കാസര്‍കോട്: നിര്‍ദിഷ്ട പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാതയുടെ സര്‍വേ റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം സമര്‍പ്പിക്കും. പാലക്കാട് ഡി.ആര്‍.എം ഓഫിസില്‍ നടന്ന കാസര്‍കോട് മണ്ഡലം റെയില്‍വേ വികസന ചര്‍ച്ചയില്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പിയൂഷ് അഗര്‍വാള്‍ പി. കരുണാകരന്‍ എം.പിയെ അറിയിച്ചതാണിത്. പാതയുടെ രണ്ടാംഘട്ട സര്‍വേ അതിവേഗം പുരോഗമിക്കുകയാണ്.
ബജറ്റില്‍ അനുവദിച്ച കണ്ണപുരം, പഴയങ്ങാടി, ചെറുവത്തൂര്‍, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം സ്റ്റേഷനുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും ധാരണയായി. ഇതുസംബന്ധിച്ച് ഡി.ആര്‍.എമ്മിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രണ്ടാഴ്ചയ്ക്കകം സ്റ്റേഷനുകള്‍ സന്ദര്‍ശിക്കും. നേരത്തേ പ്രഖ്യാപിച്ചതനുസരിച്ച് പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, സ്റ്റേഷനുകളിലും കൂടുതല്‍ പശ്ചാത്തല സൗകര്യമൊരുക്കും. നീലേശ്വരം നടപ്പാലം, ചെറുവത്തൂര്‍ ഫുട് ഓവര്‍ബ്രിഡ്ജ് നീട്ടല്‍ എന്നിവയുടെ നിര്‍മാണവും വിലയിരുത്തും.
ചന്തേര സബ്വേയുടെ വിശദമായ ഡ്രോയിങ് പൂര്‍ത്തിയാക്കി. 1.96 കോടി രൂപയുടെ എസ്റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കും. ബജറ്റില്‍ നേരത്തേ നിര്‍ദേശിച്ച കണ്ണൂര്‍-മംഗലാപുരം പാസഞ്ചര്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങളും മംഗലാപുരം-ഷൊര്‍ണൂര്‍ ലൈന്‍ വൈദ്യുതീകരണവും ത്വരിതപ്പെടുത്തുമെന്നും പാസഞ്ചര്‍ ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കുമെന്നും ഡി.ആര്‍.എം ഉറപ്പുനല്‍കി.
തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളില്‍ കെട്ടിട നിര്‍മാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. ഹാള്‍ട്ട് സ്റ്റേഷനുകളായ ചന്തേര, കളനാട് എന്നിവിടങ്ങളില്‍ എം.പിയുടെകൂടി സഹകരണത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമെന്ന നിലയില്‍ കോട്ടിക്കുളം, ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷനുകളുടെ സമഗ്ര വിപുലീകരണം സംബന്ധിച്ച് പ്രത്യേകം നിര്‍ദേശം സമര്‍പ്പിച്ചു.
ചര്‍ച്ചയില്‍ പി. കരുണാകരന്‍ എം.പി, പിയുഷ് അഗര്‍വാള്‍ എന്നിവരെ കൂടാതെ അഡീഷനല്‍ ഡി.ആര്‍.എം മോഹന്‍ ഇ. മേനോന്‍, സീനിയര്‍ ഡിവിഷനല്‍ ഓപറേറ്റിങ് മാനേജര്‍ എസ്. സുബ്രഹ്മണ്യം, ഡിവിഷനല്‍ കൊമേഴ്സ്യല്‍ മാനേജര്‍ പത്മദാസ്, ഡിവിഷനല്‍ എന്‍ജിനീയര്‍ മുത്തുമാണിക്യം, ഡിവിഷനല്‍ റെയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റി അംഗം എം. രാജഗോപാല്‍ എന്നിവരും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍