തിയത്. പക്ഷേ, ദുര്‍ബലമായ എന്‍.ഡി.എയിലേക്ക് തിരക്കിട്ടൊരു തീര്‍ഥയാത്രക്ക് മമത തയാറാകാന്‍ ഇടയില്ല. ‘ഭരണവും സമരവു’മെന്ന വഴിവിട്ട്, കേന്ദ്രഭരണത്തില്‍ നിന്ന് വിട്ടുമാറി സമരം മുന്നോട്ടു നയിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞു കത്തുന്നത്. ഇടതിന്‍െറ രണഭൂമിയില്‍ സ്വന്തം തട്ടകം ഭദ്രമാക്കാന്‍ തല്‍ക്കാലം പറ്റിയ വഴിയും അതുതന്നെ.
l


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com