Sat, 06/16/2012 - 10:44 ( 49 weeks 16 hoursago)
സര്‍ദാര്‍ജീസ് സിങ് ഫോര്‍ ജര്‍മനി
(+)(-) Font Size
സര്‍ദാര്‍ജീസ്  സിങ് ഫോര്‍ ജര്‍മനി
യൂറോ ബ്യൂറോ

ജര്‍മന്‍കാരുടെ ജീവിതത്തിന്റെ ഭാഗമാണ് സംഗീതം. എന്നും എപ്പോഴും എവിടെയും സംഗീതം അവര്‍ക്കൊപ്പമുണ്ടാകും. സാര്‍വദേശീയ ഫുട്ബാള്‍ മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍ ചാനലുകളും റേഡിയോ സ്റ്റേഷനുകളും ഫാന്‍മെയിലുകള്‍ എന്ന പബ്ലിക് വ്യൂ സെന്ററുകളുമൊക്കെ വ്യത്യസ്ത സംഗീത ഗ്രൂപ്പുകളുടെ അടിപൊളി ദേശസ്നേഹഗാനങ്ങള്‍കൊണ്ട് സമ്പുഷ്ടവുമാണ്. ഇത്തവണ സകല ചാനലുകളും തെരുവുകളും ഹോട്ടലുകളും വീടുകളും ഒരുപോലെ കീഴടക്കിക്കൊണ്ട് യൂറോ ജൈത്രയാത്ര നടത്തുന്നത് രണ്ട് ഇന്ത്യക്കാരാണ്. വ്യക്തമായി പറഞ്ഞാല്‍ രണ്ട് സര്‍ദാര്‍ജി സഹോദരന്മാര്‍, ലവ്ലിയും മോണ്ടിയും!
'ഓ ജര്‍മനീ വീ ലവ്യൂ' എന്ന ഗാനമാണ് അനൗദ്യോഗിക യൂറോ ഗാനമായി ജര്‍മനിയെ കീഴടക്കിയിരിക്കുന്നത്. പഞ്ചാബി ബംഗ്റാ നൃത്തശൈലിയില്‍ 'തട്ടുതകര്‍പ്പന്‍' ലീഡായി 'ഓ ജര്‍മനീ വീ ലവ്യൂ' ജര്‍മന്‍ ഹൃദയങ്ങള്‍ കീഴടക്കിക്കഴിഞ്ഞു.
1984ല്‍ ഖലിസ്ഥാന്‍ പോരാളികളായിട്ടാണ് ബര്‍ഫൂര്‍ സിങ് ബംഗുവും ജഗ്ബഹ്ദൂര്‍ സിങ് ബംഗുവും ജര്‍മനിയിലെ തുറമുഖ നഗരമായ ഹാംബുര്‍ഗിലെത്തിയത്, എന്നാല്‍, അതൊരു ഫലിതമായിട്ടാണവര്‍ കരുതുന്നത്. കാരണം വീട്ടിലെ പ്രാരബ്ധങ്ങളില്‍നിന്ന് രക്ഷനേടാന്‍ നാടുവിടുന്നതിനുവേണ്ടി കെട്ടിയ വേഷമായിരുന്നു അതെന്നും അവരുടെ ഹൃദയം എന്നും ഇന്ത്യക്കുവേണ്ടി തുടിക്കുന്നതാണെന്നുമാണ് ലവ്ലിയും മോണ്ടിയും ഇപ്പോള്‍ പറയുന്നത്.
പരമരസികരാണിരുവരും. ഒരിക്കലും സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുമില്ല. 1984ല്‍ ഹാംബുര്‍ഗിലെത്തി, ഒരുനേരത്തെ ആഹാരത്തിനുവേണ്ടി ചെയ്യാത്ത പണികളൊന്നുമുണ്ടായിരുന്നില്ല. മക്ഡൊണാള്‍ഡ്സിലെ 'ഹംബര്‍ഗര്‍' വില്‍പന മുതല്‍ വന്‍കിട ഹോട്ടലുകളിലെ പാത്രം കഴുകല്‍വരെ, ഒടുവില്‍ പാത്രം കഴുകലില്‍നിന്ന് കോടീശ്വരനിലേക്കെന്ന പ്രയോഗം യാഥാര്‍ഥ്യമാക്കിക്കൊണ്ടവര്‍ മുന്നേറുകയാണ്.
ഒരുവിധം പിടിച്ചുനില്‍ക്കാമെന്നായപ്പോള്‍ ഇരുവരുംകൂടി ഒരു മെഴ്സിഡസ് കാര്‍ വാങ്ങി. ബാല്യവും കൗമാരവും വയലില്‍ ട്രാക്ടര്‍ ഓടിച്ചു പരിചയമുണ്ടായിരുന്നതുകൊണ്ട് ജര്‍മന്‍ ഡ്രൈവിങ് ടെസ്റ്റ് അനായാസവുമായി. രാത്രി അനുജനും പകല്‍ ചേട്ടനും ടാക്സി ഡ്രൈവര്‍മാരായി. താമസിയാതെ ഹാംബുര്‍ഗ് നഗരത്തിലെ ജനകീയ ഡ്രൈവര്‍മാരുമായി ഇരുവരും; തങ്ങളുടെ യാത്രക്കാരെ ആഹ്ലാദിപ്പിക്കാനായി അടിപൊളി പഞ്ചാബി ഗാനങ്ങള്‍ അവര്‍ കാറില്‍ത്തന്നെ കേള്‍പ്പിക്കുകയും ചെയ്തു. ചിലപ്പോള്‍ സ്വന്തമായി അതേറ്റുപാടുകയും ചെയ്തു. പരമ്പരാഗതമായ പഞ്ചാബി സന്തുഷ്ട ശൈലിയില്‍, അതോടെ സ്ഥിരം യാത്രക്കാര്‍ക്ക് ഇവര്‍ പാടുന്ന പാട്ട് മതിയെന്നുമായി. ഇതിനിടയില്‍ ഇരുവരുംകൂടി ചില തട്ടുതകര്‍പ്പന്‍ ഗാനമേളകളും ഒരുക്കിയിരുന്നു.
ഭാഗ്യം വന്നത് മറ്റൊരു വഴിയിലായിരുന്നു. ജര്‍മനിയിലെ ജനകീയ ചാനലുകളിലൊന്നിലെ 'ബ്രേക്ഫാസ്റ്റ്' പ്രോഗ്രാമിന്റെ മോഡറേറ്റര്‍, ഒരു ദിവസം ഹാംബുര്‍ഗ് വിമാനത്താവളത്തില്‍നിന്ന് അവരുടെ പ്രക്ഷേപണകേന്ദ്രംവരെ ലവ്ലിയുടെ ടാക്സിയില്‍ കയറി, 30 മിനിറ്റ് യാത്രക്കിടയില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ പ്രത്യേക ചാതുര്യം മനസ്സിലാക്കിയ അവര്‍, അടുത്ത ദിവസത്തെ 'സുപ്രഭാതം' പരിപാടിയിലേക്ക് ലവ്ലിയെയും മോണ്ടിയെയും ക്ഷണിച്ചു. അവരവതരിപ്പിച്ച ലൈവ് ഗാനത്തെ തുടര്‍ന്ന് മറ്റൊരു ചാനലിലെ 'ഗൗരവ ചര്‍ച്ചക്കാരായ' ടീറ്റന്‍ ആന്‍ഡ് ഹിര്‍ഷ് ഹൗസന്റെ അതിഥികളുമായി. അതോടെയാണ് യൂറോകപ്പിനോടനുബന്ധിച്ച്, ഹാസ്യരസപ്രധാനമായ 'ഓ ജര്‍മനീ വീ ലവ്യൂ' ഇരുവരും കൂടി കമ്പോസ് ചെയ്തത്. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ അത് ഹിറ്റായതും. ഇന്ന് എല്ലാ ചാനലുകളിലും ലവ്ലിയും മോണ്ടിയും മത്സരത്തിനു മുമ്പേ, ലൈവായിത്തന്നെ 'ജര്‍മന്‍ ദേശീയഗാനം'പോലെ പ്രചാരമുള്ള, അവരുടെ 'ഓ ജര്‍മനീ' അവതരിപ്പിക്കുന്നു. പഞ്ചാബി സംഗീതവേഷവും അവരുടെ അനുപമമായ നൃത്തരീതിയും ഫാന്‍ മെയിലുകള്‍ക്ക് ഒഴിവാക്കാനാകാത്തതുമായി. കഴിഞ്ഞ 10 ദിവസത്തിനിടയില്‍ 37000 സീഡികളും വിറ്റുപോയിരിക്കുന്നു! ടാക്സി ഓടിക്കാന്‍ നേരമില്ലാത്തവിധം തിരക്കിലുമായി നമ്മുടെ സര്‍ദാര്‍ജിമാര്‍. അതുകൊണ്ട് വലഞ്ഞത് സംഗീതവും സ്നേഹവും കരുതി ഇവരുടെ വാഹനംമാത്രം ആശ്രയിച്ചിരുന്ന യാത്രക്കാരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus