പുനലൂര്‍: തീവണ്ടിപ്പാത ബ്രോഡ്ഗേജാക്കാനായി വിസ്തൃതി കൂട്ടുന്ന ആര്യങ്കാവ് തുരങ്കത്തില്‍ വീണ്ടും മണ്ണ് ഇടിഞ്ഞതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.
തുരങ്കത്തിന്റെ തമിഴ്നാട് ഭാഗത്ത് 50 മീറ്ററോളം ചുറ്റളവിലാണ് പലഭാഗത്തുമായി മണ്ണും പാറയും ഇടിഞ്ഞുവീഴുന്നത്. ഇനി റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ച ശേഷമേ തുടര്‍പണികള്‍ ചെയ്യാനാകുകയുള്ളൂവെന്ന നിലപാടിലാണ് കരാറുകാര്‍.
തുരങ്കത്തിന്റെ മുഖപ്പ് മുമ്പ് പാറയും സുറുക്കിയും ഉപയോഗിച്ച് നിര്‍മിച്ചതാണ്. ഇത് പൂര്‍ണമായി ഇടിച്ചുമാറ്റി കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയശേഷമാണ് ഉള്ളിലെ വിസ്തൃതി കൂട്ടുന്നത്. ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണ് പണി നടത്തുന്നത്. എന്നിരുന്നാലും മണ്ണും പാതയും ഇടിഞ്ഞുവീണ് അപകടങ്ങള്‍ ഉണ്ടാകുന്നു. പാറ തെറിച്ചുവീണ് ആറുമാസംമുമ്പ് ഒരു തമിഴ്നാട് സ്വദേശി മരിച്ചിരുന്നു. ഭഗവതിപുരം റീച്ചില്‍ മറ്റ് പണികള്‍ പുരോഗമിക്കുമ്പോഴാണ് തുരങ്കത്തിലെ നിര്‍മാണം മുടങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍