തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കക്ക് വേണ്ടി സ്വാനിന്റെ ഒറ്റയാള്‍ പോരാട്ടം

തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കക്ക് വേണ്ടി സ്വാനിന്റെ ഒറ്റയാള്‍ പോരാട്ടം

ദോഹ: മഞ്ഞുപുതഞ്ഞ അന്റാര്‍ട്ടിക്കിന്റെ മൈനസ് 49 ഡിഗ്രിയിലെ കൊടും തണുപ്പില്‍ ഭൂഗോളത്തിന്റെ ദക്ഷിണധ്രുവത്തില്‍ 70 ദിവസം (1500 കിലോമീറ്ററോളം) തുടര്‍ച്ചയായി നടക്കുക! ഒന്നിലധികം തവണ മരണത്തെ മുഖാമുഖം കാണുകയും വിവരണാതീതമായ പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്ത അതിസാഹസിക ദൗത്യത്തിന് വിജയക്കൊടി നാട്ടിയ നിമിഷത്തില്‍, തങ്ങളെ തിരികെ കൊണ്ടുപോകാന്‍ വന്ന കപ്പല്‍ അല്‍പം മുമ്പ് മഞ്ഞുകട്ടയിലിടിച്ച് തകര്‍ന്നെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേള്‍ക്കേണ്ടിവരിക! പിന്നെ അടുത്ത കപ്പല്‍ വരാന്‍, നീണ്ട ഒരു വര്‍ഷത്തോളം മഞ്ഞുപാളികള്‍ക്ക് നടുവില്‍ കെട്ടിയുയര്‍ത്തിയ കുഞ്ഞുകൂടാരത്തില്‍ കാത്തുകിടക്കേണ്ടി വരിക! കേട്ടിരിക്കുന്നവരുടെ രക്തം ഉറഞ്ഞുപോകുന്ന ഈ കഥയിലെ നായകനായ റോബര്‍ട്ട് സ്വാന്‍ ഇപ്പോള്‍ ഉറക്കെ വിളിച്ച് പറയുന്നു: അന്റാര്‍ട്ടിക്കിനെ രക്ഷിക്കാന്‍ എല്ലാവരും മുന്നോട്ടുവരണം.
ഈ വര്‍ഷാവസാനം ഖത്തര്‍ ആതിഥ്യമരുളുന്ന കോപ് 18 (കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്) എന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യു.എന്‍ സമ്മേളനവുമായി ബന്ധപ്പെട്ട് ദോഹയിലെത്തിയതാണ് റോബര്‍ട്ട്. ഇടക്ക് വീണുകിട്ടിയ ഏതാനും നിമിഷങ്ങളില്‍ മഞ്ഞില്‍ പൊതിഞ്ഞ തന്റെ ജീവിത കഥ അദ്ദേഹം 'ഗള്‍ഫ് മാധ്യമ'വുമായി പങ്കുവച്ചു.
ചരിത്രത്തിലാദ്യമായി ഭൂഗോളത്തിന്റെ ഉത്തരധ്രുവത്തിലേക്കും ദക്ഷിണധ്രുവത്തിലേക്കും നടന്നടുത്ത വ്യക്തിയാണ് റോബര്‍ട്ട് സ്വാന്‍. 1984 മുതല്‍ 1986 വരെ നീണ്ട ആദ്യയാത്രയില്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം ദക്ഷിണധ്രുവത്തിലും 1987 മുതല്‍ 1989വരെ രണ്ടാമത്തെ യാത്രയില്‍ അഞ്ച് സുഹൃത്തുക്കളോടൊപ്പം ഉത്തരധ്രുവത്തിലും അദ്ദേഹം നടന്നു. 33ാമത്തെ വയസ്സിലാണ് ഈ നേട്ടം അദ്ദേഹം കൈവരിക്കുന്നത്. മനുഷ്യശരീരത്തിന് താങ്ങാന്‍ കഴിയുന്നതിലുമെത്രയോ കൂടുതല്‍ തണുപ്പും അനുബന്ധ പ്രയാസങ്ങളും സഹിച്ച ഈ രണ്ട് യാത്രകളില്‍ ആഗോള താപനത്തിന്റെ ദുരന്തഫലങ്ങള്‍ നേരില്‍ കാണാന്‍ അദ്ദേഹത്തിന് സാധിച്ചു. ഓസോണ്‍ പാളിയിലുള്ള ദ്വാരത്തിന്റെ ആഘാതം നേരിട്ടേല്‍ക്കുന്ന അന്റാര്‍ട്ടിക്കില്‍ ഇത്രയധികം നാള്‍ കഴിഞ്ഞതിന്റെ ഫലമായി തന്റെ കണ്ണുകളുടെ കറുപ്പുനിറം എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് സ്വന്തം കണ്ണിലേക്കു ചൂണ്ടി അദ്ദേഹം പറഞ്ഞു. ദീര്‍ഘനാളത്തേക്ക് വേണ്ട ഭക്ഷണവും മറ്റുസാധനങ്ങളും ചുമന്നുള്ള യാത്രയില്‍, ഒപ്പം കരുതിയിരുന്ന ഗ്യാസോലിന്‍ ഉപയോഗിച്ച് മഞ്ഞുകട്ടകള്‍ ഉരുക്കിയാണ് വെള്ളം കുടിച്ചിരുന്നത്. ഉത്തര ധ്രുവത്തിലേക്കുള്ള യാത്രയില്‍ ആര്‍ട്ടിക്കിലെ മഞ്ഞ് ആഗോള താപനം മൂലം ഉരുകി പെട്ടെന്ന് വെള്ളമായിത്തീരുന്ന പ്രതിഭാസത്തിനിടയില്‍ തങ്ങള്‍ മുങ്ങിമരിക്കുന്നതിന്റെ വക്കിലെത്തിയിരുന്നുവെന്ന് പറയുമ്പോള്‍ സ്വാനിന്റെ കണ്ണില്‍ തെളിയുന്നത് നിസ്സംഗത മാത്രം. ഒപ്പം അന്ന് മരിക്കാതെ ബാക്കിയായതിനാല്‍ തുടര്‍ന്നുള്ള ജീവിതം അന്റാര്‍ട്ടിക്കക്ക് വേണ്ടി നീക്കിവെക്കാനായതിലുള്ള സംതൃപ്തി. വിവിധ ശാസ്ത്ര പര്യവേഷണ സംഘങ്ങളുടെ യാത്രകളിലൂടെ അന്റാര്‍ട്ടിക്കയില്‍ കുന്നുകൂടിയ 1500ഓളം ടണ്‍ മാലിന്യങ്ങള്‍ നീക്കാന്‍ വേണ്ടി മാത്രം 1996-97 കാലത്ത് സ്വാന്‍ വീണ്ടും അന്റാര്‍ട്ടിക്കയിലെത്തി. ഇത്തവണ 25 രാജ്യങ്ങളില്‍ നിന്നുള്ള 35 യുവസാഹസികരുമായിട്ടായിരുന്നു യാത്ര. 47 വ4ഷത്തെ മാലിന്യങ്ങള്‍ നാലു മാസം നീണ്ട കഠിനയത്നത്തിലൂടെ നീക്കി, പെന്‍ഗ്വിനുകള്‍ക്ക് അവരുടെ കടല്‍ത്തീരം തിരിച്ചേല്‍പിച്ച് അവിടെ നിന്ന് തിരിക്കുന്നതിന് മുമ്പ് മറ്റൊരു പദ്ധതിക്കും സ്വാന്‍ തുടക്കം കുറിച്ചു. അന്റാര്‍ട്ടിക്കയിലെ ആദ്യ പരിസ്ഥിതി ബോധവത്കരണ സ്റ്റേഷന്‍ 'ഇ ബേസ്'എന്ന പേരില്‍ കിങ് ജോര്‍ജ് ദ്വീപില്‍ സ്ഥാപിച്ചു. ഏതാനും ശാസ്ത്രജ്ഞര്‍ ഉപേക്ഷിച്ചുപോയ ചെറിയ ഒരു സ്റ്റേഷനാണ് ഇതിന് വേണ്ടി തെരഞ്ഞെടുത്തത്. ഈ സ്റ്റേഷന്‍ ഇപ്പോള്‍ സൗരോര്‍ജവും കാറ്റും മാത്രം ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചിത്രങ്ങള്‍ സഹിതം സ്വാന്‍ വിശദീകരിച്ചു. അന്റാര്‍ട്ടിക്കയില്‍ ഇത് സാധ്യമാകുമെങ്കില്‍ ഭൂഗോളത്തിന്റെ മറ്റുഭാഗങ്ങളില്‍ ഇത് നിഷ്പ്രയാസം സാധിക്കുമെന്ന് അദ്ദേഹം ആണയിടുന്നു.
വീണ്ടും ധാരാളം അന്റാര്‍ട്ടിക്ക് പര്യവേഷണ യാത്രകള്‍ നടത്തിയ സ്വാനിന് വേണ്ടത് സാഹസികത ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരെയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്തരക്കാരെ അന്വേഷിച്ചുനടന്ന അദ്ദേഹത്തിന് അപ്രതീക്ഷിത കോണുകളില്‍ നിന്നുവരെ അനുകൂല പ്രതികരണം ലഭിച്ചു. ഒരിക്കല്‍ ദുബൈ സന്ദര്‍ശനത്തിനിടെ അന്റാര്‍ട്ടിക്കയിലേക്കു പോകാന്‍ തയാറുള്ള ആദ്യ വനിതയെ മിഡിലീസ്റ്റില്‍ നിന്ന് ലഭിച്ചു. യു.എ.ഇക്കാരിയായ ദാനയായിരുന്നു അത്. പിന്നീട് സൗദി അറേബ്യയില്‍ നിന്നും ഒമാനില്‍ നിന്നുമൊക്കെ വനിതകള്‍ ഇത്തരം യാത്രകളില്‍ ചേര്‍ന്നു.
'2041' എന്ന കമ്പനിയുമായി ലോകം ചുറ്റുകയാണ് സ്വാനിപ്പോള്‍. 1991ല്‍ ലോകരാജ്യങ്ങള്‍ ഒപ്പുവെച്ച അന്റാര്‍ട്ടിക്കയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ 50 വര്‍ഷത്തേക്ക് നിരോധിച്ച ഉടമ്പടി 2041ലാണ് പുനത്തപരിശോധനക്ക് വരുന്നത്. അന്റാര്‍ട്ടിക്കയിലെ ഖനനം എന്നന്നേക്കുമായി നിര്‍ത്തിവക്കണം എന്ന ആവശ്യമാണ് ഈ ഗ്രൂപ്പിന്റെത്.
ലോകത്ത് ഇന്ന് എല്ലാവര്‍ക്കും അവകാശപ്പെട്ട ഏകസ്ഥലം (അന്റാര്‍ട്ടിക്കയെ ഇന്ന് ലോകത്ത് നിലവിലുള്ള 700 കോടി ആളുകള്‍ക്ക് പകുത്ത് കൊടുത്താല്‍ എല്ലാവര്‍ക്കും ഒരു ഫുട്ബാള്‍ ഗ്രൗണ്ടിന്റെയത്ര സ്ഥലം കിട്ടുമെന്നാണ് സ്വാനിന്റെ പക്ഷം), ഭൂഗോളത്തില്‍ നിലവിലുള്ള ഏറ്റവും വലിയ വന്യപ്രദേശം എന്നീ നിലകളിലും സര്‍വോപരി ആഗോളതാപനം കഠിനമായാല്‍ ലോകത്തെ നല്ലൊരു ശതമാനം ജനങ്ങള്‍ ഇല്ലാതായി പോകാന്‍ സാധ്യതയുള്ള സ്ഥലമെന്നും മനസ്സിലാക്കി ഈ പ്രദേശത്തിന്റെ നിലനില്‍പിന് വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്ന് സ്വാന്‍ ആവശ്യപ്പെടുന്നു. അന്റാര്‍ട്ടിക്ക ഉരുകിയാല്‍ 150 മീറ്റര്‍ ഉയരത്തില്‍ നിലവിലുള്ള കടല്‍ ജലം ഉയരുമെന്നാണ് കണക്ക്കൂട്ടല്‍.
ഖത്തറില്‍ നടക്കുന്ന യു.എന്‍ കാലാവസ്ഥാ സമ്മേളനത്തിലും തന്റെ ദൗത്യം അതായിരിക്കുമെന്ന് റോബര്‍ട്ട് സ്വാന്‍ വിശദീകരിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus