12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ഷുക്കൂര്‍ വധം: മൊഴിയിലെ വൈരുധ്യം പി. ജയരാജന് വിനയാകും

ഷുക്കൂര്‍ വധം: മൊഴിയിലെ വൈരുധ്യം പി. ജയരാജന്  വിനയാകും

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലെ വൈരുധ്യം സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് വിനയാകും. പട്ടുവത്ത് അക്രമമുണ്ടായതിനു ശേഷം തളിപ്പറമ്പ് ആശുപത്രിയില്‍ നടന്നെന്ന് പറയുന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഗെസ്റ്റ് ഹൗസില്‍ നടന്ന ചോദ്യം ചെയ്യലിലാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മറുപടികള്‍ പി. ജയരാജന്‍ നല്‍കിയത്.
അക്രമം നടന്ന മേയ് 20ന് ഉച്ചക്കു ശേഷം അക്രമത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഫോണ്‍ വഴി നിര്‍ദേശം നല്‍കിയിരുന്നോ എന്നായിരുന്നു അന്വേഷണ സംഘം ചോദിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട താന്‍ ഉച്ചക്ക് രണ്ടു മണി മുതല്‍ ഉറക്കത്തിലായിരുന്നുവെന്നും നാലു മണിക്കാണ് ഉണര്‍ന്നതെന്നും ആ സമയങ്ങളില്‍ ആരെയും ഫോണ്‍ ചെയ്തിട്ടില്ലെന്നുമായിരുന്നു പി. ജയരാജന്റെ മറുപടി. എന്നാല്‍, ഉച്ച രണ്ടു മുതല്‍ നാലു മണി വരെയുള്ള സമയത്ത് പി. ജയരാജന്റെ ഫോണില്‍ നിന്നു പുറത്തേക്കും അകത്തേക്കും നിരവധി കോളുകള്‍ വന്നതായും പോയതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റാരെങ്കിലുമാണോ ഫോണ്‍ അറ്റന്‍ഡ് ചെയ്തിരുന്നത് എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് തന്റെ ഫോണ്‍ മറ്റാരും ഉപയോഗിക്കാറില്ലെന്നും പി. ജയരാജന്‍ പൊലീസിനു മറുപടി നല്‍കിയിരുന്നു. അന്നേ ദിവസം പി. ജയരാജന്‍ നിരന്തരമായി ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി. വാസുദേവന്‍ പൊലീസിനോട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും വിശദമായ തെളിവുകള്‍ക്കായി മൊബൈല്‍ പ്രൊവൈഡറുമായി ബന്ധപ്പെടുന്നതിനുള്ള നീക്കത്തിലാണ് പൊലീസ്.
22ന് നടക്കുന്ന ചോദ്യം ചെയ്യലില്‍ ഫോണ്‍ കോളുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് ജയരാജനോട് ആവശ്യപ്പെട്ടേക്കും. നാളെ ടി.വി. രാജേഷ് എം.എല്‍.എയെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് നീട്ടിവെക്കാനും ജയരാജനെയും ടി.വി. രാജേഷിനെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതിനുമാണ് പൊലീസ് ആലോചിക്കുന്നത്. പി. ജയരാജന്റെ കോളുകള്‍ സംബന്ധിച്ച് ടി.വി. രാജേഷിനോടും പൊലീസ് വിവരങ്ങള്‍ ആവശ്യപ്പെടും.
ഫോണ്‍ കോളുകള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പുകള്‍ക്കും , ആശുപത്രിയില്‍ ജയരാജനെയും ടി.വി രാജേഷിനെയും സന്ദര്‍ശിക്കാനെത്തിയവരുടെയും വിവരങ്ങള്‍ക്കുമായി തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ജീവനക്കാരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. സഹകരണ ആശുപത്രിയിലെ ഒരു ഡോക്ടര്‍, സ്ത്രീയുള്‍പ്പെടെയുള്ള മൂന്നു ജീവനക്കാര്‍ എന്നിവരെയാണ് കണ്ണൂര്‍ ഡിവൈ.എസ്.പി പി. സുകുമാരന്‍, വളപട്ടണം സി.ഐ യു.
പ്രേമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ കണ്ണൂര്‍ സി.ഐ ഓഫിസില്‍ ചോദ്യംചെയ്തത്. ഡോക്ടര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു നഴ്സ് ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ വഴി ഇവരുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com