ഹൈദരാബാദ്: കുത്തനെ ഇടിയുന്ന സാമ്പത്തിക വളര്‍ച്ച മുന്‍നിര്‍ത്തി ജൂണ്‍ 18ന് പ്രഖ്യാപിക്കുന്ന വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷക്ക് ചെറിയ മങ്ങല്‍. വളര്‍ച്ച ബലി കഴിക്കാതെ പണപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്ന് ഹൈദരാബാദില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ പ്രതികരിച്ചതോടെയാണ് ഈ ആശങ്ക ഉയര്‍ന്നത്.എന്നാല്‍ വായ്പാ നയത്തില്‍ പലിശ നിരക്ക് കുറയ്ക്കുമെന്നു തന്നെയാണ് ഇപ്പോഴും ഭൂരിഭാഗവും കരുതുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കണമെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യം നിയന്ത്രിക്കണം. ആവശ്യം നിയന്ത്രിക്കുമ്പോള്‍ വളര്‍ച്ച കുറയും. പണപ്പെരുപ്പം താഴ്ത്തിക്കൊണ്ടുവരണമെങ്കില്‍ വളര്‍ച്ച അല്പം ബലികഴിക്കാതെ നിര്‍വാഹമില്ല ആര്‍.ബി.ഐ ഗവര്‍ണര്‍ ഡി. സുബ്ബറാവു പറഞ്ഞു.
എന്നാല്‍ 1991 ലെ പ്രതിസന്ധി ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അന്നത്തെയും ഇന്നത്തെയും സാഹചര്യങ്ങള്‍ തമ്മില്‍ വളരെ വലിയ അന്തരമുണ്ട്. അന്ന് 20000 കോടി ഡോളറിന്റെതായിരുന്നു ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ. എന്നാല്‍ ഇന്ന് അത് രണ്ട് ലക്ഷം കോടി ഡോളറിന്റെതാണ് അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍