തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മുന്‍വര്‍ഷത്തേക്കാള്‍ 2.49 ലക്ഷം കുട്ടികള്‍ കുറഞ്ഞു. കഴിഞ്ഞവര്‍ഷം 42,35,285 കുട്ടികളുണ്ടായിരുന്നത് ഇക്കൊല്ലം 39,86,188 ആയി. 2,49,097 വിദ്യാര്‍ഥികളുടെ കുറവ്. ഒന്നാം ക്ളാസില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 21,225 വിദ്യാര്‍ഥികളുടെ കുറവുണ്ട്.
തലയെണ്ണലും അതിന്റെ അടിസ്ഥാനത്തിലുള്ള തസ്തിക നിര്‍ണയവും ഉപേക്ഷിച്ച ശേഷം നടക്കുന്ന ആദ്യത്തെ കണക്കെടുപ്പാണിത്. കുട്ടികള്‍ കുറഞ്ഞെങ്കിലും ഈ വര്‍ഷം അധ്യാപകരുടെ ജോലി നഷ്ടമാകില്ല. കഴിഞ്ഞവര്‍ഷത്തെ എണ്ണമനുസരിച്ച് ഈ വര്‍ഷം തസ്തിക നിര്‍ണയിക്കാനും പിന്നീട് കൃത്യമായ കണക്കെടുത്ത് സ്ഥിരം തസ്തിക നിര്‍ണയം നടത്താനും അധ്യാപക പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തലയെണ്ണലിന് പകരം ഈ വര്‍ഷം ഒരു ദിവസത്തെ ഹാജര്‍ നില പരിഗണിച്ചാണ് കുട്ടികളുടെ എണ്ണം കണക്കാക്കിയത്.
പുതിയ കണക്ക് പ്രകാരം അണ്‍ എയ്ഡഡ് സ്കൂളില്‍ മാത്രമാണ് നേരിയ വര്‍ധനയുണ്ടായത്; മൊത്തം 3,72,824 കുട്ടികള്‍. മുന്‍വര്‍ഷത്തേക്കാള്‍ 2,051 കുട്ടികളാണ് ഇവിടെ കൂടിയത്. സര്‍ക്കാര്‍ സ്കൂളില്‍ 63,416 പേര്‍ കുറഞ്ഞു. ഇപ്പോള്‍ 12,00,594 കുട്ടികള്‍. എയ്ഡഡില്‍ ഇക്കൊല്ലമുള്ളത് 24,10,719. കഴിഞ്ഞവര്‍ഷം 25,98,481. കുറഞ്ഞത് 1,87,762 പേര്‍.
ഒന്നാം ക്ളാസില്‍ എയ്ഡഡില്‍ 18,498 കുട്ടികളുടെ കുറവുണ്ടായി. മൊത്തം 1,69,548. സര്‍ക്കാര്‍ സ്കൂളില്‍ ഈ വര്‍ഷം 89,626 കുട്ടികള്‍ പുതുതായെത്തി. കഴിഞ്ഞവര്‍ഷം ഇത് 92,168 ആയിരുന്നു. 2542 കുട്ടികളുടെ കുറവ്. അണ്‍ എയ്ഡഡില്‍ ഇക്കൊല്ലം 185 കുട്ടികള്‍ കൂടി -42,973. ഒന്നാം ക്ളാസില്‍ കേരളത്തിലെ 13 ജില്ലകളില്‍ കുട്ടികള്‍ കുറഞ്ഞപ്പോള്‍ വയനാട്ടില്‍ നേരിയ വര്‍ധനയുണ്ടായി. ഇവിടെ 57 കുട്ടികള്‍ മുന്‍വര്‍ഷത്തേക്കാള്‍ അധികമെത്തി. ഇവിടെ സര്‍ക്കാര്‍ സ്കൂളിലും അണ്‍എയ്ഡഡ് സ്കൂളിലും കുട്ടികള്‍ വര്‍ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍