12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

കെ.കെ. ജയചന്ദ്രനെ 23 ന് ചോദ്യം ചെയ്തേക്കും

കൊച്ചി: സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദ പ്രസംഗത്തിന്റെ വെളിച്ചത്തില്‍, ഉടുമ്പന്‍ചോല എം.എല്‍.എ കെ.കെ. ജയചന്ദ്രനെ അടുത്തയാഴ്ച പൊലീസ് ചോദ്യം ചെയ്യും. നിയമസഭ ചേരാത്ത അടുത്ത ശനിയാഴ്ചയോ ഞായറാഴ്ചയോ ചോദ്യം ചെയ്യാനാണ് തീരുമാനമെന്ന് പ്രത്യേക അന്വേഷണ സംഘം മേധാവി 'മാധ്യമ'ത്തോട് പറഞ്ഞു.
ഇക്കാര്യം നിയമസഭാ സ്പീക്കറെ അടുത്ത ദിവസം അറിയിക്കും. സ്വന്തം മണ്ഡലത്തിന് പുറത്ത്് ചോദ്യം ചെയ്യാനാണ് തീരുമാനം. മണ്ഡലത്തിന് പുറത്ത് ചോദ്യം ചെയ്യുമ്പോള്‍ അക്കാര്യം സ്പീക്കറെ അറിയിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ചോദ്യം ചെയ്യലിന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ജയചന്ദ്രന്‍ എം.എല്‍.എക്ക് പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി പ്രകാശ് തിങ്കളാഴ്ച നേരിട്ട് നോട്ടീസ് നല്‍കും. ബേബി അഞ്ചേരി വധക്കേസില്‍ അന്ന് സി.പി.എം നെടുങ്കണ്ടം ഏരിയ സെക്രട്ടറിയായിരുന്ന ജയചന്ദ്രന് വ്യക്തമായ ധാരണ ഉണ്ടെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നിരവധിപേരെ ചോദ്യം ചെയ്തതില്‍ നിന്ന് ബേബി അഞ്ചേരി വധക്കേസില്‍ ജയചന്ദ്രന്‍ എം.എല്‍.എ ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവ് ലഭിച്ചതായും പ്രത്യേക അന്വേഷണ സംഘം മേധാവി വെളിപ്പെടുത്തി. സി.പി.എം നെടുങ്കണ്ടം, രാജാക്കാട് ഏരിയ കമ്മിറ്റികളുടെ 1982- '83 കാലഘട്ടത്തിലെ മിനുട്സ് ബുക് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് പ്രത്യേക നോട്ടീസ് നല്‍കാനും അന്വേഷണ സംഘം തീരുമാനിച്ചു. ഈ കാലയളവില്‍ എന്തൊക്കെ വിവരങ്ങള്‍ മിനുട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അറിയുകയാണ് ലക്ഷ്യം. ഇതിന് പുറമെ അന്നത്തെ ഓഫിസ് സെക്രട്ടറിമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് നല്‍കണമെന്ന് സെക്രട്ടറിക്ക് നല്‍കുന്ന നോട്ടീസില്‍ ആവശ്യപ്പെടും.
സി.ആര്‍.പി.സി 164 അനുസരിച്ച് സാക്ഷികളില്‍ നിന്ന് മജിസ്ട്രേറ്റ് ശേഖരിച്ച മൊഴികളുടെ പകര്‍പ്പ് വെള്ളിയാഴ്ച പൊലീസിന് ലഭിച്ചു. സാക്ഷിമൊഴികളനുസരിച്ച് എം.എം. മണി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നതിനുവരെയുള്ള തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.എം. മണി സമര്‍പ്പിച്ച ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും. ഹൈകോടതിയുടെ തീരുമാനത്തിന് അനുസൃതമായി അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. മോഹന്‍ദാസ് നല്‍കിയ മൊഴിയാണ് പ്രധാനമായും പരിഗണിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം കേസുകളുടെ പുരോഗതി വിലയിരുത്തി. തിങ്കളാഴ്ച കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടുകളും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച ചെയ്തു. മണിയുടെ ഹരജിയെ എതിര്‍ത്ത് 28 ലധികം സുപ്രീംകോടതി ഉത്തരവുകള്‍ വെള്ളിയാഴ്ച പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ നിരത്തി. എഫ്.ഐ.ആര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണെന്നും എന്നാല്‍, 13 പേരെ കാണാനില്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇവരെ കണ്ടെത്തുകയെന്നത് പൊലീസിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com