12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

തമസ്കരണത്തിന്റെ ജീവചരിത്രം

തമസ്കരണത്തിന്റെ ജീവചരിത്രം

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ല ഒരിക്കല്‍ വിളിച്ചുപറഞ്ഞതുപോലെ ബുദ്ധിജീവി കാപട്യത്തിന്റെയും ഇരട്ടത്താപ്പിന്റെയും ഉത്തമ ഉദാഹരണമാണ് റജാ ഗരോഡിയോടുള്ള പടിഞ്ഞാറന്‍ സമീപനം. ഒരിക്കല്‍ മഹാനായ ചിന്തകനെന്ന് വാഴ്ത്തിപ്പാടിയവര്‍തന്നെ പിന്നീട് അദ്ദേഹം തങ്ങള്‍ക്കിഷ്ടമില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ തള്ളിപ്പറയുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. 1933ല്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയും 1945ല്‍ ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ഡെപ്യൂട്ടി സ്പീക്കറും സെനറ്ററുമാവുകയും ചെയ്ത ഫ്രഞ്ച് മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയായ ഗരോഡി സയണിസ്റ്റ് വിരുദ്ധനിലപാടുകള്‍ കാരണം എന്തുകൊണ്ട് തമസ്കരിക്കപ്പെട്ടു, വേണ്ടത്ര രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല എന്നത് നമുക്ക് മുന്നില്‍ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. മരിച്ചപ്പോള്‍ വെബ്സൈറ്റുകളില്‍ വന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. വിവാദ ഫ്രഞ്ച് ചിന്തകന്‍ അന്തരിച്ചു, ഫ്രഞ്ച് പോരാട്ടത്തില്‍നിന്ന് ഹോളോകോസ്റ്റ് തിരസ്കാരത്തിലേക്ക്: റജാ ഗരോഡി മരിച്ചു...
റജാ ഗരോഡിയുടേതായി മലയാളത്തില്‍ മൂന്ന് പുസ്തകങ്ങളുണ്ട്. അതുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ സൂചകങ്ങളാണ്. ജീവനുള്ള ഇസ്ലാം, എ.പി. കുഞ്ഞാമു വിവര്‍ത്തനം ചെയ്ത സയണിസം, കെ.എസ്. നാരായണപ്പിള്ള മലയാളത്തിലാക്കിയ മാര്‍ക്സിസവും കലയും എന്നിവ. എന്നാല്‍, പി. ഗോവിന്ദപ്പിള്ളയടക്കമുള്ള കേരളത്തിലെ മാര്‍ക്സിസ്റ്റ് ബുദ്ധിജീവികള്‍ അദ്ദേഹത്തെ പിന്നീട് സൗകര്യപൂര്‍വം മറന്നു.
മൂലധനാധിപത്യം, പൊളിറ്റിക്കല്‍ സയണിസം, വംശീയത തുടങ്ങിയവയാണ് എല്ലാ കാലഘട്ടത്തിലും നീതിനിഷേധത്തിന്റെയും മനുഷ്യാവകാശലംഘനങ്ങളുടെയും കാരണങ്ങളെന്ന് വിശ്വസിച്ച അദ്ദേഹത്തിന്റെ ജീവിതഘട്ടങ്ങള്‍ ഇത് തെളിയിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ അധിനിവേശത്തിനെതിരായ ഫ്രഞ്ച് പോരാട്ടത്തില്‍ പങ്കെടുത്ത് ജയിലില്‍പോയ അദ്ദേഹം പിന്നീട് അറസ്റ്റിലാകുന്നത് ഇസ്രായേല്‍ ചരിത്ര മിത്തിനെയും ഹോളോകോസ്റ്റിനെയും ചോദ്യംചെയ്യുന്ന ദ ഫൗണ്ടിങ് മിത്ത്സ് ഓഫ് മോഡേണ്‍ ഇസ്രായേല്‍ എന്ന പുസ്തകമെഴുതിയതിന്റെ പേരിലാണ്. 1998ല്‍ പാരിസ് കോടതി 18,000 ഡോളര്‍ പിഴയും ജയില്‍ശിക്ഷയും വിധിച്ചു. 'ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത ഭൂമി' എന്ന വ്യാജപ്രമാണത്തിന്റെ പേരില്‍ തദ്ദേശീയ ജനതയെ കൂട്ടക്കൊല ചെയ്യുകയും ജന്മഭൂമിയില്‍നിന്ന് പുറംതള്ളുകയും ചെയ്യുന്ന സയണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ബൈബ്ളിനെയും ചരിത്രവസ്തുതകളുടെയും പിന്‍ബലത്തോടെതന്നെ അദ്ദേഹം പൊളിക്കുന്നുണ്ട്. സയണിയത്തെ നാസിസവുമായാണ് അദ്ദേഹം താരതമ്യംചെയ്തത്. 1968ലെ ചെക്കോസ്ലൊവാക്യയിലെ കമ്യൂണിസറ്റ്് അധിനിവേശത്തിനെതിരെ പ്രതികരിക്കുന്നതും നീതിയുടെ പക്ഷംചേര്‍ന്ന് നില്‍ക്കുന്നതു കൊണ്ടാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളപ്പെടുന്നത് ഇതോടനുബന്ധിച്ചാണ്. 1982ലാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്.
1985ല്‍ ഫറോക്കില്‍ നടന്ന എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത് പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളുടെ ആക്രമണത്തിനെതിരെ, വിശേഷിച്ച് സകല ധാര്‍മികതയും മൂല്യങ്ങളും നിഷേധിക്കുന്ന പ്രകൃത തത്ത്വജ്ഞാനത്തിനും മനുഷ്യന്റെ സാമൂഹികവശത്തെ നിഷേധിക്കുന്ന വ്യക്തി മാഹാത്മ്യവാദത്തിനും എതിരെ ചെറുത്തുനില്‍ക്കാന്‍ എല്ലാ വിഭാഗങ്ങളും കൈകോര്‍ക്കണമെന്നാണ്. ദൈവഭക്തിയിലൂടെയേ മനുഷ്യവര്‍ഗത്തിന്റെ ഏകത്വം സാധ്യമാകൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com