ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ ഒറ്റപ്പെട്ടുപോയ മമത ബാനര്‍ജിയുടെ യു.പി.എയിലെ ഭാവി ചോദ്യചിഹ്നമായി. സോണിയ ഗാന്ധിയെത്തന്നെ വിലമതിക്കാത്ത മമതക്ക് വേണമെങ്കില്‍ സ്വന്തംവഴി നോക്കാമെന്ന കാഴ്ചപ്പാടിലായിരുന്നു ഇന്നലെ കോണ്‍ഗ്രസ്. മമത എന്‍.ഡി.എയിലേക്ക് സമീപഭാവിയില്‍ നീങ്ങിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍, മമതയെ യു.പി.എയില്‍ ഉറപ്പിച്ചുനിര്‍ത്താനും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ തേടാനും തുടര്‍ന്നും ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വിശദീകരിച്ചു.
മമതയെ തള്ളി, പുറംപിന്തുണക്കാരായ സമാജ്വാദി പാര്‍ട്ടിയെയും ബി.എസ്.പിയെയും കൈയിലെടുക്കുന്ന തന്ത്രമാണ് കോണ്‍ഗ്രസ് അവസാന കരുനീക്കത്തില്‍ പുറത്തെടുത്തത്. മറ്റു സഖ്യകക്ഷികള്‍ ഇതില്‍ കോണ്‍ഗ്രസിനെ സഹായിച്ചു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായിവരെ കൂടിയാലോചിച്ച് കളം മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ യു.പി.എ യോഗത്തിന് എത്തിയത്. പ്രണബിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ, ആകെ വോട്ടുമൂല്യത്തില്‍ 52 ശതമാനത്തിലേറെ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രണബിന് എന്‍.ഡി.എയുടെ പിന്തുണ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരി എന്നിവരെ ഫോണില്‍ വിളിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് രൂപപ്പെടുത്താന്‍ ഇടതുപാര്‍ട്ടികള്‍ വൈകാതെ ദല്‍ഹിയില്‍ യോഗം ചേരും. പ്രണബ് രാഷ്ട്രപതി സ്ഥാനത്തേക്ക് ഏറ്റവും പറ്റിയയാളാണെന്ന് ഡി.എം.കെ പ്രസിഡന്റ് എം. കരുണാനിധി പറഞ്ഞു. അദ്ദേഹത്തിന് ഡി.എം.കെയുടെ പിന്തുണ ഉറപ്പാണെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍