കരുനാഗപ്പള്ളി: റെയില്‍വേഗേറ്റ് അടയ്ക്കുന്നതിനിടെ സ്വകാര്യബസ് പാഞ്ഞുകയറി ഗേറ്റ് തകര്‍ന്നു. ഗേറ്റിന്‍െറ അറ്റം വൈദ്യുതിലൈനില്‍ തട്ടാതെ തലനാരിഴക്ക് വന്‍ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ല. അമിതവേഗതയില്‍ ബസ് ഗേറ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കരുനാഗപ്പള്ളി റെയില്‍വേസ്റ്റേഷന്‍ പരിധിയിലെ ചിറ്റുമൂല ഗേറ്റിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ 8.35ഓടെ തിരുവനന്തപുരം-കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോകാന്‍ സിഗ്നല്‍ ലഭിച്ചതിനെതുടര്‍ന്ന് കീപ്പര്‍ ഗേറ്റ് അടയ്ക്കുന്നതിനിടെ പന്തളത്തുനിന്ന് കരുനാഗപ്പള്ളിക്കുവന്ന ബസാണ് ഗേറ്റ് ഇടിച്ചുതകര്‍ത്തത്.
ഗേറ്റ് ബസിന്‍െറ വലതുഭാഗത്ത് കൊരുത്ത നിലയിലായിരുന്നു. ഗേറ്റ് അല്‍പംമാത്രമേ താഴ്ന്നിരുന്നുള്ളൂ. അഗ്രഭാഗം റെയില്‍വേ വൈദ്യുതിലൈനിനുതാഴെ തരനാരിഴക്കാണ് തകര്‍ന്നുനീങ്ങിയത്. ബസില്‍ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളുമുള്‍പ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിതവേഗതയും ഗേറ്റ് അടയ്ക്കുംമുമ്പെ കടക്കാനുള്ള ശ്രമവുമാണ് അപകടകാരണമായത്. റെയില്‍വേട്രാക്കില്‍ കുടുങ്ങിക്കിടന്ന ബസ് പരിസരത്തുള്ളവരും നാട്ടുകാരും ചേര്‍ന്ന് വേഗം നീക്കി. തകര്‍ന്നുകിടന്ന ഗേറ്റും മാറ്റി. ഇതിനെത്തുടര്‍ന്ന് ട്രെയിന്‍ തടസ്സമില്ലാതെ കടന്നുപോയി. ബസിലുണ്ടായിരുന്നവരുടെ നിലവിളികേട്ട് ജനം പാഞ്ഞെത്തുകയായിരുന്നു. അപകടം നടന്നയുടനെ ഡ്രൈവറും ബസ്ജീവനക്കാരും മുങ്ങി. ഇടിയുടെ ആഘാതത്തില്‍ ബസിന്‍െറ ഗ്ളാസിനും ഡ്രൈവിങ് സീറ്റിന്‍െറ സൈഡുവശത്തെ ബോഗിക്കും സാരമായി തകരാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍