നെയ്യാറ്റിന്‍കരയില്‍ വിജയിച്ചത് യു.ഡി.എഫ് സ്ഥാനാര്‍ഥിയാണെന്നിരിക്കെതന്നെ ഈ വിജയം ആരുടെ ക്രെഡിറ്റിലാണ് രേഖപ്പെടുത്തേണ്ടതെന്നതില്‍ എല്ലാവര്‍ക്കുമുണ്ട് ആശയക്കുഴപ്പം. സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഇത് നിലനില്‍പിന്റെ വിഷയമായിരുന്നു. കഷ്ടിച്ച് രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ നിലവില്‍വന്ന സര്‍ക്കാറിന് പ്രതിപക്ഷത്തുനിന്നു മാറിവന്ന ഒരാളെ ഇവിടെ വിജയിപ്പിച്ചുകൊണ്ട് ഫലത്തില്‍ രണ്ടംഗങ്ങളുടെകൂടി വ്യത്യാസം നിയമസഭയില്‍ ഉണ്ടാക്കിയെടുക്കാനായി. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗത്തിനു പുറമേ 68-72 എന്നതില്‍ നിന്ന് 67-73 എന്ന അല്‍പം ഭദ്രമായ നിലയിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നു. മറ്റാരേക്കാള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഏറെ ആശ്വസിക്കാന്‍ വകനല്‍കുന്നതാണ് ഈ വിജയം. ശെല്‍വരാജ് സി.പി.എമ്മില്‍നിന്ന് സ്വയം പോയതല്ല, കോണ്‍ഗ്രസ് കുതിരക്കച്ചവടം നടത്തിയതാണെന്ന് സി.പി.എം ഇതുവരെ പ്രചരിപ്പിച്ചിരുന്നതിന് അടിസ്ഥാന കാരണവും ഇതുതന്നെയാണ്. ഭൂരിപക്ഷത്തില്‍ അല്‍പം മികവ് ആര്‍ജിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ പിടിച്ചാല്‍ കിട്ടില്ലെന്നു കരുതുന്നവരാണ് ഇടതുപക്ഷക്കാര്‍.
യു.ഡി.എഫ് വിജയിക്കാന്‍ കാരണമൊന്നും ചികയേണ്ടതില്ല. രാഷ്ട്രീയ അന്തരീക്ഷം അത്രകണ്ട് അവര്‍ക്ക് അനുകൂലമായിരുന്നു. അങ്ങനെ അനുകൂലമാക്കുന്നതില്‍ സി.പി.എമ്മിലെ ഇരുപക്ഷവും നല്‍കിയ സംഭാവന വളരെ വലുതാണ്. ടി.പി. ചന്ദ്രശേഖരന്‍ വധം മുതല്‍ എം.എം. മണിയുടെ ഏറ്റുപറച്ചില്‍ വരെ ഔദ്യോഗിക പക്ഷത്തിന്റെ സംഭാവനയാണെങ്കില്‍ വി.എസിന്റെ ഇടഞ്ഞുനില്‍പും സമീപനവും വോട്ടിങ് ദിവസത്തെ ഒഞ്ചിയം സന്ദര്‍ശനവുമെല്ലാം അദ്ദേഹത്തില്‍നിന്നുള്ള ദാനമാണ്. ഏതുവിധത്തില്‍ നോക്കിയാലും ഇടതുപക്ഷത്തിന് അനുകൂലമായ പലഘടകങ്ങളും അവിടെയുണ്ടായിരുന്നു. എന്നിട്ടും യു.ഡി.എഫ് നേട്ടമുണ്ടാക്കി. ആ നിലക്ക് സി.പി.എം നല്‍കിയ ഒരു ദാനമാണ് ഈ വിജയം എന്ന കരുതിയാല്‍ ആരും കുറ്റംപറയില്ല. ഇടതുപക്ഷമുന്നണിയില്‍ ഈ മണ്ഡലത്തില്‍ സ്വാധീനമുള്ള ഏകപാര്‍ട്ടി സി.പി.എമ്മാണ് എന്നത് ഇവിടെ സ്മരണീയമാണ്.
അതിനിടയിലാണ് ആരുടെ വിജയമാണിതെന്നത് തര്‍ക്കവിഷയമാകുന്നത്. സി.പി.എമ്മില്‍നിന്ന് മാറിയ ശെല്‍വരാജിന്റെയോ? രാഷ്ട്രീയതന്ത്രങ്ങള്‍ക്ക് കരുണാകരനെക്കാള്‍ മികവുകാട്ടാന്‍ മിടുക്കുകാട്ടുന്ന ഉമ്മന്‍ചാണ്ടിയുടെയോ? അതോ, സി.പി.എമ്മില്‍ വി.എസിനെ കുരിശിലേറ്റാന്‍ കാരണം നോക്കിനില്‍ക്കുന്ന ഔദ്യോഗികപക്ഷത്തിന്റെയോ ഔദ്യോഗികപക്ഷത്തിനെതിരെ പരസ്യമായ നിലപാടെടുത്തുകൊണ്ട് വോട്ടെടുപ്പുദിനത്തില്‍ ഒഞ്ചിയം സന്ദര്‍ശിച്ച വി.എസിന്റെയോ? മുന്നണികളുടെ സാമുദായികതയില്‍നിന്ന് വര്‍ഗീയനേട്ടമുണ്ടാക്കാന്‍ ശ്രമിച്ച ബി.ജെ.പിയുടേതോ? വരുംദിനങ്ങളില്‍ കേരളത്തിലെ പ്രമുഖ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ രാഷ്ട്രീയ നിറഭേദമില്ലാതെ ചര്‍ച്ചചെയ്യേണ്ടിവരുന്ന പൊതുചോദ്യങ്ങളാണ്. ആദ്യ വിശകലനത്തില്‍ മേല്‍പറഞ്ഞ എല്ലാവരും അവരവരുടേതായ പങ്ക് വഹിച്ചതായി വിലയിരുത്താം. ആത്യന്തിക നേട്ടം കൊയ്തത് രാഷ്ട്രീയപാര്‍ട്ടികളല്ല, മറിച്ച് ചില വര്‍ഗീയമനസ്സുകളാണെന്ന് കരുതിയാല്‍ തെറ്റുമാകില്ല.
ശരിയായ വര്‍ഗീയ ധ്രുവീകരണമാണ് നെയ്യാറ്റിന്‍കരയില്‍ കണ്ടത്. കേരളത്തിലെ മതേതര മനസ്സുകള്‍ക്കുള്ള ഒരു മുന്നറിയിപ്പായാണ് ഇതിനെ കാണേണ്ടത്. മറ്റൊരു തിരിച്ചറിവുംകൂടി ഇവിടെനിന്ന് ലഭിക്കുന്നു. ഇടതുപക്ഷം- പ്രധാനമായും സി.പി.എം- ശോഷിക്കുന്നിടത്ത് സ്ഥൂലത കൈവരിക്കുന്നത് ബി.ജെ.പിയുടെ സവര്‍ണ വര്‍ഗീയതയാണ്. ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ നേടിയത് ഇവിടെ കോണ്‍ഗ്രസല്ല, ബി.ജെ.പിയാണ്. മറിച്ച് കണക്കുകൂട്ടിക്കൊണ്ട് ഇടതുപക്ഷവിജയം പ്രതീക്ഷിച്ചവരുടെ സങ്കല്‍പങ്ങള്‍ തകിടംമറിഞ്ഞിരിക്കുന്നു. ബി.ജെ.പി 25,000 ത്തില്‍ അധികം വോട്ടുപിടിച്ചാല്‍ ഇടതുപക്ഷത്തിന് വിജയം ഉറപ്പിക്കാമെന്ന് സി.പി.എമ്മിലെ രാഷ്ട്രീയ തന്ത്രജ്ഞര്‍ പലരും പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ യു.ഡി.എഫിലെ നേതാക്കളില്‍ പ്രമുഖര്‍ ആശങ്കാകുലരും ആയിരുന്നു. കാരണം, ബി.ജെ.പി അധികമായി ആര്‍ജിക്കാനിടയുള്ളത് യു.ഡി.എഫിലെ സവര്‍ണവോട്ടുകള്‍ മാത്രമാണെന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍, ഫലം വന്നപ്പോള്‍ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പലയിടത്തും ബി.ജെ.പി നേട്ടമുണ്ടാക്കിയിരിക്കുകയാണ്. അതിയന്നൂര്‍ പഞ്ചായത്തിലും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലും വന്‍ ലീഡുണ്ടാകുമെന്നു കരുതിയ സി.പി.എമ്മിനു തെറ്റി. ഈ രണ്ടിടങ്ങളിലുള്‍പ്പെടെ 65 ബൂത്തുകള്‍ എണ്ണിയപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഇടതുപക്ഷത്തിന് കുറഞ്ഞത് 8000 ത്തോളം വോട്ടുകളാണ്. യു.ഡി.എഫിന്റെ നഷ്ടമാകട്ടെ, 4000 വോട്ടില്‍ ഒതുങ്ങി. ബി.ജെ.പിയുണ്ടാക്കിയ നേട്ടം ഇവിടങ്ങളില്‍ നിന്നു മാത്രമായി 12,000 അധികവോട്ടുകളാണ്. മൊത്തം 20,000ത്തില്‍ അധികം വോട്ട് പ്രതീക്ഷിക്കാതെ രംഗത്തിറങ്ങിയ ബി.ജെ.പി ഫലംവന്നപ്പോള്‍ 30,000ത്തില്‍ അധികം വോട്ടുനേടിയതുകണ്ട് സ്വയം അദ്ഭുതപ്പെട്ടുപോയെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാകുന്നു.
ഇത് ശെല്‍വരാജിന്റെ വിജയമെന്ന് അദ്ദേഹംപോലും വിശ്വസിക്കുന്നുണ്ടാകില്ല. സി.പി.എം സ്വാധീന മേഖലകളില്‍നിന്ന് ശെല്‍വരാജിന് കഴിഞ്ഞതവണത്തേക്കാള്‍ വളരെ കുറഞ്ഞ വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫിന്റെ വോട്ടുകള്‍പോലും അതിയന്നൂര്‍ പഞ്ചായത്തിലും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലും പൂര്‍ണമായി ലഭിച്ചില്ലെന്ന് വ്യക്തമാണ്. ഇവിടെ സി.പി.എമ്മിനും യു.ഡി.എഫിനും ഗണ്യമായി വോട്ട് കുറഞ്ഞപ്പോള്‍ നേട്ടമുണ്ടായത് ബി.ജെ.പിക്കാണ്. ശെല്‍വരാജിന് മണ്ഡലത്തില്‍ വ്യക്തിപരമായി വോട്ട് ആര്‍ജിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ ഗുണം ലഭിക്കേണ്ടിയിരുന്നത് ഈ സി.പി.എം മേഖലകളിലാണ്.
ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. പ്രമുഖരായ ചില നേതാക്കള്‍പോലും പ്രചാരണ രംഗത്തുണ്ടായിരുന്നില്ല. കാലുമാറ്റക്കാരന്‍ എന്ന നിലക്കുള്ള സി.പി.എമ്മിന്റെ പ്രചാരണം ശെല്‍വരാജിനെതിരായ വികാരം ആദ്യഘട്ടത്തില്‍ ഉണ്ടാക്കിയിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധംപോലും ആദ്യ പാദത്തില്‍ മണ്ഡലത്തില്‍ ഇളക്കങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. ഈ ഘടകങ്ങളൊക്കെ സി.പി.എമ്മിന് അനുകൂലാവസ്ഥ ഉണ്ടാക്കി. അതേസമയം, സ്ഥാനാര്‍ഥിയെന്ന നിലയില്‍ ലോറന്‍സിന് മോശം പ്രതിച്ഛായയാണുണ്ടായിരുന്നത്. പക്ഷേ, നെയ്യാറ്റിന്‍കരയെന്നത് വി.എസ് പക്ഷത്തിന് സ്വാധീനമുള്ള മേഖലയാണ്. അതുമാത്രമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. ന്യൂനപക്ഷ വികാരവും പ്രാദേശിക സാമുദായിക വികാരവും ഇളക്കിവിടാന്‍ യു.ഡി.എഫ് നേതൃത്വം ശ്രമിച്ചു എന്ന ഇടതുപക്ഷ ആരോപണത്തെ തള്ളിക്കളയാനാവില്ല.
ടി.പി. ചന്ദ്രശേഖരന്റെ വധം ഒരു വൈകാരികപ്രശ്നമായി മാധ്യമങ്ങള്‍ ഉയര്‍ത്തിയതോടെ പ്രചാരണരംഗത്ത് സി.പി.എമ്മിന് താളം തെറ്റാന്‍ തുടങ്ങി. ശെല്‍വരാജിന്റെ കാലുമാറ്റത്തിന് കാരണങ്ങളായി അദ്ദേഹം പറഞ്ഞ കാര്യങ്ങളെ ന്യായീകരിക്കാന്‍ പോന്നതായിരുന്നു ടി.പി വധം. അക്കാര്യത്തില്‍ വി.എസ് എടുത്ത നിലപാടും, ടി.പി ധീരനായ കമ്യൂണിസ്റ്റാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും ഏറെ അനുരണനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ടി.പിയുടെ മൃതദേഹത്തില്‍ വി.എസ് അന്ത്യോപചാരം അര്‍പ്പിക്കുകയും പാര്‍ട്ടിയുടെ നേതൃത്വത്തെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രചാരണ നാളുകളില്‍ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതുകയും ചെയ്തതോടെ കാര്യങ്ങള്‍ തിരിഞ്ഞുമറിഞ്ഞു. വി.എസ് ഉണര്‍ത്തിവിട്ട ഈ വിരുദ്ധ ചിന്തകളെ മറികടക്കാനാണ് പ്രചാരണത്തിന്റെ അവസാനനാളില്‍ വി.എസിനെത്തന്നെ പാര്‍ട്ടി മണ്ഡലത്തില്‍ ഇറക്കിയത്. അദ്ദേഹം പ്രസംഗിച്ചയിടങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാവുകയും ചെയ്തു. എന്നാല്‍, എല്ലാത്തിനെയും തകിടംമറിച്ചുകൊണ്ട് വി.എസ് വോട്ടെടുപ്പുനാളില്‍ ഒഞ്ചിയം സന്ദര്‍ശിച്ചപ്പോള്‍ നേതൃത്വം അന്ധാളിച്ചുപോയി. നേതൃത്വത്തിന്റെ വിജയപ്രതീക്ഷകള്‍ കൈവിട്ടുപോയത് അവിടംമുതലാണ്. അതിനാല്‍ നെയ്യാറ്റിന്‍കര ഫലത്തെ വി.എസിന്റെ വിജയമായി വിലയിരുത്തുന്നവര്‍ പാര്‍ട്ടിക്കുള്ളിലും ഉണ്ട്.
എന്നാല്‍, ജയിക്കാമായിരുന്ന തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ പ്രധാന ഉത്തരവാദി നേതൃത്വംതന്നെയാണെന്ന വിമര്‍ശവും സി.പി.എമ്മില്‍ ഉയരുന്നുണ്ട്. ടി.പിയുടെ വധവും ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിയുടെ പ്രസംഗവും ഇല്ലായിരുന്നുവെങ്കില്‍ ജയസാധ്യത ഉറപ്പായിക്കാണുന്നു, ഇക്കൂട്ടര്‍. എം.എം. മണി നടത്തിയ കുമ്പസാരത്തില്‍നിന്നു വെളിവായ രഹസ്യങ്ങളില്‍ അവസാന പ്രതീക്ഷയും നഷ്ടമായെന്ന് അവര്‍ പറയുന്നു. വോട്ടെടുപ്പിനുശേഷം പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ നടത്തിയ റിപ്പോര്‍ട്ടിങ്ങില്‍ ജയിക്കുമെന്ന് ഉറപ്പില്ലായിരുന്നു. എങ്കിലും 1000 മുതല്‍ 2000 വരെ വോട്ടുകള്‍ക്ക് ജയിക്കാമെന്ന പ്രതീക്ഷയോടെയാണ് റിപ്പോര്‍ട്ടിങ് അവസാനിച്ചത്. അപ്പോള്‍തന്നെ വരാനിരിക്കുന്ന ഫലത്തെപ്പറ്റി നേതാക്കള്‍ക്ക് ഏകദേശചിത്രം ലഭിച്ചിട്ടുണ്ടാകണം. എന്നിരുന്നാലും ഈ മണ്ഡലത്തിലെ സി.പി.എമ്മിന്റെ വേരോട്ടത്തിന് ഒരു ഉടവും സംഭവിച്ചില്ല എന്നതാണ് സത്യം. ഇടിവ് സംഭവിച്ചിരുന്നുവെങ്കില്‍ പരാജയം 10,000 വോട്ടുകള്‍ക്കെങ്കിലും മുകളിലായിരുന്നേനേ. സി.പി.എമ്മിന്റെ കേഡര്‍ വോട്ടുകള്‍ അവര്‍ക്കുതന്നെ ലഭിച്ചു എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, സി.പി.എമ്മിന്റെ അനുഭാവ വോട്ടുകള്‍ ബി.ജെ.പിയിലേക്കും യു.ഡി.എഫിലേക്കും പോയതിന് കാരണം ടി.പി വധവും എം.എം. മണിയുടെ പ്രസ്താവനയും വി.എസിന്റെ നിലപാടുകളുമായിരുന്നു എന്ന് കണക്കാക്കാം.
നെയ്യാറ്റിന്‍കര മണ്ഡലം ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. സാമുദായികമായ വികാരങ്ങള്‍ സൂക്ഷിക്കുന്ന പ്രബലമായ രണ്ടു വിഭാഗങ്ങള്‍ക്കാണ് ഇവിടെ വോട്ടുള്ളത്. ഈ വിഭാഗങ്ങളില്‍തന്നെ ഉള്‍പ്പിരിവുകളുണ്ട്. നാടാര്‍ സമുദായത്തില്‍ ക്രിസ്തീയ-ഹൈന്ദവ വിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിവുണ്ട്. ക്രിസ്തീയ നാടാര്‍ വിഭാഗമാണ് ശക്തം. രണ്ടാം സ്ഥാനം നായര്‍ സമുദായമാണ്. ഇവരില്‍ ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും താല്‍പര്യമുള്ളവരുണ്ട്. എന്‍.എസ്.എസിന് ഇവിടെ സ്വാധീനമുണ്ട്. ഈഴവ സമുദായം അടക്കം മറ്റു സമുദായങ്ങള്‍ കുറവാണ്. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും ഇവിടെ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എസ്.എന്‍.ഡി.പി യോഗം നേതാക്കള്‍ ബി.ജെ.പിക്ക് അനുകൂലമായി പരസ്യപ്രസ്താവന നടത്തിയത് ആ വിഭാഗത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. പരസ്യമായി യു.ഡി.എഫിനെതിരെയാണ് പറഞ്ഞതെങ്കിലും എന്‍.എസ്.എസ് അവസാനം യു.ഡി.എഫിന് അനുകൂലമായി പ്രവര്‍ത്തിച്ചു എന്ന് വ്യക്തമാണ്. എങ്കിലും ഇവിടെ പ്രമുഖ കക്ഷികള്‍ എടുത്ത സാമുദായിക കാര്‍ഡുകളില്‍നിന്ന് നേട്ടമുണ്ടാക്കാനായത് ബി.ജെ.പിക്കാണ്. അതിനാല്‍ മതേതര രാഷ്ട്രീയ ചേരികളുടെ പിഴവായി ഈ തെരഞ്ഞെടുപ്പിനെ കരുതിയാല്‍ കുറ്റപ്പെടുത്താനാവില്ല.
ഹ

നിങ്ങളുടെ അഭിപ്രായങ്ങള്‍