ന്യൂദല്‍ഹി: ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയെ യു.പി.എ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ദല്‍ഹിയില്‍ പുതിയ ധനമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങി. തല്‍ക്കാലം ധനകാര്യത്തില്‍ അഗ്രഗണ്യനായ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് തന്നെയാവും ചുമതല എന്നാണറിയുന്നത്. അതേസമയം മന്ത്രിമാരായ ,ജയ്റാം രമേശ്, പി ചിദംബരം, ആനന്ദ് ശര്‍മ എന്നിവരും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി രംഗരാജന്‍ , ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ എന്നിവരും ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്.
അതേസമയം, പ്രണബ് മുഖര്‍ജിയെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട് എന്‍.ഡി.എയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രാഷ്ട്രപതി സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇന്ന് നടക്കുന്നുണ്ട്. ജെ.ഡി.യു നേതാവ് ശരത് യാദവ് പ്രണബിനെ പിന്തുണക്കണമെന്ന പക്ഷക്കാരനാണ്. എന്നാല്‍ പ്രണബ് വേണ്ടെന്ന് നേരത്തെ ബി.ജെ.ബി വ്യക്തമാക്കിയിരുന്നു. നാളെ നടക്കുന്ന എന്‍.ഡി.എ യോഗത്തിന് ശേഷമാവും അന്തിമ തീരുമാനം.
എന്നാല്‍, എ.പി.ജെ അബ്ദുല്‍ കലാമിന് വേണ്ടിയുള്ള പ്രചാരണത്തിലാണ് യു.പി.എയുമായി ഇടഞ്ഞു നില്‍ക്കുന്ന മമത ബാനര്‍ജി. ഫേസ് ബുക്കിലാണ് മമത കലാമിന്വേണ്ടി അഭിപ്രായപ്രകടനം നടത്തിയത്. ദശലക്ഷം ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയാണ് എ.പി.ജെ അബുല്‍ കലാം എന്ന് മമത തന്റെ അക്കൗണ്ടില്‍ കുറിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍