തിരുവനന്തപുരം: സ്കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നത് തടയാന്‍ നടപടികള്‍ കര്‍ക്കശമാക്കുന്നു. ഇതുസംബന്ധിച്ച നിയമനിര്‍മാണത്തിന് വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി.
അധ്യയനത്തിന്റെ ഭാഗമായും അല്ലാതെയും അധ്യാപകരില്‍നിന്ന് വിദ്യാര്‍ഥികള്‍ നേരിടുന്ന പീഡനം തടയാന്‍ നിലവിലെ നിയമം അപര്യാപ്തമാണെന്ന് വിലയിരുത്തിയാണ് കര്‍ക്കശമായ വ്യവസ്ഥകളോടെ പുതിയ നിയമം കൊണ്ടുവരുന്നത്.
അധ്യാപകരുടെ അതിരുവിട്ട ശിക്ഷാ നടപടികള്‍ ഈയിടെ വന്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കുട്ടികളെ അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവങ്ങളും കേരളത്തിലുണ്ട്. മാനസികമായ പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും സ്കൂളുകളില്‍ വ്യാപകമാകുന്നുണ്ട്. എന്നാല്‍ നിലവില്‍ സര്‍വീസ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് ഇത്തരം പരാതികളില്‍ നടപടികളെടുക്കുന്നത്. നടപടികള്‍ വൈകാനും ഗൗരവം നഷ്ടപ്പെടാനും ഇത് കാരണമാകുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
വിദ്യാര്‍ഥി പീഡനമുണ്ടായല്‍ അധ്യാപകനെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തുക എന്നതാകും നിയമത്തിലെ പ്രധാന വ്യവസ്ഥ. ഇവരെ സര്‍വീസില്‍നിന്ന് പുറത്താക്കില്ല. പകരം സ്കൂളില്‍നിന്ന് ഒഴിവാക്കി മറ്റ് ജോലികള്‍ക്ക് നിയോഗിക്കും. ഇവര്‍ക്ക് പിന്നീട് അധ്യാപകജോലി ചെയ്യാനാവില്ല.
നിയമത്തിന്റെ പ്രാഥമിക രൂപരേഖ തയാറാക്കി അധ്യാപക സംഘടനകള്‍ക്ക് നല്‍കും. അവരുടെ അഭിപ്രായങ്ങള്‍ കൂടി ചേര്‍ത്താകും അന്തിമ രൂപം നല്‍കുക. നിയമനിര്‍മാണത്തിന്റെ മുന്നോടിയായി വ്യാപകമായ ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകളില്‍ സ്റ്റാഫ് കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് അധ്യാപകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും. ഇത് ഈ അധ്യയന വര്‍ഷാരംഭത്തില്‍തന്നെ പൂര്‍ത്തിയാക്കും. നിയമനിര്‍മാണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കുന്ന പ്രാഥമിക രൂപരേഖ ഈ യോഗങ്ങളില്‍ അവതരിപ്പിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍