ആലപ്പുഴ: ദേശീയപാതയില്‍ ബി.ഒ.ടി വ്യവസ്ഥ അടിച്ചേല്‍പ്പിച്ച് ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച കളര്‍കോട് ബൈപാസിന് സമീപത്തെ ദേശീയപാത അക്വിസിഷന്‍ ഓഫിസിലേക്ക് പ്രകടനവും ധര്‍ണയും നടത്തി.
35വര്‍ഷംമുമ്പ് ഏറ്റെടുത്ത ഭൂമി ഉള്‍പ്പെടുന്ന ഭാഗത്തുതന്നെ നാലുവരിപ്പാത നിര്‍മിക്കണമെന്നും ദേശീയപാത വികസനത്തിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ ബലിയാടാക്കുന്ന നയം തിരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ബി.ഒ.ടിക്കുവേണ്ടി ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന് ധര്‍ണയില്‍ പങ്കെടുത്ത സംഘടനാനേതാക്കളും പ്രവര്‍ത്തകരും പ്രഖ്യാപിച്ചു. ദേശീയപാത സംരക്ഷണ സമിതി എന്ത് സമരത്തിനും തയാറാണ്. രക്തം ചീന്തിയാലും പത്തുലക്ഷത്തോളം പേരെ കുടിയൊഴിപ്പിക്കുന്ന നയം നടപ്പാക്കാന്‍ അനുവദിക്കില്ല. പുനരധിവാസ പാക്കേജ് ദുരൂഹതയുള്ളതാണ്. പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുന്നുവെന്നാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നത്. ഇതിലെ ചതി മുമ്പുനടന്ന ഭൂമി ഏറ്റെടുക്കലിലൂടെ കേരളം കണ്ടതാണെന്നും അവര്‍ പറഞ്ഞു. ദേശീയപാത ഓഫിസിന് മുന്നില്‍ എ.ഐ.വൈ.എഫ് നേതാവ് പി.എസ്.എം ഹുസൈന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഹൈവേ ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. പ്രകാശ് മേനോന്‍, ജനറല്‍ സെക്രട്ടറി എം. സുന്ദരേശന്‍പിള്ള, രക്ഷാധികാരി സി.ജി. വര്‍ഗീസ്, ജില്ലാ പ്രസിഡന്റ് അപ്പുക്കുട്ടന്‍ തോംവീട്ടില്‍, സെക്രട്ടറി എം.കെ. യൂസഫ്, വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ എം.എച്ച്. ഉവൈസ്, സിദ്ധാര്‍ഥന്‍, രഘുനാഥ് വേലത്തറ, എസ്.യു.സി.ഐ നേതാക്കളായ ഇമാമുദ്ദീന്‍, ബിന്ദു, സോളിഡാരിറ്റി നേതാക്കളായ നിഖില്‍ ഇക്ബാല്‍, നവാസ്, ജനകീയ പ്രതിരോധസമിതി സെക്രട്ടറി അഡ്വ. മാത്യു വേളങ്ങാടന്‍, യുവജന വേദിയുടെ വി.എം. ആനന്ദന്‍, സോഷ്യലിസ്റ്റ് ജനത നേതാവ് ഹുസൈന്‍ കളീക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നേതാക്കള്‍ എ.ഡി.എമ്മിന് നിവേദനം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍