കൊല്ലം: കേരളതീരത്ത് 47 ദിവസം നീളുന്ന ട്രോളിങ് നിരോധം വ്യാഴാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. നീണ്ടകര പാലത്തിന്‍െറ തൂണുകള്‍ അധികൃതര്‍ രാത്രി പന്ത്രണ്ടിന് ചങ്ങലയിട്ട് ബന്ധിച്ചു. ജില്ലയില്‍ പരവൂര്‍ മുതല്‍ അഴീക്കല്‍വരെ കടലിലും തീരത്തും നിരോധം സംബന്ധിച്ച അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ നല്‍കി. ജൂലൈ 31നാണ് നിരോധം അവസാനിക്കുക.
നിയമവിരുദ്ധ കായല്‍ ട്രോളിങിനെതിരെ പൊലീസ്, ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് വിങ് എന്നിവയുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. ട്രോളിങ് നിരോധം ബാധകമല്ലാത്ത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, ചെറുയാനങ്ങള്‍ തുടങ്ങിയവക്ക് ഇന്ധനം നിറയ്ക്കാന്‍ ശക്തികുളങ്ങര പാലത്തിന് സമീപത്തെ മത്സ്യഫെഡിന്‍െറ ബങ്ക് തുറക്കും. മറ്റെല്ലാ ഡീസല്‍ ബങ്കുകളും അടച്ചിട്ടു.
അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധത്തിന് മുമ്പ് കൊല്ലം തീരം വിടണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അഷ്ടമുടി കായലിന്‍െറ വിവിധ ഭാഗങ്ങളില്‍ നിയമവിരുദ്ധട്രോളിങ് അനുവദിക്കില്ല. തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകളില്‍ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം തുറന്നു. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരെ അപകടങ്ങളില്‍നിന്ന് രക്ഷിക്കാന്‍ തങ്കശ്ശേരി, അഴീക്കല്‍, നീണ്ടകര കേന്ദ്രീകരിച്ച് മൂന്ന് റെസ്ക്യൂ ബോട്ടുകള്‍ സജ്ജമാക്കി. ഗോവയില്‍നിന്ന് പരിശീലനം നേടിയ വിദഗ്ധരടങ്ങിയ സംഘങ്ങളാണ് റെസ്ക്യൂ ബോട്ടിലുള്ളത്. അഴീക്കല്‍ ഹാര്‍ബറില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്-പൊലീസ് സാറ്റലൈറ്റ് സ്റ്റേഷന്‍ ആരംഭിച്ചു.
യന്ത്രവത്കൃത ബോട്ടുകള്‍ കേരളതീരത്തുനിന്ന് 22 കിലോമീറ്ററിനുള്ളിലെ സമുദാതിര്‍ത്തിയില്‍ മീന്‍പിടിക്കുന്നത് നിരോധിക്കുന്നതാണ് ട്രോളിങ് നിരോധം. പരമ്പരാഗത രീതിയിലെ മത്സ്യബന്ധനം നടത്താം. സംസ്ഥാനത്തെ 590 കിലോമീറ്റര്‍ തീരത്താണ് ട്രോളിങ് നിരോധം. മത്സ്യങ്ങളുടെ പ്രജനന കാലമായ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ യന്ത്രവത്കൃത മത്സ്യബന്ധനം നിരോധിക്കുക എന്ന പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളുടെ ആവശ്യത്തെതുടര്‍ന്ന് 1988 ലാണ് ആദ്യമായി നിരോധം ഏര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍