ബംഗളൂരു: അനധികൃത ഖനനക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകനും ഷിമോഗ എം.പിയുമായ ബി.വൈ. രാഘവേന്ദ്ര, മറ്റൊരു മകന്‍ ബി.വൈ. വിജയേന്ദ്ര, മരുമകന്‍ ആര്‍.എന്‍. സോഹന്‍കുമാര്‍ എന്നിവര്‍ക്ക് സി.ബി.ഐ സമന്‍സ്. ശനിയാഴ്ച ചോദ്യംചെയ്യലിന് ഗംഗാനഗറിലെ സി.ബി.ഐ ഓഫിസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്. ജിന്‍ഡാല്‍ മൈനിങ് കമ്പനിക്ക് ഖനനത്തിന് ഭൂമി അനുവദിച്ചതിന് യെദിയൂരപ്പയുടെ ബന്ധുക്കള്‍ നടത്തുന്ന പ്രേരണ ട്രസ്റ്റിന് 20 കോടി സംഭാവന ലഭിച്ചുവെന്ന കേസില്‍ ചോദ്യം ചെയ്യാനാണ് സി.ബി.ഐ സമന്‍സ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബംഗളൂരു വികസന അതോറിറ്റി (ബി.ഡി. എ) മുന്‍ കമീഷണര്‍ എസ്. സിദ്ധയ്യയെ സി.ബി.ഐ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസത്തിനകം സി.ബി.ഐ അന്വേഷണസംഘം മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് യെദിയൂരപ്പക്കും നോട്ടീസ് അയക്കുമെന്ന സൂചനയുണ്ട്.
അതേസമയം, ഖനന കേസില്‍ യെദിയൂരപ്പയും മക്കളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി ജൂണ്‍ 18ലേക്ക് മാറ്റി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി യെദിയൂരപ്പക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഏപ്രില്‍ 20ന് ശിപാര്‍ശ ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍