അബൂദബി: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് ഉമ്മുല്‍ഖുവൈനിലെ കടലില്‍ മുങ്ങിയ കപ്പല്‍ 'വൈറ്റ് വെയ്ല്‍' കരയിലെത്തിക്കാനുള്ള ശ്രമം വിജയത്തിലേക്ക്. ഏതാണ്ട് എട്ടു മാസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി കപ്പല്‍ കടലിന്റെ അടിഭാഗത്തുനിന്ന് ഉയര്‍ത്തി. ഇനി തീരത്ത് എത്തിക്കുകയെന്ന ദൗത്യമാണുള്ളത്.
'വൈറ്റ് വെയ്ലി'നു വേണ്ടി എട്ടു മാസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ചെലവ് വന്നത് 45 ലക്ഷം ദിര്‍ഹമാണ്. ഉമ്മുല്‍ഖുവൈന്‍ തീരത്തുനിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മുങ്ങിയത്. അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍, പ്രതികൂല കാലാവസ്ഥയും കനത്ത അടിയൊഴുക്കും പലപ്പോഴും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഇടയാക്കി.
അതിനിടെ, കടലില്‍ 35 മീറ്റര്‍ ആഴത്തില്‍ കിടന്ന കപ്പലില്‍നിന്ന് ഡീസല്‍ ടാങ്ക് വേര്‍പെട്ടു. ഇത് കപ്പലിന് സമീപത്ത് തന്നെ കിടന്നെങ്കിലും പ്രതികൂല കാലാവസ്ഥയില്‍ കപ്പല്‍ രണ്ടായി പിളര്‍ന്നാല്‍ ഡീസല്‍ മുഴുവന്‍ കടലിലൊഴുകുമെന്ന കടുത്ത ആശങ്കയുണ്ടായി. ഇതേത്തുടര്‍ന്ന് ഇത്തരം സാഹചര്യം തടയാന്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. എങ്കിലും നേരിയ തോതില്‍ ഡീസല്‍ ചോര്‍ച്ചയുണ്ടായി. ഇത് തടയാന്‍ ആദ്യ ഘട്ടത്തില്‍ തന്നെ സാധിച്ചതിനാല്‍ കാര്യമായ പ്രശ്നമുണ്ടായില്ല. പിന്നീട് ശക്തമായ അടിയൊഴുക്കില്‍ 'വൈറ്റ് വെയ്ല്‍' നിശ്ചിത സ്ഥാനത്തുനിന്ന് 250 മീറ്റര്‍ നീങ്ങി. ഈ സാഹചര്യത്തില്‍ രക്ഷാദൗത്യത്തില്‍ സഹായിക്കാന്‍ മറൈന്‍ ഇന്‍സ്പെക്ഷന്‍ ബോട്ട് രംഗത്തെത്തി. 34 അടിയുള്ള ഈ ബോട്ടില്‍ കടലിലെ മലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ യഥാസമയം കണ്ടുപിടിക്കാന്‍ അത്യാധുനിക സംവിധാനങ്ങളുണ്ട്.
പ്രതികൂല കാലാവസ്ഥ കാരണം ഇടക്കിടെ മുടങ്ങിയെങ്കിലും ശക്തമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി കപ്പല്‍ ഉയര്‍ത്താന്‍ നാലു ഭാഗത്തുനിന്നും ശക്തിയുള്ള കമ്പിയും കയറും മറ്റും ഉപയോഗിച്ച് കെട്ടാന്‍ സാധിച്ചതാണ് നടപടി എളുപ്പമാക്കിയത്. ഈ നടപടി പൂര്‍ത്തിയായതോടെ അന്തിമ ഘട്ടം തുടങ്ങുകയും കഴിഞ്ഞ ദിവസം കപ്പല്‍ കടലിന്റെ മുകള്‍ ഭാഗത്തേക്ക് ഉയര്‍ത്തുകയും ചെയ്തു. അന്തിമ ഘട്ടത്തില്‍ ദുബൈ ഷിപ്പ് ബില്‍ഡിങ് കമ്പനി തുടര്‍ച്ചയായി എട്ടു ദിവസമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 'അമാല്‍ക്' എന്ന കൂറ്റന്‍ കപ്പലിന്റെ സഹായത്തോടെ 'വൈറ്റ് വെയ്ല്‍' കടലിന്റെ ഉപരിതലത്തില്‍ ശക്തിയുള്ള കയറും കമ്പിയും ഉപയോഗിച്ച് കെട്ടിനിര്‍ത്തിയിരിക്കുകയാണ്. ചെറിയ തോതില്‍ ഡീസല്‍ വെള്ളത്തിലേക്ക് ഒഴുകിയെങ്കിലും ഇത് തടഞ്ഞതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച 'വൈറ്റ് വെയ്ല്‍' ഉപരിതലത്തില്‍നിന്ന് അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ എത്തിച്ചിരുന്നു. എന്നാല്‍, കമ്പി പൊട്ടിയതിനെ തുടര്‍ന്ന് വീണ്ടും കടലിന്റെ അടിയിലേക്ക് വീണു. ഇതിനു ശേഷം നടന്ന ഊര്‍ജിത ശ്രമത്തിന്റെ ഫലമായാണ് വീണ്ടും ഉയര്‍ത്താന്‍ സാധിച്ചത്. അപകട സമയത്ത് 450 ടണ്‍ ഡീസലാണ് കപ്പലിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ 28 സാങ്കേതിക വിദഗ്ധരെ നിയമിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍