Sat, 06/16/2012 - 10:40 ( 48 weeks 2 daysago)
ഡോണെസ്ക്: ആക്രമണ ഫുട്ബാളിന്റെ കളിയഴകില്‍ ആതിഥേയരെ ആധികാരികമായി കീഴടക്കിയ ഫ്രഞ്ചുപട യൂറോകപ്പ് ഫുട്ബാളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. പുതുതാരങ്ങളായ ജെറമി മെനസും യോഹാന്‍ കബായെയും രണ്ടാം പകുതിയില്‍ നേടിയ ഗോളുകളില്‍ 2-0ത്തിനാണ്് ഫ്രാന്‍സ് ഗ്രൂപ് 'ബി' മത്സരത്തില്‍ യുക്രെയ്നെ കീഴടക്കിയത്. രണ്ടു കളികളില്‍ നാലു പോയന്റുമായി ഫ്രാന്‍സ് ഒന്നാമതാണിപ്പോള്‍.
ഡോണ്‍ബാസ് അറീനയില്‍ കിക്കോഫിനൊപ്പം വിരുന്നെത്തിയത് കനത്ത മഴയായിരുന്നു. തുള്ളിക്കൊരു കുടമെന്ന കണക്കില്‍ കോരിച്ചൊരിഞ്ഞ മഴയില്‍ മൈതാനത്ത് കളി ശ്രമകരമായപ്പോള്‍ ഡറ്റ് റഫറി ബ്യോണ്‍ കുയിപേഴ്സ് മത്സരം നിര്‍ത്തിവെക്കാന്‍ വിസില്‍ മുഴക്കി. പിന്നീട് 50 മിനിറ്റ് കഴിഞ്ഞാണ് ഇരുനിരയും വീണ്ടും കളത്തിലെത്തിയത്.
മൈതാനം കളിക്ക് അനുയാജ്യമാക്കി ആരവങ്ങള്‍ക്കു കീഴെ വീണ്ടും പന്തുരുണ്ടു തുടങ്ങിയപ്പോള്‍ നീലക്കുപ്പായമിട്ട ഫ്രഞ്ചുപടക്കായിരുന്നു വ്യക്തമായ മേധാവിത്വം. കരീം ബെന്‍സേമയുടെ നേതൃത്വത്തില്‍ ഫ്രഞ്ചുകാര്‍ യുക്രെയ്ന്‍ വലയിലേക്ക് പലകുറി ലക്ഷ്യമിട്ടെങ്കിലും ഗോള്‍ അകന്നുനിന്നു. ആറാം മിനിറ്റില്‍ ബെന്‍സേമയുടെ ഷോട്ട് തടഞ്ഞിട്ട ആതിഥേയ ഗോളി ആന്ദ്രി പിയാറ്റോവ് തുടര്‍ന്നും തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകളുമായി ടീമിന്റെ രക്ഷക്കെത്തി. മധ്യനിരയില്‍ സമീര്‍ നസ്രിയും ഫ്രാങ്ക് റിബറിയും മികച്ച രീതിയില്‍ ചരടുവലിച്ചപ്പോള്‍ ഫ്രാന്‍സ് പന്തിന്മേല്‍ വ്യക്തമായ നിയന്ത്രണം കാട്ടി. ക്രിയേറ്റിവ് കളിക്കാരായ ഇരുവര്‍ക്കും നനഞ്ഞ പുല്‍ത്തകിടിയില്‍ പന്തടക്കത്തിന് ബുദ്ധിമുട്ടുണ്ടായതുമില്ല. ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളിലൂടെ ഫ്രഞ്ച് ഗോള്‍മുഖം റെയ്ഡ് ചെയ്യാനെത്തിയ ഷെവ്ചേങ്കോക്കും കൂട്ടര്‍ക്കും സ്വന്തം കാണികളുടെ പിന്തുണ വേണ്ടുവോളമുണ്ടായിരുന്നു.
16ാം മിനിറ്റില്‍ മെനെസിലൂടെ ഫ്രാന്‍സ് ആതിഥേയ വലയിട്ടു കുലുക്കിയെങ്കിലും ലൈന്‍സ്മാന്റെ ഓഫ്സൈഡ് ഫ്ളാഗ് വിലങ്ങുതടിയായി. 29ാം മിനിറ്റില്‍ റിബറിയുടെ പാസില്‍ നസ്രി തൊടുത്ത പൊള്ളുന്ന ഷോട്ട് പിയാറ്റോവ് അത്യുജ്ജ്വലമായാണ് തടഞ്ഞിട്ടത്. അഞ്ചുമിനിറ്റിനുശേഷം സെലിന്റെ പാസില്‍ ഷെവ്ചെങ്കോയുടെ ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് പ്രതിരോധിച്ചു. ഇടവേളയോട് അടുക്കവേ പിന്‍നിരയില്‍ ഏഴുപേരെ വിന്യസിച്ചാണ് യുക്രെയ്ന്‍ നില ഭദ്രമാക്കിയത്.
ഇടവേളക്കുശേഷം ഇരുഗോള്‍മുഖത്തേക്കും പന്ത് കയറിയിറങ്ങി. മെനസിന്റെ ഷോട്ട് പിയാറ്റോവ് തടഞ്ഞിട്ടശേഷം ഷെവ്ചെങ്കോയുടെ ഷോട്ട് ഇഞ്ചുകള്‍ക്ക് പിഴച്ചു. കളം നിഞ്ഞു കളിച്ച ഫ്രാന്‍സിന് അര്‍ഹതപ്പെട്ട ലീഡിലേക്ക് പിന്നീട് അധികം സമയമുണ്ടായില്ല. ഇടതുവിങ്ങിലൂടെയുള്ള നീക്കത്തിനൊടുവില്‍ ബെന്‍സേമയുടെ പാസ് മെനസിലേക്ക്. ബോക്സില്‍നിന്ന് മെനസ് നിലംപറ്റെ വലയുടെ വലതുമൂലയിലേക്ക് ഇടങ്കാലന്‍ ഷോട്ട് പായിച്ചപ്പോള്‍ ഇതാദ്യമായി പിയാറ്റോവിന് മറുപടിയുണ്ടായില്ല. ഡോണെസ്കിലെ നിശ്ശബ്ദതക്ക് ആക്കം കൂട്ടി മൂന്നുമിനിറ്റിനുശേഷം ലീഡുയര്‍ന്നു. ബെന്‍സേമ തള്ളിക്കൊടുത്ത പന്തില്‍ കബായെയുടെ ഷോട്ടും പിയാറ്റോവിനെ നിസ്സഹായനാക്കി വലയുടെ വലതുമൂല ചേര്‍ന്നു കയറി.
65ാം മനിറ്റില്‍ ഗോളെന്നുറച്ച കബായെയുടെ ഷോട്ട് പോസ്റ്റിനെ പിടിച്ചുകുലുക്കി വഴിതെറ്റി. തുടര്‍ന്നും ആക്രമിച്ചുകളിച്ച ഫ്രഞ്ച് നിരയില്‍ മെനസ്, കബായെ, ബെന്‍സേമ എന്നിവര്‍ക്കു പകരം മാര്‍വിന്‍ മാര്‍ട്ടിന്‍, യോവാന്‍ എംവിയ്യ, ഒലിവര്‍ ഗിറൂഡ് എന്നിവര്‍ കളത്തിലെത്തി. അവസാന ഘട്ടത്തില്‍ യുക്രെയ്ന്‍ ആഞ്ഞുപിടിച്ചെങ്കിലും ഗോള്‍ പിറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍