യു.ഡി.എഫിനും ഉമ്മന്‍ചാണ്ടി മന്ത്രിസഭക്കും അനല്‍പമായ ആത്മവിശ്വാസവും ആശ്വാസവും പകര്‍ന്നുകൊണ്ടാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്. ഇടതുമുന്നണിയിലെ മുഖ്യഘടകമായ സി.പി.എമ്മിന്റെ ഒരു നിയമസഭാ സാമാജികന്‍, കുതിരക്കച്ചവടത്തിലൂടെ പുറത്തുചാടിക്കപ്പെട്ടതോ അഭിപ്രായവ്യത്യാസംമൂലം സ്വയം പുറത്തുചാടിയതോ എന്ന കാര്യം ഇപ്പോഴും വിവാദപരമാണെങ്കിലും ഈ ഓപറേഷന്‍ ഐക്യജനാധിപത്യ മുന്നണിക്ക് ലാഭക്കച്ചവടമായി എന്ന് സമ്മതിക്കണം. അവശേഷിച്ച നാലു വര്‍ഷം താന്‍കണ്ടവഴിയേ ഭരണം മുന്നോട്ടു കൊണ്ടുപോവാന്‍ ഇനി മുഖ്യമന്ത്രിക്ക് തടസ്സമൊന്നുമില്ല. എല്ലാ തലത്തിലും പ്രതിരോധത്തിലായ പ്രതിപക്ഷത്തിന് വിചാരിച്ചാല്‍പോലും ഭരണപക്ഷത്തുനിന്ന് വ്യക്തികളെയോ പാര്‍ട്ടികളെയോ അടര്‍ത്തിയെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. 67-73 എന്ന എം.എല്‍.എമാരുടെ അനുപാതം യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം സുഖകരമായ അവസ്ഥയാണ് സമ്മാനിച്ചിരിക്കുന്നത്. തന്മൂലം ഒറ്റയാള്‍ പാര്‍ട്ടികള്‍ അനര്‍ഹമായ വിലപേശലിനും സമ്മര്‍ദത്തിനും തയാറായേക്കാവുന്ന ഭീഷണിയും തല്‍ക്കാലം ഒഴിവായിട്ടുണ്ട്.
നെയ്യാറ്റിന്‍കരയില്‍ ഭരണപക്ഷത്തിന്റെ വിജയം അപ്രതീക്ഷിതമല്ല, വിശിഷ്യാ പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കൈവരിച്ച തകര്‍പ്പന്‍ വിജയത്തിനുശേഷം. നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചപ്പോള്‍ അവിചാരിതമായി വീണുകിട്ടിയ ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്‍ വധവും തുടര്‍ന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ കുപ്രസിദ്ധമായ പ്രസംഗവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശെല്‍വരാജിന്റെ നില തീര്‍ത്തും ഭദ്രമാക്കുന്നതായിരുന്നു. അദ്ദേഹത്തെ കുലംകുത്തി എന്ന് വിശേഷിപ്പിക്കാന്‍ സി.പി.എമ്മിന് ന്യായീകരണമുണ്ടായിരിക്കെത്തന്നെ ആ ദിശയിലെ പ്രചാരണം ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. തന്നെയല്ല, പൈശാചികമായി കൊല്ലപ്പെട്ട ചന്ദ്രശേഖരനെക്കുറിച്ച 'കുലംകുത്തി' പ്രയോഗം പാര്‍ട്ടിക്കകത്തും പുറത്തും ഒരുപോലെ വിവാദമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിലേക്കുള്ള തന്റെ ചേക്കേറല്‍ പ്രാണഭയംകൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശെല്‍വരാജിന് അവസരം ലഭിക്കുകയും ചെയ്തു. യു.ഡി.എഫില്‍ ചേരല്‍ ആത്മഹത്യാപരമാണെന്ന് സി.പി.എമ്മില്‍നിന്ന് രാജിവെച്ച ഉടനെ പരസ്യമായി പ്രസ്താവിച്ച്, പാര്‍ട്ടി വിട്ടവരെകൂട്ടി പുതിയ ഇടതുബദലിന് വഴിതേടിയ ആളാണ് ശെല്‍വരാജ്. ടി.പി. ചന്ദ്രശേഖരന്‍ വധവും മണിയുടെ പ്രസംഗവുമാണ് ഇടതുമുന്നണിയുടെ പരാജയകാരണമെന്ന് പ്രതികരിച്ച വി.എസ്. അച്യുതാനന്ദന്‍ ലക്ഷ്യമിടുന്നത് സി.പി.എം നിലപാടുകളുടെ പുനഃപരിശോധനയെക്കാള്‍ തന്റെ നില ഭദ്രമാക്കുന്നതോടൊപ്പം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുമാണെന്ന് വ്യക്തം. മറുവശത്ത് സ്വന്തം നിലപാട് ശക്തമായി ന്യായീകരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി പ്രയാസപ്പെടേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. സെക്രട്ടേറിയറ്റംഗം തോമസ് ഐസക്കിന്റെ വേറിട്ട ശബ്ദവും അതിന്റെതായ സൂചനകള്‍ നല്‍കുന്നു. എന്നാല്‍, പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നിട്ടില്ലെന്ന സി.പി.എം സെക്രട്ടേറിയറ്റിന്റെ അവകാശവാദം അടിസ്ഥാനരഹിതമല്ലെന്ന് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച വിശകലനം വ്യക്തമാക്കുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 8517 വോട്ടാണ് ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നഷ്ടപ്പെട്ടത്. അതേയവസരത്തില്‍ മണ്ഡലത്തില്‍ 19728 സമ്മതിദായകര്‍ വര്‍ധിച്ചിട്ടുണ്ട്. പോളിങ്ങും 10 ശതമാനത്തോളം കൂടിയിട്ടുണ്ട്. ആനുപാതികമായ വര്‍ധന ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ വോട്ടുകളില്‍ ഉണ്ടായില്ല. ഒപ്പം 8517 വോട്ട് കുറയുകയും ചെയ്തു. ഇടത് അനുഭാവികളുടെയും സഹയാത്രികരുടെയും പിന്തുണ മുന്നണിക്ക് നഷ്ടപ്പെട്ടു എന്നാണിതില്‍നിന്ന് മനസ്സിലാക്കേണ്ടത്. അവരാണുതാനും ഏറിയകൂറും വി.എസ് അനുകൂലികള്‍.
ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം ബി.ജെ.പി സ്ഥാനാര്‍ഥി നേടിയ അഭൂതപൂര്‍വമായ വോട്ടാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 23777 വോട്ട് കാവിപ്പടക്ക് കൂട്ടാനായത് തീര്‍ച്ചയായും അവരുടെ മനോവീര്യം ഗണ്യമായി ഉയര്‍ത്തും. ദേശീയ നേതാവായ ഒ. രാജഗോപാലായിരുന്നു സ്ഥാനാര്‍ഥി എന്നത് ഈ നേട്ടത്തിനൊരു പ്രധാന കാരണമാവാം. എന്നാല്‍, മുസ്ലിം ലീഗിന്റെ അഞ്ചാംമന്ത്രിയെച്ചൊല്ലി ഉയര്‍ന്ന സാമുദായിക വിവാദവും വര്‍ഗീയധ്രുവീകരണാശങ്കയും ഇടതുപക്ഷം പ്രചാരണായുധമാക്കിയത് ഫലത്തില്‍ ഗുണംചെയ്തത് ബി.ജെ.പിക്കാണ്. ഹിന്ദു സവര്‍ണ വിഭാഗങ്ങളില്‍ യു.ഡി.എഫിനെക്കുറിച്ച ആശങ്ക സൃഷ്ടിക്കപ്പെട്ടപ്പോള്‍ പ്രതിച്ഛായ മോശമായ എല്‍.ഡി.എഫിനെയല്ല, ദേശീയ രാഷ്ട്രീയത്തില്‍ സവര്‍ണ മേധാവിത്വത്തെ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവിനെയാണ് അവര്‍ പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മതേതരത്വം അവകാശപ്പെടുന്ന രണ്ടു മുന്നണികള്‍ക്കുമുള്ള അപകടമുന്നറിയിപ്പാണ് ഫലത്തില്‍ ഇത്. അതേയവസരത്തില്‍ മുന്‍ കേന്ദ്രമന്ത്രിസഭാംഗത്തെ തന്നെ സ്ഥാനാര്‍ഥിയാക്കി സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കുകയും വര്‍ഗീയ പ്രചാരണതന്ത്രത്തില്‍ തന്നെ ഊന്നുകയും ചെയ്തിട്ടും നിയമസഭയില്‍ ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്നത് പാര്‍ട്ടിക്ക് വലുതായൊന്നും അഭിമാനിക്കാനോ പ്രതീക്ഷകള്‍ കെട്ടിപ്പടുക്കാനോ വകനല്‍കുന്നതല്ല. ചുരുക്കത്തില്‍ ശനിദശബാധിച്ച ഇടതുപക്ഷത്തെ ഒന്നുകൂടി തളര്‍ത്തുന്നതും ആശങ്കയുടെ മുള്‍മുനയില്‍നിന്ന് യു.ഡി.എഫിനെ മോചിപ്പിക്കുന്നതുമാണ് നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം.

നിങ്ങളുടെ അഭിപ്രായങ്ങള്‍