12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

വായ്പ എഴുതിത്തള്ളലിന്റെ പേരില്‍ നടത്തിയ ഇന്‍ഫു സിറ്റിങ് വിവാദമാവുന്നു

കാഞ്ഞങ്ങാട്: വായ്പ എഴുതിത്തള്ളുന്നതിന്റെ അപേക്ഷാഫോം വിതരണത്തിന്റെ പേരില്‍ ഇന്ത്യന്‍ ഫാര്‍മേഴ്സ് യൂനിയന്‍ (ഇന്‍ഫു) കാഞ്ഞങ്ങാട് റസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിങ് വിവാദമാവുന്നു.
മാധ്യമങ്ങളില്‍ അറിയിപ്പ് പോലും നല്‍കാതെ അതീവ രഹസ്യമായാണ് സിറ്റിങ് സംഘടിപ്പിച്ചത്. സംഘടനയുടെ ഭാരവാഹികള്‍ നേരിട്ടെത്തിയാണ് സിറ്റിങ്ങിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തിയതെന്ന് റസ്റ്റ്ഹൗസില്‍ എത്തിയവര്‍ പറഞ്ഞു. വ്യാഴാഴ്ച നടന്ന സിറ്റിങ്ങില്‍ 50ഓളം പേരാണ് പങ്കെടുത്തത്. വെള്ളിയാഴ്ച നൂറുകണക്കിന് ആള്‍ക്കാര്‍ വായ്പ എഴുതിത്തള്ളുമെന്ന പ്രതീക്ഷയില്‍ എത്തി. രാവിലെ മുതല്‍ തന്നെ ആളുകള്‍ എത്താന്‍ തുടങ്ങിയിരുന്നു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. മൂന്ന് കൗണ്ടറുകളിലായാണ് സിറ്റിങ് നടത്തിയത്.
ഓരോരുത്തരില്‍നിന്നും 100 രൂപ സംഘടനയുടെ അംഗത്വ ഫീസും 10 രൂപ വരിസംഖ്യയുമായി 110 രൂപ സ്വീകരിക്കുകയും രസീത് നല്‍കുകയും ചെയ്തു. ഈ തുക നല്‍കിയവര്‍ക്ക് കടം എഴുതിത്തള്ളുന്നതിനെന്ന പേരില്‍ മൂന്ന് ഫോറങ്ങള്‍ നല്‍കി. എ.ഐ.സി.സി പ്രസിഡന്റ് സോണിയ ഗാന്ധി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് അയക്കാനുള്ളതാണ് ഈ ഫോറങ്ങള്‍ എന്നാണ് അറിയിച്ചത്.
ഇന്‍ഫുവിന്റെ പേരും സോണിയ ഗാന്ധി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പേരും വിലാസവും അച്ചടിച്ച കവറുമാണ് നല്‍കിയത്. കൂടാതെ അപേക്ഷകര്‍ മൂന്ന് ഫോട്ടോയും കൊണ്ടുവരണമായിരുന്നു. ഫോട്ടോ കൊണ്ടുവരാത്തവര്‍ സ്റ്റുഡിയോയില്‍ പോയി പുതിയ ഫോട്ടോയെടുത്താണ് എത്തിച്ചത്. അപേക്ഷാഫോറം വാങ്ങി പുതിയകോട്ടയിലെത്തി 30 രൂപ ഫീസ് നല്‍കിയാണ് പലരും പൂരിപ്പിച്ചത്. അപേക്ഷ മതിയായ സ്റ്റാമ്പ് പതിച്ച ശേഷം ബന്ധപ്പെട്ടവര്‍ക്ക് അയക്കേണ്ട ചുമതല അപേക്ഷകനുതന്നെയായിരുന്നു. അതേസമയം, പ്രസില്‍നിന്ന് നേരിട്ട് വാങ്ങിയ അപേക്ഷാഫോറങ്ങള്‍ ഇവര്‍ അംഗീകരിക്കാന്‍ തയാറായില്ലെന്നും പലരും വ്യക്തമാക്കി. സംഘടനാ ഭാരവാഹികള്‍ നല്‍കുന്ന അപേക്ഷ തന്നെ അയക്കണമെന്ന നിര്‍ദേശമാണത്രെ ഇവര്‍ നല്‍കിയത്. 110 രൂപ നല്‍കിയവര്‍ക്ക് മാത്രമാണ് ഇവര്‍ അപേക്ഷാഫോറമെന്ന പേരില്‍ വിതരണം നടത്തിയത്.
ഇക്കഴിഞ്ഞ എട്ടാംതീയതി വ്യാപാരഭവനില്‍ ഇത്തരത്തില്‍ വായ്പ തള്ളുമെന്ന പ്രചാരണത്തില്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. അന്ന് ഇന്‍ഫു സംഘടിപ്പിച്ച മുഖാമുഖം പരിപാടി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. കെ.പി.സി.സി പ്രസിഡന്റ് വായ്പ എഴുതിത്തള്ളാനുള്ള അപേക്ഷ സ്വീകരിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍, നിവേദനം നല്‍കിയാല്‍ വായ്പ എഴുതിത്തള്ളില്ലെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. വ്യാപാരഭവനില്‍ നടന്ന ചടങ്ങ് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ സംഭവം.
റസ്റ്റ് ഹൗസ് പരിസരത്തെ ഏറെയും മുസ്ലിം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടത്തെ കണ്ട യൂത്ത്ലീഗ് മണ്ഡലം സെക്രട്ടറി ഷംസുദ്ദീന്‍ കൊളവയല്‍ അന്വേഷിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
ഇതേക്കുറിച്ച് അന്വേഷിച്ച തന്നോട് ഭാരവാഹികള്‍ തട്ടിക്കയറിയെന്നും ഷംസുദ്ദീന്‍ പറഞ്ഞു. വാക്തര്‍ക്കമായതോടെ വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി ഇടപെട്ടു.
ഇതേതുടര്‍ന്ന് ഇന്‍ഫുവിന്റെ മൂന്ന് ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍നിന്ന് കാര്യങ്ങള്‍ അറിഞ്ഞ ശേഷം പൊലീസ് വിട്ടയച്ചു. രസീത് നല്‍കി അംഗത്വ ഫീസും വരിസംഖ്യയും മാത്രമാണ് തങ്ങള്‍ ഈടാക്കിയതെന്നാണ് കസ്റ്റഡിയിലെടുത്ത ഇന്‍ഫു ഭാരവാഹികള്‍ പൊലീസിനോട് പറഞ്ഞത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com