ഷെയറിങ് താമസക്കാര്‍ കടുത്ത ആശങ്കയില്‍

അബൂദബി: റസിഡന്‍സ് വിസ പുതുക്കാനും പുതിയ വിസക്കും വാടക കരാറോ ഇലക്ട്രിസിറ്റി-വാട്ടര്‍ ബില്ലോ ഹാജരാക്കണമെന്ന നിയമത്തെ തുടര്‍ന്ന്, ഷെയറിങ് അടിസ്ഥാനത്തില്‍ കുടുംബസമേതം താമസിക്കുന്നവര്‍ കടുത്ത ആശങ്കയില്‍. കഴിഞ്ഞ രണ്ടുമൂന്നു ദിവസം പുതിയ നിയമം അബൂദബിയില്‍ കര്‍ശനമാക്കിയില്ലെങ്കിലും ദുബൈയില്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ട്.
ദുബൈയില്‍ കുടുംബ്ധിന് വിസയെടുക്കാന്‍ പോയ കണ്ണൂര്‍ സ്വദേശി മജീദിനെ സ്വന്തം പേരിലുള്ള വാടക കരാര്‍ ഹാജരാക്കാത്തതിന് തിരിച്ചയച്ചു. ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും വിസക്ക് വേണ്ടിയാണ് ഇദ്ദേഹം അപേക്ഷിച്ചത്. ഇതിനുവേണ്ടി ടൈപിങ് സെന്ററില്‍നിന്ന് അപേക്ഷയും അനുബന്ധ രേഖകളും ശരിയാക്കി. ഇതിന് 750 ദിര്‍ഹം ചെലവായെന്ന് മജീദ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. എന്നാല്‍, ഈ അപേക്ഷയുമായി എമിഗ്രേഷന്‍ ഓഫിസില്‍ എത്തിയപ്പോള്‍ വാടക കരാര്‍ ആവശ്യപ്പെട്ടു. തന്റെ സഹോദരന്റെ പേരിലുള്ള വാടക കരാര്‍ നല്‍കിയെങ്കിലും സ്വീകരിച്ചില്ല. ഇതിനു പകരം മജീദിന്റെ പേരില്‍ തന്നെ വാടക കരാര്‍ വേണമെന്നും എങ്കില്‍ മാത്രമേ വിസ അനുവദിക്കുകയുള്ളൂവെന്നും പറഞ്ഞ് മടക്കി അയച്ചു. സ്വന്തം നിലയില്‍ ഒറ്റക്ക് ഫ്ളാറ്റോ വില്ലയോ വാടകക്കെടുക്കാന്‍ സാധിക്കാത്ത ഇദ്ദേഹം എന്തു ചെയ്യുമെന്നറിയാതെ വിഷമത്തിലാണ്. ദുബൈയില്‍ ഇതുപോലെ കഴിഞ്ഞ ദിവസങ്ങളില്‍ പലരെയും മടക്കി അയച്ചതായി റിപ്പോര്‍ട്ടുണ്ട്. നിലവിലെ വിസ പുതുക്കാനുള്ളവരും ആദ്യമായി വിസ എടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നിയമം കര്‍ശനമാക്കിയാല്‍ മറ്റു പലര്‍ക്കും ഈ അവസ്ഥയുണ്ടാകും.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഷെയറിങ് അടിസ്ഥാനത്തില്‍ കുടുംബസമേതം താമസിക്കുന്നവര്‍ കടുത്ത ആശങ്കയിലാണ് കഴിയുന്നത്. വിസ കാലാവധി ഉടനെ തീരുന്നവര്‍ക്കാണ് ആശങ്ക കൂടുതലുള്ളത്. പുതുതായി വിസ എടുക്കാന്‍ ആഗ്രഹിച്ച നിരവധി പേര്‍ പുതിയ നിയമം കാരണം തങ്ങളുടെ ആഗ്രഹം തല്‍ക്കാലം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.
ഷെയറിങ് അടിസ്ഥാനത്തില്‍ കുടുംബസമേതം താമസിക്കുന്നവര്‍ തങ്ങളുടെ പേരും വാടക കരാറില്‍ ചേര്‍ക്കണമെന്നും സ്വന്തം പേരുള്ള വാടക കരാര്‍ നല്‍കണമെന്നുമാണ് ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചത്. എന്നാല്‍, നേരത്തെ തയാറാക്കിയ വാടക കരാറില്‍ മറ്റൊരാളുടെ പേര് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കില്ലെന്നും ഇതിന് നിയമപരമായ നിരവധി തടസ്സങ്ങളുണ്ടെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. ബന്ധപ്പെട്ട മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള അനുമതിയും പ്രശ്നമാകും. ദുബൈയിലെ 'ഇജാരി' സംവിധാനത്തില്‍ ഒന്നിലേറെ വ്യക്തികളുടെ പേരില്‍ വാടക കരാറുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്ന് അറിഞ്ഞത്.
വാടക കരാറില്‍ പേരില്ലെങ്കില്‍ തങ്ങളുടെ പേരില്‍ വാട്ടര്‍-ഇലക്ട്രിസിറ്റി കണക്ഷനും എടുക്കാന്‍ പ്രയാസമാണ്. ചുരുക്കത്തില്‍, എല്ലാ എമിറേറ്റിലും പുതിയ നിയമം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയാല്‍ ഷെയറിങ് അടിസ്ഥാനത്തില്‍ കുടുംബസമേതം താമസിക്കുന്നവര്‍ ഒന്നുകില്‍ താമസം മാറ്റുകയോ അല്ലെങ്കില്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കുകയോ ചെയ്യേണ്ടിവരും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus