Sat, 06/16/2012 - 00:31 ( 49 weeks 1 hourago)
ഒളിമ്പിക്സിന് പേസ്-ഭൂപതി സഖ്യം
(+)(-) Font Size
ഒളിമ്പിക്സിന് പേസ്-ഭൂപതി സഖ്യം
മിക്സഡില്‍ പേസും സാനിയയുമെന്ന് എ.ഐ.ടി.എ

ബംഗളൂരു: ലണ്ടന്‍ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടിയ ലിയാന്‍ഡര്‍ പേസിന്റെ പങ്കാളിയായി മഹേഷ് ഭൂപതിയെയായിരിക്കും അയക്കുകയെന്ന് ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ (എ.ഐ.ടി.എ). രോഹന്‍ ബൊപ്പണ്ണക്കൊപ്പം മാത്രമേ താന്‍ കളിക്കുകയുള്ളൂവെന്ന് ഭൂപതി അറിയിച്ചത് അവഗണിച്ചാണ് തീരുമാനം. ഇതിനെതിരെ താരം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, മിക്സഡ് ഡബ്ള്‍സില്‍ പേസ്-സാനിയാ മിര്‍സ സഖ്യം മതിയെന്നാണ് എ.ഐ.ടി.എയുടെ നിലപാട്.
രാജ്യം കണ്ട ഏറ്റവും മികച്ച ഡബ്ള്‍സ് ജോടിയായ പേസ്-ഭൂപതി സഖ്യം നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഒരുമിച്ചിരുന്നെങ്കിലും അധികം താമസിയാതെ വഴിപിരിഞ്ഞിരുന്നു. ലണ്ടനില്‍ പേസിനൊപ്പം കളിക്കാനില്ലെന്ന് ഭൂപതി അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. പുരുഷ ഡബ്ള്‍സില്‍ ഒരു ടീമിനെ മാത്രം അയച്ചാല്‍ മതിയെന്ന് വെള്ളിയാഴ്ചത്തെ യോഗത്തില്‍ എ.ഐ.ടി.എ തീരുമാനിച്ചതോടെയാണ് ഇരുവരുടെയും പേര് ഐകകണ്ഠ്യേന അംഗീകരിച്ചത്.
പേസിനൊപ്പം കളിക്കാന്‍ ഭൂപതിക്ക് താല്‍പര്യമില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, താരങ്ങളല്ല കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിക്കുകയെന്ന് എ.ഐ.ടി.എ സെക്രട്ടറി ജനറല്‍ അനില്‍ ഖന്ന പറഞ്ഞു. നാല് ഒളിമ്പിക്സുകളില്‍ അവര്‍ ഒരുമിച്ച് ഇറങ്ങിയിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് രാജ്യത്തിനായി കളിച്ചവരാണ് ഇരുവരും. ലണ്ടനിലും അതുണ്ടാവും. പേസിന്റെ ആസ്ട്രേലിയന്‍ ഓപണിലെയും ഭൂപതിയുടെ ഫ്രഞ്ച് ഓപണിലെയും പ്രകടനങ്ങളാണ് പരിഗണിച്ചത്. മാസാമാസം പരിശീലനത്തിനായി സര്‍ക്കാരില്‍നിന്ന് പണം പറ്റുന്ന താരങ്ങള്‍ക്ക് മറിച്ചൊന്നും ചെയ്യാന്‍ കഴിയില്ല. ഒരുമിച്ച് കളിച്ചില്ലെങ്കില്‍ നടപടിയെടുക്കും. മേലില്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാനും അനുവദിക്കില്ലെന്നും ഖന്ന കൂട്ടിച്ചേര്‍ത്തു.
ഇയ്യിടെ നടന്ന ഫ്രഞ്ച് ഓപണില്‍ ഭൂപതി-സാനിയ സഖ്യം മിക്സഡ് ഡബ്ള്‍സില്‍ കിരീടം ചൂടിയിരുന്നു. ഒളിമ്പിക്സിലും ഈ കൂട്ടുകെട്ട് തുടരാനാണ് താല്‍പര്യമെന്ന് സാനിയ അധികൃതരെ അറിയിച്ചിരുന്നെങ്കിലും പേസിനൊപ്പം ഇറങ്ങിയാല്‍ മതിയെന്നാണ് എ.ഐ.ടി.എ തീരുമാനം. ഇക്കാര്യത്തെക്കുറിച്ച് സാനിയയോടും കുടുംബത്തോടും സംസാരിച്ചതായും അവര്‍ക്ക് എതിര്‍പ്പില്ലെന്നും ഖന്ന അറിയിച്ചു. നേരിട്ട് യോഗ്യത ലഭിക്കാത്ത സാനിയക്കായി വൈല്‍ഡ് കാര്‍ഡ് പ്രവേശനം തേടുകയാണ് ടെന്നിസ് അസോസിയേഷന്‍. പുരുഷ സിംഗ്ള്‍സില്‍ സോംദേവ് ദേവവര്‍മനെയും ഇപ്രകാരം അയക്കാനാവുമോയെന്ന് നോക്കുന്നുണ്ട്.
എ.ഐ.ടി.എ തീരുമാനത്തിനെതിരെ ഭൂപതിയും ബൊപ്പണ്ണയും സംയുക്തമായാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. തങ്ങളെ ടീമാക്കിയാല്‍ മതിയെന്ന് അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടതാണ്. മറ്റൊരു താരവുമായി കൂടുന്ന പ്രശ്നമില്ല. എതിര്‍പ്പ് തുടരുമെന്നും ഇരുവരും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus