മുംബൈ: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ. രജീഷുമായി കേരള പൊലീസ് തെളിവെടുപ്പിനായി വടക്കന്‍ മഹാരാഷ്ട്രയിലെത്തി. കണ്ണൂര്‍ സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ ആസാദിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് രജീഷുമായെത്തിയിട്ടുള്ളത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷം രജീഷ് ഒളിവില്‍കഴിഞ്ഞ പ്രദേശങ്ങളിലാണ് തെളിവെടുപ്പ്. സി.പി.എമ്മിന് വേരോട്ടമുള്ള സോലാപൂരിലും സാംഗ്ളി, കൊങ്കണിലെ സാവന്ത്വാഡി എന്നിവിടങ്ങളിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. രജീഷിന്റെ മുംബൈയിലെ പ്രധാന കേന്ദ്രമായ വാശിയില്‍ സംഘം ഞായറാഴ്ച തെളിവെടുപ്പിനായെത്തും.
സോലാപൂരിലെ അക്ലുജ്, അവിടെനിന്ന് ഒമ്പതര കി.മീറ്റര്‍ അകലെയുള്ള ബാവഡ എന്നീ സ്ഥലങ്ങളിലാണ് രജീഷിന് ബന്ധമുള്ളത്. ഇവിടങ്ങളില്‍ രജീഷിനെ സഹായിച്ചവരെ ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്. ഒളിവില്‍ കഴിയുമ്പോള്‍ രജീഷിനെ സഹായിച്ച മൂന്നുപേരെ പൊലീസ് മുംബൈയില്‍നിന്നും സാവന്ത്വാഡിയില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. സി.പി.എം അനുഭാവമുള്ള മലയാളികള്‍ പണവും മറ്റു സൗകര്യങ്ങളും നല്‍കി രജീഷിനെ സഹായിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നാട്ടില്‍നിന്ന് മുംബൈയിലേക്ക് കടക്കുന്ന രജീഷിന്റെ കേന്ദ്രം വാശിയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ വാശിക്ക് തൊട്ടുള്ള സാന്‍പാഡ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള കെട്ടിടത്തിലായിരുന്നു രജീഷിന്റെ താമസം. വാശിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ബേക്കല്‍ സ്വദേശി മധുസൂദനനൊപ്പമായിരുന്നു മൂന്ന് വര്‍ഷത്തോളം രജീഷ്. ഇദ്ദേഹത്തെ കേരള പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിനുശേഷം രജീഷിനെ കണ്ടിട്ടില്ലെന്നാണ് മധുസൂദനന്‍ മൊഴിനല്‍കിയത്. മലബാര്‍ മേഖലയില്‍നിന്നുള്ള കച്ചവടക്കാര്‍ ഏറെയുള്ള മുംബൈയിലെ വി.ടി പ്രദേശത്തും രജീഷ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇവിടെയും രജീഷിനെ കൊണ്ടുവന്നേക്കും. കൊലപാതകത്തിനുശേഷം രജീഷ് രഹസ്യമായി വാശി സെക്ടറിലെ ഒമ്പതില്‍ പച്ചക്കറി കച്ചവടക്കാര്‍ക്കൊപ്പം താമസിച്ചിരുന്നു. രജീഷിന്റെ നാടുമായി ബന്ധമുള്ളവരാണിവര്‍. രജീഷുമായികേരള പൊലീസ് എത്തുമെന്ന വാര്‍ത്ത പരന്നതോടെ മലബാര്‍ മേഖലയില്‍നിന്നുള്ള സി.പി.എം അനുഭാവികളുടെ നെഞ്ചിടിപ്പേറിയിട്ടുണ്ട്. നേരത്തെ ഇവരില്‍ പലരെയും പൊലീസ് ചോദ്യംചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍