വ്യാജ മെഡിക്കല്‍ രേഖകള്‍ നിര്‍മിച്ചിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍Published on Sat, 06/16/2012 - 11:03 ( 48 weeks 3 days ago)
മസ്കത്ത്: ഒമാനിലേക്ക് തൊഴില്‍വിസയില്‍ വരുന്നതിനും ജോലിനേടുന്നതിനും ആവശ്യമായ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ വ്യാജമായി നിര്‍മിച്ച് നല്‍കിയിരുന്ന രണ്ടുപേര്‍ അറസ്റ്റിലായി. പിടിയിലായ രണ്ടുപേരും ഏഷ്യന്‍ രാജ്യക്കാരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വാര്‍ത്താകുറിപ്പില്‍ അറയിച്ചു. വിസ ലഭിക്കുന്നതിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഒരാളാണ് ആദ്യം പിടിയിലായത്. പി.ബി.ബി. എന്ന് ചുരുക്കപേരില്‍ പൊലീസ് പരിചയപ്പെടുത്തുന്ന ഇയാള്‍ക്ക് എവിടെ നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചത് എന്ന അന്വേഷണത്തിലാണ് കേസിലെ രണ്ടാംപ്രതി പിടിയിലാകുന്നത്. പൊലീസിന്റെ സി.ഐ.ഡി. വിഭാഗം റൂവി പൊലീസും സംയുക്തമായാണ് കേസ് അന്വേഷിച്ചിരുന്നത്. അറസ്റ്റിലായ ജി.പി.ജി എന്ന ചുരുക്കപേരുള്ള പ്രതിയുടെ താമസ സ്ഥലത്തുനിന്ന് രേഖകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കമ്പ്യൂട്ടര്‍, പ്രിന്റര്‍, വ്യാജസീലുകള്‍, വ്യാജ സര്‍ട്ടിഫിറ്റുകള്‍, ഫോമുകള്‍, സ്റ്റാമ്പുകള്‍ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തി. മെഡിക്കല്‍ പരിശോധനകള്‍ ഒഴിവാക്കുന്നതിന് പലര്‍ക്കും ഇവിടെ നിന്ന് മെഡിക്കല്‍ രേഖകള്‍ പണം വാങ്ങി വിറ്റിരുന്നതായി വ്യക്തമായിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രോസിക്യൂഷന് കൈമാറി. താമസിയാതെ ഇവരെ കോടതി നടപടികള്‍ക്കായി വിടും. |

നിങ്ങളുടെ അഭിപ്രായങ്ങള്‍