കോട്ടയം: തെളിയാത്ത കേസുകളും പിടികിട്ടാപ്പുള്ളികളുടെഎണ്ണവും കൂടുന്നതും മൂലം ജില്ലയിലെ പൊലീസ് നിസ്സഹായരാകുന്നു. കഴിഞ്ഞ ശിശുദിനത്തില്‍ ഓട്ടോ ഡ്രൈവര്‍ ഗോപിനാഥക്കുറുപ്പ് കൊല്ലപ്പെട്ട കേസ് മുതല്‍ പേരൂരില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസുകളില്‍ വരെ പൊലീസ് നിസ്സഹായത തെളിയിച്ചിരിക്കുകയാണ്.2011 നവംബര്‍ 14ന് പുലര്‍ച്ചെയാണ് ഓട്ടോ ഡ്രൈവറായ ഗോപിനാഥക്കുറുപ്പിനെ കല്ലുങ്കത്ര പള്ളിക്ക് സമീപം കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണം വഴിമുട്ടിയതിനെത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു.
മാങ്ങാനത്തെ ക്ഷേത്രമോഷണം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞയാഴ്ച നഗരമധ്യത്തില്‍ ഒരാളുടെ മരണത്തിനിടയാക്കുകയും വെസ്റ്റ് എസ്.ഐയുടെ കാര്‍ ഇടിച്ചുതകര്‍ക്കുകയും ചെയ്ത ബസ് ഡ്രൈവറെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല.സിനിമാ നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനെ കബളിപ്പിച്ച് പണം കവര്‍ന്ന കേസിലും അന്വേഷണം പരാജയപ്പെട്ടു. അതിരമ്പുഴയില്‍ പട്ടാപ്പകല്‍ വീട് കുത്തി തുറന്ന് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തിലും പ്രതികള്‍ ഒളിവിലാണ്. നഗരമധ്യത്തില്‍ മൂന്ന് കടകളില്‍ ഒരേ ദിവസം മോഷണം നടത്തി മുങ്ങിയ സംഘത്തെക്കുറിച്ചും പൊലീസിന് വിവരമൊന്നുമില്ല.
ഡിവൈ.എസ്.പിമാരുടെ കീഴിലുണ്ടായിരുന്ന സ്ക്വാഡുകള്‍ പിരിച്ചുവിട്ടതാണ് ജില്ലയില്‍ അക്രമങ്ങളും മോഷണവും പെരുകുന്നതിന് കാരണമായതായി പറയുന്നത്. ക്ഷേത്രമോഷണ കേസുകള്‍ തടയുന്നതിന് രൂപവത്കരിച്ച സ്ക്വാഡും നിര്‍ജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍