ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്നും വേരുറക്കാത്ത വംഗനാട്ടില്‍ നിന്നെത്തി, ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ രണ്ടാമനായി മാറിയ പ്രണബ് കുമാര്‍ മുഖര്‍ജി ഇനി രാഷ്ട്രത്തിന്റെ പ്രഥമ പൗര പദവിയിലേക്ക്. ഉയര്‍ച്ചകള്‍ക്കും താഴ്ച്ചകള്‍ക്കുമിടയല്‍ പിടിച്ചുനിന്ന് പോരാടിയ 45 വര്‍ഷം പിന്നിട്ട രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ പ്രണബ് മുഖര്‍ജിയെ തേടിയെത്തുന്നത് യു.പി.എയുടെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം. അത് അരനൂറ്റാണ്ടിനോടടുക്കുന്ന സൗമ്യരാഷ്ട്രീയ വ്യക്തിത്വത്തിനുള്ള അംഗീകാരവുമായി.
അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം കൈായൊപ്പു ചാര്‍ത്തി പൊതുരംഗത്തും രാഷ്ട്രീയത്തിലും വെന്നിക്കൊടി പാറിച്ച ശേഷമാണ് വംഗനാടിന്റെ ആദര്‍ശ രാഷ്ട്രീയക്കാരന്‍ റൈസിനാ കുന്നിലെ രാഷ്ട്രപതി ഭവനിലേക്ക് പടികയറാന്‍ ഒരുങ്ങുന്നത്.
എ.ഐ.സി.സി അംഗവും പശ്ചിമ ബംഗാള്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്ന കമദ കിന്‍കര്‍ മുഖര്‍ജിയുടെ മകനായി 1935 ഡിസംബര്‍ 11ന് പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ജനനം. ചരിത്രം, രാഷ്ട്രമീമാംസ, നിയമം എന്നിവയില്‍ ബിരുദാനന്തര ബിരുദം. അധ്യാപകനും പത്രപ്രവര്‍ത്തകനുമായി കര്‍മരംഗത്തിറങ്ങിയ പ്രണബിന് അച്ഛന്റെ വഴി സ്വീകരിച്ച് രാഷ്ട്രീയത്തില്‍ രംഗപ്രവേശം കുറിക്കാന്‍ ഏറെ സമയം വേണ്ടി വന്നില്ല. അറുപതുകളുടെ രണ്ടാം പാദത്തില്‍ യുവത്വത്തിന്റെ തിളക്കവുമായി പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസില്‍നിന്നും ഉദിച്ചുയര്‍ന്ന നാലടി എട്ടിഞ്ചുകാരനായ കുറിയ നേതാവിനെ ദേശീയ രാഷ്ട്രീയവും ശ്രദ്ധിച്ചു തുടങ്ങി. ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ടുതുടങ്ങിയതോടെ ബംഗാളില്‍നിന്നുള്ള യുവനേതാവിന്റെ വളര്‍ച്ച എളുപ്പമായി. പതുക്കെ പതുക്കെ ഇന്ദിരാ യുഗത്തിലെ രണ്ടാമനായി വാണ പ്രണബ്, ഭരണതലത്തില്‍ ഇന്ദിരയുടെ വലംകൈയായും അറിയപ്പെട്ടു.
1969ല്‍ ആദ്യമായി രാജ്യസഭയിലെത്തി. തൊട്ടുപിന്നാലെ നാലു തവണയാണ് സഭയില്‍ അംഗമായത്. ഒരിക്കലും ലോകസഭ കാണാത്ത ദേശീയ നേതാവെന്ന് രാഷ്ട്രീയ ശത്രുക്കള്‍ ആക്ഷേപിച്ച പ്രണബ് കുമാര്‍ മുഖര്‍ജി ഒടുവില്‍ ആ 'ദുഷ്പേരും' തിരുത്തിയെഴുതി. 2004 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജംഗീപൂരിലെ ജനങ്ങളുടെ പ്രതിനിധിയായാണ് പ്രണബ് ആദ്യമായി ലോകസഭയിലെത്തിയത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായി വളരുന്നതിനിടെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള തുറന്ന പോരാട്ടം പ്രണബിന്റെ സ്വപ്നകുതിപ്പിനേറ്റ തിരിച്ചടിയായിരുന്നു. സ്വന്തം രാഷ്ട്രീയപാര്‍ട്ടിക്ക് അടിത്തറയിടാനും വിവാദങ്ങള്‍ പടച്ചുവിടാനും ശ്രമിച്ച പ്രണബിനെ, ആറു വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, രാഷ്ട്രീയ നീക്കങ്ങളില്‍ പ്രണബിന്റെ കൂര്‍മ ബുദ്ധി രാജീവിനും തള്ളിക്കളയാനായില്ല. ഒരുവര്‍ഷത്തിനു ശേഷം രാജീവ് തന്നെ തിരിച്ചെടുത്തതോടെ വീണ്ടും പ്രണബ് യുഗത്തിലേക്ക്.
1973ല്‍ വ്യവസായ വികസന സഹമന്ത്രിയായി മന്ത്രിസഭയില്‍ അംഗമായ പ്രണബിനെ തേടി ഒട്ടേറെ സുപ്രധാന വകുപ്പുകള്‍ എത്തിയതും മികച്ച സംഘാടനത്തിനുള്ള അംഗീകാരമായിരുന്നു. ധനകാര്യം (2009-12, 1982-84), വിദേശകാര്യം (2006-09, 1995-96), പ്രതിരോധം (2004-06) എന്നീ സുപ്രധാന വകുപ്പുകളും കൈകാര്യം ചെയ്ത പ്രണബിനെ ന്യൂയോര്‍ക്കില്‍നിന്നും പ്രസിദ്ധീകരിക്കുന്ന 'യൂറോ മണി' 1984ല്‍ ലോകത്തെ ഏറ്റവും മികച്ച അഞ്ചു ധനമന്ത്രിമാരില്‍ ഒരാളായി തെരഞ്ഞെടുത്തിരുന്നു.
1978ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗമായ പ്രണബ് പിന്നെ എ.ഐ.സി.സി ട്രഷററായും പ്രവര്‍ത്തിച്ചു. 1985ല്‍ പശ്ചിമ ബംഗാള്‍ പി.സി.സി അധ്യക്ഷനായി സ്ഥാനമേറ്റശേഷം 2010ല്‍ സ്വമേധയാ സ്ഥാനമൊഴിയുംവരെ ബംഗാള്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി വാണു. 2008ല്‍ രാഷ്ട്രം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ സൗമ്യ വ്യക്തിത്വത്തിനും സുസമ്മതനായ രാഷ്ട്രീയക്കാരനുള്ള അംഗീകരമായി 76ാം വയസ്സില്‍ ഇന്ത്യയുടെ പ്രഥമ പൗരനിലേക്കുളള പരവതാനിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍