Sat, 06/16/2012 - 00:36 ( 48 weeks 2 daysago)
വാഴ്സോ: ഒരു പകുതിയില്‍ കളിയും മറുപകുതിയില്‍ കളിപഠിപ്പിക്കലുമായി സ്പാനിഷ് അര്‍മഡ കളംനിറഞ്ഞപ്പോള്‍ 14ാമത് യൂറോകപ്പില്‍നിന്ന് പുറത്താകുന്ന ആദ്യ ടീമായി ജിയോവാനി ട്രപ്പറ്റോണിയുടെ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്.
'യൂ കാന്‍ നെവര്‍ ബീറ്റ് ദ ഐറിഷ്' എന്ന മനോഹര ഗാനവുമായാണ് പതിനായിരത്തിലധികം 'ഈറന്മാര്‍' അവരുടെ ഹൃദ്യമായ പച്ചക്കുപ്പായവുമായി മൈതാനം കീഴടക്കിയത്. എന്നാല്‍, പോര്‍ചുഗീസുകാരന്‍ റഫറി പ്രോണ്‍സ്കയുടെ വിസിലിനൊപ്പം കുതിച്ചുയര്‍ന്ന ഫെര്‍ണാണ്ടോ ടോറസും ദാവിദ് സില്‍വയും സാവിയും ആന്ദ്രി ഇനിയസ്റ്റയുംചേര്‍ന്ന് ഓഷിയ-ഡഫ്-ഡുന്‍-വാര്‍ഡ് കൂട്ടുകെട്ട് കാത്ത ഐറിഷ് പ്രതിരോധം പിച്ചിച്ചീന്തി കടന്നുകൊണ്ടിരുന്നു. ഒന്നാം മുന്നേറ്റത്തില്‍തന്നെ പന്ത് വലയിലെത്താന്‍ ഇരട്ടഗോള്‍ ഹീറോ ടോറസിന് കഴിയാതെ പോയത് ഐറിഷ് ഗോളി ഷേ ഗിവന്റെ മഹാഭാഗ്യമായി. എന്നാല്‍, മൂന്നു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സംഹാരഭാവവുമായി മുന്നേറിയ ടോറസ് തന്നെ നിലവിലെ ലോക-യൂറോ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു.
ഇറ്റലിക്കെതിരെ കാഴ്ചവെച്ച കാല്‍പന്തുകളി വിരുതല്ല, കപ്പ് നേടാനായി തങ്ങള്‍ കരുതിവെച്ചിരിക്കുന്നതെന്ന് തെളിയിക്കുന്ന പ്രകടനമാണ് പിന്നീട് വിസന്റ് ഡെല്‍ബോസ്കിന്റെ കുട്ടികള്‍ പുറത്തെടുത്തത്. അതിനിടയില്‍, സില്‍വ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍കൂടി കണക്കിലെടുത്തിരുന്നെങ്കില്‍, സ്പെയിനിന്റേത് റെക്കോഡ് വിജയമായേനേ. ടീം എന്ന നിലയില്‍ ഒത്തിണങ്ങാന്‍ കഴിയാതെപോയ ഹരിതവര്‍ണക്കാര്‍, റോബീ കീന്‍, കോക്സ്, രണ്ടാം പകുതിയിലെത്തിയ വാള്‍ട്ടേഴ്സ് എന്നിവരുടെ ഒറ്റയാന്‍ മുന്നേറ്റങ്ങളോടെ ഐകര്‍ കസിയാസിനെ പരീക്ഷിക്കുകയും ചെയ്തു. പരിചയസമ്പന്നനായ കീനിനെ തടഞ്ഞുനിര്‍ത്താന്‍ പടയോട്ടത്തിനിടയിലും സെര്‍ജിയോ റാമോസിനും ആല്‍വാരോ ആര്‍ബലോവക്കും ജെറാര്‍ഡ് പിക്വേക്കും പിടിപ്പത് പണിയെടുക്കേണ്ടിവന്നു.
രണ്ടു പാതികളിലായി രണ്ട് ഗോളുകള്‍ വീതം ടോറസിന്റെയും സില്‍വയുടെയും ഫാബ്രിഗസിന്റേതുമായി സ്പെയിനിന് ലഭിച്ചു. 74ാമത്തെ മിനിറ്റിലെ ഫാബ്രിഗസിന്റെ വല തകര്‍ക്കുംവിധമുള്ള ഗോള്‍ കെങ്കേമമായിരുന്നു.
രണ്ടാം പകുതിയില്‍ 'സ്റ്റില്‍ ഫുട്ബാള്‍' കാഴ്ചവെച്ച് നിലവിലെ ജേതാക്കള്‍ ട്രപ്പറ്റോണിക്കും കളി പഠിക്കാനവസരം നല്‍കി. അയര്‍ലന്‍ഡിനോടുള്ള വിജയം അനായാസമായിരുന്നുവെങ്കിലും കണക്കിലെ കളികള്‍കൂടി അനുകൂലമായാലേ നിലവിലെ ജേതാക്കള്‍ക്ക് ക്വാര്‍ട്ടറില്‍ എത്താനാകൂ. കാരണം, ഇറ്റലിക്ക് രണ്ടേരണ്ട് സമനിലപോയന്റുകളേ കൈവശമുള്ളൂവെങ്കിലും സൗമ്യരായ അയര്‍ലന്‍ഡാണ് അവസാന പ്രതിയോഗികള്‍. സംഹാരഭാവവുമായി ആദ്യ മത്സരം വിജയിക്കുകയും ഇറ്റലിയെ സമനിലയില്‍ കുഴക്കുകയുംചെയ്ത ക്രൊയേഷ്യയെയാണ് അര്‍മാഡോകള്‍ക്ക് അവസാന മത്സരത്തില്‍ നേരിടാനുള്ളത്.
കളിക്കളത്തിലെ ചീത്തക്കുട്ടികളായ മാറിയോ ബലോടെല്ലിയുടെയും അന്റോണിയോ കസാനോയുടെയും അസാധാരണമായ ഒരുമയും ഫൈറ്റിങ് സ്പിരിറ്റും ഷൂട്ടിങ് മികവും പ്രതിഫലിച്ച മത്സരത്തില്‍ അസൂറികള്‍, ക്രൊയേഷ്യക്കാരില്‍നിന്ന് സമനില ചോദിച്ചുവാങ്ങുകയായിരുന്നു. തന്ത്രത്തിലും സാങ്കേതികമികവിലും മുന്നിലായിരുന്ന ഇറ്റലി, ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കെങ്കിലും മുന്നേറേണ്ടതായിരുന്നു. എന്നാല്‍, അനിവാര്യ നിമിഷങ്ങളില്‍ അവരുടെ വിഖ്യാതമായ പ്രതിരോധനിര, പ്രത്യേകിച്ച് ഡി റോസിയും ബോനൂച്ചിയും ഉറങ്ങിപ്പോയത് മാന്‍ഡൂസ്മിക്കിന് ടൂര്‍ണമെന്റിലെ മൂന്നാം ഗോളിനും ഇറ്റലിക്കാരുടെ സമനിലക്കും വഴിവെച്ചു.
ഈ മത്സരപരമ്പരയിലെ ആദ്യത്തെ ഫ്രീകിക്ക് ഗോളായിരുന്നു ആന്‍ദ്രി പിര്‍ലോ 38ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ വന്‍മതിലിനു മുകളിലൂടെ മനോഹരമായി അടിച്ചുവലയിലിട്ടത്. അതിനേക്കാള്‍ മനോഹരമായി മാന്‍ഡൂസ്മിക്കിന്റെ 72ാം മിനിറ്റിലെ 'ബില്യാര്‍ഡ്സ്'- സമനില ഗോള്‍.
സമനില ക്രൊയേഷ്യക്കാരെ സന്തുഷ്ടരാക്കുമ്പോള്‍ കപ്പിന് അവകാശികളെന്ന വിശേഷണമുള്ള ഇറ്റലിക്കാരുടെ 'സമനില' തന്നെ തെറ്റിച്ചിരിക്കുകയാണ്. അവസാന മത്സരത്തില്‍ അശക്തരായ അയര്‍ലന്‍ഡിനെതിരെ ഗോള്‍മഴ തന്നെ വേണ്ടിവരും ക്വാര്‍ട്ടറിലെത്താന്‍. മറിച്ച് ഒരു സമനിലയോടെ ഇറ്റലിയെയോ ചിലപ്പോള്‍ സ്പെയിനിനെയോ പുറത്താക്കാന്‍ ക്രൊയേഷ്യക്കാര്‍ക്ക് കഴിയും. ചുരുക്കത്തില്‍, കേളീവിജയം മാത്രമല്ല ഗ്രൂപ് സിയിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നിശ്ചയിക്കുക. മറിച്ച് കണക്കിലെ കളികള്‍കൂടിയാണെന്ന് തെളിയിക്കുന്ന സമനിലയായി ക്രോട്ടുകളുടേത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍