ഏഷ്യന്‍ അണ്ടര്‍ 22 ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ ടീം പരിശീലനത്തിനായി ദുബൈയില്‍

ദുബൈ: ഒമാനില്‍ ഈമാസം നടക്കുന്ന ഏഷ്യന്‍ അണ്ടര്‍ 22 ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ തയാറെടുപ്പിന്റെ ഭാഗമായി ഇന്ത്യന്‍ ടീം ദുബൈയിലെത്തി. ഈമാസം 26ന് തുടങ്ങുന്ന ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായിട്ടുള്ള പരിശീലനങ്ങള്‍ക്കായാണ് ടീം എത്തിയത്. പരിശീലനത്തിനിടെ യു.എ.ഇയിലെ വിവിധ ടീമുകളുമായി ഇന്ത്യ സൗഹൃദ മത്സരം കളിക്കും. ഇതില്‍ ആദ്യത്തേത് ശനിയാഴ്ച വൈകീട്ട് അഞ്ചിന് അല്‍ വാസ്ല്‍ ഗ്രൗണ്ടില്‍ നടക്കും. മുഖ്യ പരിശീലകനായ ആസ്ത്രേലിയക്കാരന്‍ ആര്‍തര്‍ പപ്പാസ്, അസിസ്റ്റന്റ് കോച്ച് തൃശൂര്‍ സ്വദേശി നാരായണന്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം എത്തിയത്. ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ടീമിനെ സെപ്റ്റ് (സ്പോര്‍ട്സ് ആന്‍ഡ് എജുക്കേഷന്‍ പ്രമോഷന്‍ ട്രസ്റ്റ്) യു.എ.ഇ ചെയര്‍മാന്‍ നെല്ലറ ഷംസുദ്ദീന്‍, ജനറല്‍ കണ്‍വീനര്‍ ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ന് അല്‍ വാസ്ല്‍ ഗ്രൗണ്ടില്‍ നടക്കുന്ന സൗഹൃദ മത്സരത്തിന്റെ ഇടവേളയില്‍ ഇന്ത്യന്‍ ടീം ഒഫീഷ്യലുകളുടെ സാന്നിധ്യത്തില്‍ സെപ്റ്റ് യു.എ.ഇയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് ചെയര്‍മാന്‍ നെല്ലറ ഷംസുദ്ദീന്‍ അറിയിച്ചു. സെപ്റ്റിന്റെ ആഭിമുഖ്യത്തില്‍ എട്ട് മുതല്‍ 12 വരെ വയസ്സുള്ള കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന ക്യാമ്പ് സെപ്റ്റംബര്‍ മധ്യത്തോടെ ആരംഭിക്കും. ഇതിനായി കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സെലക്ഷന്‍ ട്രയല്‍സ് ഈമാസം 29,30 തീയതികളില്‍ വൈകീട്ട് നാല് മുതല്‍ ഏഴ് വരെ നടക്കുമെന്നും സെപ്റ്റ് യു.എ.ഇ ഭാരവാഹികള്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus