തൃശൂര്‍: അരണാട്ടുകരയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും കാറും പണവും തട്ടിയ സംഭവത്തില്‍ വേലക്കാരിയുള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായതായി സൂചന. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പാലക്കാട് സ്വദേശി കണ്ണന്‍, കാമുകിയും വീട്ടമ്മയുടെ ജോലിക്കാരിയുമായ കമലം, വയനാട് പനമരം സ്വദേശികളായ ലിജോ, ഷിന്‍ജു, വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി പ്രിന്‍സ് എന്നിവരാണ് പിടിയിലായതായി സൂചനയുള്ളത്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
വെള്ളിയാഴ്ച രാത്രി പിടിയിലായ പ്രിന്‍സില്‍ നിന്നാണ് പ്രതികളെക്കുറിച്ചും അവര്‍ പോയ വഴികളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്. അഞ്ചുപേര്‍ക്കും കൊലപാതകത്തില്‍ തുല്യ പങ്കുണ്ടെങ്കിലും പ്രിന്‍സിനെ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് നീക്കം. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നുറപ്പാക്കി ഞായറാഴ്ച നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്നറിയുന്നു.
ചുങ്കം അരണാട്ടുകര റോഡില്‍ പനക്കപ്പറമ്പില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ ഷീലയെയാണ് (50) വെള്ളിയാഴ്ച വൈകീട്ട് ആറോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഊമയായ സഹോദരി ഉഷയെ കസേരയില്‍ കൈകള്‍ ബന്ധിച്ച നിലയിലും. ഷീലയുടെയും ഉഷയുടെയും കഴുത്തിലെ മാലകളും അലമാരയിലെ ആഭരണങ്ങളും പണവും കാറും മോഷ്ടിച്ചാണ് പ്രതികള്‍ രക്ഷപെട്ടത്.
ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ നിന്നാണ് കണ്ണന്റെ സുഹൃത്തുക്കളായ ലിജോ, ഷിന്‍ജു എന്നിവരെ പൊലീസ് പിടികൂടിയത്. ഇവര്‍ വയനാട്ടിലേക്ക് തിരിച്ചെന്ന വിവരത്തെത്തുടര്‍ന്ന് കോഴിക്കോട് പൊലീസിന് വിവരം കൈമാറിയിരുന്നു. തുടര്‍ന്ന്ഫൈ്ളയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പിടികൂടിയത്. സ്ക്വാഡ് മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറി. ഇവരെ തൃശൂരിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിറ്റി പൊലീസ്. ആഭരണങ്ങള്‍ പിടിയിലായവരില്‍നിന്ന് പൊലീസ് കണ്ടെടുത്തു. കാര്‍ ഗുണ്ടല്‍പേട്ടിലെത്തിച്ചതായി ലിജോയും ഷിന്‍ജുവും മൊഴി നല്‍കി.
സംഭവശേഷം കമലം അപ്രത്യക്ഷയായിരുന്നു. കമലത്തിനൊപ്പം രണ്ടുപേര്‍ കഴിഞ്ഞ ദിവസം ഷീലയുടെ വീട്ടില്‍ വന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്നെന്ന് സംശയിച്ച തൃത്തല്ലൂര്‍ സ്വദേശിയായ പ്രിന്‍സിനെ രാത്രിയോടെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
അബൂദബിയിലായിരുന്ന ഷീലയുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍, മൂത്തമകള്‍ വിന്‍സി, ഭര്‍ത്താവ് ഷാജി എന്നിവര്‍ ശനിയാഴ്ച രാവിലെയും കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയായ ഇളയമകള്‍ അശ്വതി പുലര്‍ച്ചെയും വീട്ടിലെത്തി. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മേല്‍നടപടി പൂര്‍ത്തിയാക്കി രാവിലെ 11ഓടെയാണ് മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് നീക്കിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ചുങ്കത്തെ വീട്ടിലും തുടര്‍ന്ന് തൃത്തല്ലൂരിലെ ഗോപാലകൃഷ്ണന്റെ തറവാട്ടിലേക്കും കൊണ്ടുപോയി. വൈകീട്ട് തറവാട്ടു വളപ്പില്‍ സംസ്കരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍