12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

വിപ്ലവ നേട്ടങ്ങളെ കോടതിവിധി അട്ടിമറിച്ചു -ബ്രദര്‍ഹുഡ്

വിപ്ലവ നേട്ടങ്ങളെ കോടതിവിധി അട്ടിമറിച്ചു -ബ്രദര്‍ഹുഡ്
ഈജിപ്തില്‍ വ്യാപക പ്രതിഷേധം

കൈറോ: മുസ്ലിം ബ്രദര്‍ഹുഡിന് ഭൂരിപക്ഷമുള്ള ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് (പീപ്പ്ള്‍സ് അസംബ്ലി) പിരിച്ചുവിട്ട പരമോന്നത ഭരണഘടനാ കോടതിവിധിക്കെതിരെ ഈജിപ്ഷ്യന്‍ ജനത കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വിധിവന്ന ഉടനെ സുരക്ഷാഭടന്മാര്‍ക്കുനേരെ കല്ലേറുണ്ടായി. 'ഈജിപ്ത് പിന്നിലേക്ക് ഗമിക്കുന്നു' എന്നെഴുതിയ ബാനറുകളുമായി തെഹ്രീര്‍ സ്ക്വയറിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചു.
ഹുസ്നി മുബാറക് എന്ന ഏകാധിപതിയെ കടപുഴക്കിയ വിപ്ലവത്തിന്റെ നേട്ടങ്ങളെ കോടതിവിധി അട്ടിമറിച്ചിരിക്കുകയാണെന്ന് മുസ്ലിം ബ്രദര്‍ഹുഡ് പ്രതികരിച്ചു. പാര്‍ലമെന്റ് പിരിച്ചുവിട്ട് ലെജിസ്ലേറ്റിവ് ചുമതലകള്‍ സൈനിക കൗണ്‍സിലിന് നല്‍കിയതുവഴി ജനാധിപത്യപരമായ സര്‍വനേട്ടങ്ങളും തുടച്ചുനീക്കപ്പെട്ടതായും ബ്രദര്‍ഹുഡ് ചൂണ്ടിക്കാട്ടുന്നു.
പാര്‍ലമെന്റിലെ മൂന്നിലൊന്ന് സീറ്റുകളില്‍ സ്വതന്ത്രരെ മത്സരിപ്പിക്കണമെന്ന വ്യവസ്ഥ ആറു മാസംമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറിക്കപ്പെട്ടതിനാല്‍ നിലവിലെ പാര്‍ലമെന്റ് ഭാഗികമായി മാത്രമല്ല പൂര്‍ണമായി അസാധുവായിരിക്കുകയാണെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുബാറക് ഭരണത്തിന്റെ അവസാനനാളുകളിലേതിനേക്കാള്‍ ആപത്കരമായ സ്ഥിതിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ബ്രദര്‍ഹുഡ് വൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചു. ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഹസനമായേക്കുമെന്ന ആശങ്കയും രാഷ്ട്രീയ പാര്‍ട്ടികളില്‍ ശക്തിപ്പെടുന്നു. മുബാറക് ഭരണകാലത്തെ പ്രധാനമന്ത്രിയായിരുന്ന അഹ്മദ് ശഫീഖിന് മത്സരാനുമതി നല്‍കിയതിലൂടെ കോടതി മുബാറക് യുഗം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി നിരീക്ഷകര്‍ വിലയിരുത്തി.
വിധിയുടെ അട്ടിമറി സ്വഭാവത്തില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് മത്സരത്തില്‍നിന്ന് പിന്മാറാന്‍ ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിയോട് നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടു. കൊയിലീഷന്‍ ഓഫ് റെവലൂഷന്‍, കറന്റ് പാര്‍ട്ടി, നാഷനല്‍ ഫ്രന്റ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് ഡെമോക്രസി തുടങ്ങിയ സംഘടനകളാണ് ഈ അഭ്യര്‍ഥന നടത്തിയത്. അതേസമയം, കോടതിവിധിയെ മാനിക്കുന്നതായി അറിയിച്ച മുര്‍സി ജനാധിപത്യരീതിയെ മാനിക്കുന്നതായും വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ നടത്തിയ കോടതിയുടെ വിധിപ്രഖ്യാപനം സംശയമുണര്‍ത്തുന്നതായി പിരിച്ചുവിട്ട പാര്‍ലമെന്റ് സ്പീക്കറും ബ്രദര്‍ഹുഡ് നേതാവുമായ സഅദ് അല്‍ ഖത്തീനി വ്യക്തമാക്കി.
സൈനിക കൗണ്‍സിലിന് അധികാരം നല്‍കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും വ്യാപകമായ അറസ്റ്റുകള്‍ക്ക് പൊലീസിന് അധികാരം അനുവദിക്കുകയുംചെയ്ത പുതിയ നീക്കം സമ്പൂര്‍ണമായ സൈനിക അട്ടിമറിയാണെന്ന് കൈറോവിലെ രാഷ്ട്രീയ നിരീക്ഷകനായ ഇബ്രാഹീം അല്‍ഹുദൈബി വിലയിരുത്തി. പാര്‍ലമെന്റ് സ്വയം പിരിഞ്ഞ് മുട്ടുമടക്കാന്‍ പാടില്ലെന്ന് സലഫി ഗ്രൂപ്പായ അന്നൂര്‍ ആഹ്വാനം ചെയ്തു. അതിനിടെ പുതിയ ഭരണഘടന തയാറാക്കുന്ന ദൗത്യത്തിന് സൈന്യം മേല്‍നോട്ടം വഹിക്കുമെന്ന് സൈനിക കൗണ്‍സില്‍ അറിയിച്ചു.

അധികാരം സിവിലിയന്‍ ഭരണകൂടത്തിന് കൈമാറണം -ഹിലരി
വാഷിങ്ടണ്‍: ഈജിപ്തില്‍ അധികാരം എത്രയുംവേഗം സിവിലിയന്‍ സമിതിക്ക് കൈമാറാന്‍ തയാറാകണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്റന്‍ സൈനിക കൗണ്‍സിലിനോടാവശ്യപ്പെട്ടു.
ജനാധിപത്യ പാതയില്‍നിന്ന് ഈജിപ്ത് പിന്മാറരുത്. ജൂണ്‍ 16, 17 തീയതികളില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ സൈനിക കൗണ്‍സില്‍ പൂര്‍ണശ്രദ്ധ ചെലുത്തണം -ഹിലരി ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com