12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

തൈറോയ്ഡ് രോഗങ്ങള്‍

തൈറോയ്ഡ്  രോഗങ്ങള്‍

തൊണ്ടയുടെ മധ്യഭാഗത്തായി കാണുന്ന ഹോര്‍മോണ്‍ ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്‍െറ എല്ലാവിധ പ്രവര്‍ത്തനങ്ങളെയും തൈറോയ്ഡ് ഹോര്‍മോണ്‍ സ്വാധീനിക്കുന്നു. തൈറോയ്ഡില്‍നിന്ന് രക്തം വഴി ശരീരത്തിന്‍െറ എല്ലാ ഭാഗത്തേക്കും ഈ ഹോര്‍മോണ്‍ എത്തിപ്പെടുകയും വിവിധതരം അവയവ വ്യവസ്ഥകളുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ശരീരത്തിലെ സാധാരണ ഊര്‍ജോല്‍പാദനത്തിന് സഹായിക്കുന്നതോടൊപ്പം ഹൃദയത്തിന്‍െറയും തലച്ചോറിന്‍െറയും സ്വാഭാവികമായ പ്രവര്‍ത്തനത്തിനും തൈറോയ്ഡ് ഹോര്‍മോണ്‍ അത്യന്താപേക്ഷിതമാണ്. സാധാരണ തൈറോയ്ഡ് ഗ്രന്ഥിക്ക് 30ഗ്രാം വരെ തൂക്കമുണ്ടായിരിക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ നിയന്ത്രണത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്നുല്‍പാദിപ്പിക്കപ്പെടുന്ന പ്രധാന ഹോര്‍മോണ്‍ ആണ് തൈറോക്സിന്‍.
നാം കഴിച്ച ആഹാരത്തില്‍നിന്ന് ശരീരത്തിനാവശ്യമായ ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന ജൈവരാസ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക, ശരീരകോശങ്ങളുടെ വളര്‍ച്ചാനിരക്ക് നിയന്ത്രിക്കുക എന്നിവക്കു പുറമെ നമുക്ക് ഉന്മേഷവും ഊര്‍ജസ്വലതയും നല്‍കുന്നതും തൈറോയ്ഡ് ഹോര്‍മോണുകളാണ്. തൈറോയിഡിനെ ബാധിക്കുന്ന സാധാരണ പ്രശ്നങ്ങള്‍ ഗോയിറ്റര്‍ (Goitre), ഹൈപ്പോ തൈറോയിഡിസം (Hypothyroidism), ഹൈപ്പര്‍ തൈറോയിഡിസം (Hyperthyroidism) എന്നിവയാണ്.

1ഗോയിറ്റര്‍
തൈറോയ്ഡ് ഗ്രന്ഥിക്ക് വീക്കമുണ്ടായി കഴുത്തില്‍ മുഴവരുന്ന രോഗാവസ്ഥയാണ് ഗോയിറ്റര്‍. എന്നാല്‍, ഗോയിറ്റര്‍കൊണ്ട് എല്ലായ്പ്പോഴും തൈറോയ്ഡ് പ്രവര്‍ത്തനത്തില്‍ വ്യതിയാനമുണ്ടാകുമെന്ന് അര്‍ഥമില്ല. ചിലപ്പോള്‍ ഗോയിറ്ററിനോടനുബന്ധിച്ച് തൈറോയ്ഡ് ഹോര്‍മോണുകള്‍ അധികമായോ(Hyper) കുറവായോ (Hypo) ഉള്ള അവസ്ഥയും വളരെ പ്രധാനപ്പെട്ടതാണ്. ലോകത്തിലെ മൂന്നില്‍ രണ്ടുവിഭാഗം ജനങ്ങളും അയഡിന്‍ കുറവുള്ള മേഖലകളിലാണ് താമസിക്കുന്നത്. ദിവസേന ഏറ്റവും കുറഞ്ഞത് 50 മൈക്രോഗ്രാം അയഡിനെങ്കിലും ആഹാരത്തിലൂടെ നമുക്കു കിട്ടേണ്ടതാണ്. ചില ഭൂവിഭാഗങ്ങളില്‍, പ്രധാനമായും മലയോരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ രക്തത്തിലെ അയഡിന്‍െറ കുറവുമൂലം തൈറോയ്ഡിന് വീക്കമുണ്ടാകുന്ന എന്‍ഡീമിക് ഗോയിറ്റര്‍ (Endemic Goitre) എന്ന അവസ്ഥയുണ്ടാകുന്നു. എന്നാല്‍, കേരളംപോലുള്ള കടല്‍ത്തീര സംസ്ഥാനങ്ങളില്‍ അയഡിന്‍ കുറവുമൂലമുള്ള ഗോയിറ്റര്‍ താരതമ്യേന കുറവാണ്.
തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന മുഴകള്‍ (Nodular Goitre), ഹോര്‍മോണ്‍ അധികമായോ കുറവായോ ഉല്‍പാദിപ്പിക്കപ്പെടുന്ന അവസ്ഥകള്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കണ്ടുവരുന്ന ഗോയിറ്ററിന്‍െറ വകഭേദങ്ങള്‍. ചിലതരം വൈറല്‍ അണുബാധകള്‍കൊണ്ടും പാരമ്പര്യഘടകങ്ങള്‍കൊണ്ടും ഗോയിറ്റര്‍ ഉണ്ടാകാം. വളരെ ചുരുക്കം ഗോയിറ്റര്‍ ക്യാന്‍സര്‍മൂലവും ഉണ്ടാകാറുണ്ട്.

രോഗം കണ്ടെത്താം
ഗോയിറ്റര്‍ ഉള്ള രോഗികള്‍ അതിന്‍െറ ഉദ്ഭവ കാരണത്തെപ്പറ്റി കൃത്യമായ പരിശോധനകളിലൂടെ മനസ്സിലാക്കേണ്ടതാണ്. രക്തപരിശോധനകളിലൂടെ ഹോര്‍മോണ്‍ അളവുകളും, അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെ മുഴകളുടെ സാന്നിധ്യവും, റേഡിയോ ഐസോടോപ്പ് പരിശോധനയിലൂടെ ഗ്രന്ഥിയുടെ പ്രവര്‍ത്തനരീതികളും മുഴകളിലെ ക്യാന്‍സര്‍ സാധ്യതയും മനസ്സിലാക്കാന്‍ സാധിക്കുന്നു. സംശയകരമായ മുഴകളില്‍നിന്നും കുത്തിയെടുത്ത് വിശദമായ മൈക്രോസ്കോപ്പിക് ടെസ്റ്റുകളും (FNAC) ചിലപ്പോള്‍ വേണ്ടിവന്നേക്കാം. അയഡിന്‍ നല്‍കുന്നതുവഴി ഇതിന്‍െറ കുറവുമൂലമുണ്ടാകുന്ന ഗോയിറ്റര്‍ പൂര്‍ണമായും മാറ്റിയെടുക്കാം. ഹോര്‍മോണിന്‍െറ ഏറ്റക്കുറച്ചിലുകളുമായി കൂടിച്ചേര്‍ന്ന ഗോയിറ്ററുകള്‍ക്ക് കൂടുതല്‍ ചികിത്സകള്‍ വേണ്ടിവരും. കേവലം മുഴകള്‍ മാത്രമുള്ളതും അതേസമയം പ്രവര്‍ത്തനം സാധാരണവുമായ ഗോയിറ്ററുകള്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ നിര്‍ത്തേണ്ടതാണ്. മുഴകള്‍ക്കുണ്ടാകുന്ന പെട്ടെന്നുള്ള വലുപ്പം, ആഹാരമിറക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസതടസ്സം, ശബ്ദവ്യതിയാനം എന്നിവക്ക് ഉറപ്പായും വിശദപരിശോധനകള്‍ നടത്തേണ്ടതാണ്.

2ഹെപ്പോ
തൈറോയിഡിസം
തൈറോയ്ഡ് ഹോര്‍മോണിന്‍െറ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ശരീരത്തിന്‍െറ തൂക്കം കൂടുക, മുഖത്തും കാലുകളിലും നീര്‍വീക്കമുണ്ടാകുക, ശരീരത്തിന് തണുപ്പ് അനുഭവപ്പെടുക, വയറിന് സ്തംഭനാവസ്ഥയുണ്ടാകുക, സ്ത്രീകളില്‍ ആര്‍ത്തവചക്രം ക്രമംതെറ്റി മുന്നോട്ടായി വരുക, മാനസിക ക്ഷീണം, മന്ദത, വിഷാദം എന്നിവയാണ് തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുമ്പോഴുള്ള ശരീരികാസ്വസ്ഥതകള്‍. ഹൈപ്പോതൈറോയിഡിസത്തിന്‍െറ പ്രധാനകാരണങ്ങളിലൊന്ന് ശരീരത്തിലെ ചില പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ചില ആന്‍റിബോഡീസ് തൈറോയ്ഡ് കോശങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ഈ അവസ്ഥ ഓട്ടോ ഇമ്യൂണ്‍ തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നു. തൈറോയ്ഡ് ശാസ്ത്രക്രിയക്കുശേഷം ഹോര്‍മോണിന്‍െറ അളവുകുറയുക എന്നതാണ് ഹൈപ്പോ തൈറോയിഡിസത്തിന്‍െറ മറ്റൊരു കാരണം. ചില പാരമ്പര്യകാരണങ്ങള്‍കൊണ്ടും തൈറോയ്ഡിന്‍െറ പ്രവര്‍ത്തനം സാധാരണയേക്കാള്‍ കുറയാന്‍ സാധ്യതയുണ്ട്.
കുട്ടികളില്‍ ജന്മനാതന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ അഭാവംമൂലമോ പ്രവര്‍ത്തനവൈകല്യങ്ങള്‍മൂലമോ തൈറോയ്ഡ് ഹോര്‍മോണിന്‍െറ അളവു കുറയുന്ന അവസ്ഥ അപൂര്‍വമായി കണ്ടുവരുന്നു. മുലപ്പാല്‍ കുടിക്കാനുള്ള വൈമുഖ്യം, ശക്തമായ മലബന്ധം എന്നിവ കുട്ടികളിലെ ഹൈപ്പോതൈറോയിഡിസത്തിലേക്കുള്ള ചൂണ്ടുപലകകളാണ്. ഇത്തരം കുട്ടികളില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ സ്ഥാനഭ്രംശം (Ectopic Thyroid) വന്നുകാണാറുണ്ട്. രക്തപരിശോധനകളിലൂടെയും ഐസോടോപ്പ് തൈറോയ്ഡ് സ്കാനുകളിലൂടെയും ഈ അവസ്ഥയെ മനസ്സിലാക്കി തൈറോയ്ഡ് ഹോര്‍മോണ്‍ ഗുളികകള്‍ ജീവിതകാലം മുഴുവനും കഴിക്കേണ്ടി വരാം. ഇത്തരം കുട്ടികള്‍ക്ക് ഉചിതമായ ചികിത്സ കിട്ടിയില്ലെങ്കില്‍ വളര്‍ച്ചയെയും ബുദ്ധിവികാസത്തെയും സാരമായി ബാധിക്കും.

3ഹൈപ്പര്‍
തൈറോയിഡിസം
തൈറോയ്ഡ് ഗ്രന്ഥികള്‍ ക്രമാതീതമായി പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയിഡിസം. ശരീരം മെലിയുക, നെഞ്ചിടിപ്പു കൂടുക, അമിത വിയര്‍പ്പ്, അമിത വിശപ്പ്, കണ്ണുകള്‍ തുറിച്ചു നില്‍ക്കല്‍, നെഞ്ചെരിച്ചില്‍, ആകുലത, ഉത്കണ്ഠ, ദഹനക്കേട്, ശരീരക്ഷീണം, കൈകാല്‍ വിറയല്‍ തുടങ്ങിയവയാണ് തൈറോടോക്സികോസിസ് (thyrotoxicosis) എന്ന ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍. സ്ത്രീകളില്‍ ഇതുമൂലം പലതരണം ആര്‍ത്തവം അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ഗ്രേവ് ഡീസീസ് (grave disease), തൈറോയിഡിലെ ചില മുഴകള്‍ അവസ്ഥാന്തരം പ്രാപിച്ച് അമിതമായി പ്രവര്‍ത്തിക്കുന്ന ടോക്സിസ് നോഡുലര്‍ ഗോയിറ്റര്‍ (toxic nodular goitre) എന്നിവയാണ് ഹൈപ്പര്‍ തൈറോയിഡിസത്തിന്‍െറ പ്രധാന വകഭേദങ്ങള്‍. രക്തപരിശോധനകള്‍ക്കും ഐസോടോപ്പ് തൈറോയ്ഡ് സ്കാനിങ്ങിനുംശേഷം ഇതിനുള്ള ചികിത്സകള്‍ തുടങ്ങാവുന്നതാണ്. ആന്‍റിതൈറോയ്ഡ് മരുന്നുകള്‍ കഴിക്കുക, ശസ്ത്രക്രിയക്ക് വിധേയമാക്കുക, റേഡിയോ അയഡിന്‍ കഴിക്കുക എന്നിവയാണ് ചികിത്സാമാര്‍ഗങ്ങള്‍. കാര്‍ബിമസോള്‍ (carbimazole)പോലുള്ള ആന്‍റിതൈറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നതാണ് ഇതിന്‍െറ ഏറ്റവും ലഘുവായ ചികിത്സാരീതി. ഒരുപക്ഷേ, വളരെക്കാലം ഈ മരുന്നുകള്‍ കഴിക്കേണ്ടിവരാം. ചില സന്ദര്‍ഭങ്ങളില്‍ മരുന്ന് നിര്‍ത്തുമ്പോള്‍ അസുഖം വീണ്ടും പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. ഏറ്റവും അഭികാമ്യമായ ചികിത്സയാണ് റേഡിയോ അയഡിന്‍വഴി ലഭിക്കുന്നത്.
പൂര്‍ണമായും രോഗമുക്തി പ്രാപിക്കുന്നതുവരെ തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവ് അറിയുന്നതിനായി രക്ത പരിശോധനകള്‍ നടത്തുകയും ഡോക്ടര്‍ നല്‍കുന്ന മരുന്നുകള്‍ കഴിക്കുകയും വേണം. ചിലപ്പോള്‍ ചികിത്സക്കുശേഷം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ നേരിയ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ ഉപദേശങ്ങള്‍ അനുസരിക്കണം.
ഹൈപ്പര്‍ തൈറോയിഡിസത്തിന്‍െറ വകഭേദമായ, കണ്ണുകളുടെ ചുറ്റും നീര്‍കെട്ട് രൂപപ്പെട്ട് കണ്ണുകളെ പുറത്തേക്ക് തള്ളുന്ന എക്സ്തോതല്‍മോസിസ് (exophthalmosis) എന്ന അവസ്ഥ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പുകവലിക്കുന്നവരിലും മാനസിക സമ്മര്‍ദമുള്ളവരിലും ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവയില്‍ കണ്ണുകളുടെ പരിരക്ഷ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. ഹൈപ്പര്‍ തൈറോയിഡിസം ശ്രദ്ധിക്കപ്പെടാതിരുന്നാല്‍ രോഗികളില്‍ മാനസികമായ വ്യതിയാനങ്ങളും അമിത ഉത്കണ്ഠ, ദേഷ്യം തുടങ്ങിയ അവസ്ഥയുമുണ്ടായി തെറ്റിദ്ധരിക്കപ്പെട്ട് അവരെ മാനസികരോഗികള്‍ എന്ന് മുദ്രകുത്താനും സാധ്യതയുണ്ട്.
തൈറോയ്ഡ് ഗ്രന്ഥിയുടെ ക്രമംതെറ്റിയുള്ള പ്രവര്‍ത്തനം ഗര്‍ഭധാരണം തടസ്സപ്പെടുത്തി വന്ധ്യതാ ദു$ഖത്തിനു കാരണമായേക്കാം. ഗര്‍ഭകാലത്തുണ്ടാകുന്ന ശക്തമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍മൂലം ചിലപ്പോള്‍ തൈറോയ്ഡിന്‍െറ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം രോഗികളില്‍ പ്രസവശേഷവും തൈറോയ്ഡിന്‍െറ പ്രവര്‍ത്തനവൈകല്യങ്ങള്‍ തുടരാനാണ് സാധ്യത.
ഭൂരിഭാഗം തൈറോയ്ഡ് മുഴകളും കുഴപ്പംചെയ്യുന്നതല്ല. ചില സന്ദര്‍ഭങ്ങളില്‍ തൈറോയ്ഡ് മുഴകള്‍ കാന്‍സര്‍ കലകളായി രൂപാന്തരപ്പെടുകയും അവ കൂടുതല്‍ വലുപ്പംവെക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ഇത്തരം മുഴകള്‍ ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസതടസ്സം, ശബ്ദവ്യതിയാനം എന്നിവയായി പ്രത്യക്ഷപ്പെടാറുണ്ട്. മറ്റു കാന്‍സറുകളെപോലെ തൈറോയ്ഡ് കാന്‍സറും ചിലപ്പോള്‍ ലിംഫ് ഗ്രന്ഥിയിലേക്കോ മറ്റു ശരീരഭാഗങ്ങളിലേക്കോ വ്യാപിക്കാനും സാധ്യതയുണ്ട്. 70മുതല്‍ 80ശതമാനം വരെ തൈറോയ്ഡ് കാന്‍സറുകളും പാപ്പിലറി വിഭാഗത്തില്‍പ്പെട്ടവയാണ്. ഫോളികുലാര്‍, മെഡുല്ലറി വകഭേദങ്ങള്‍ താരതമ്യേന കുറവാണ്. സംശയകരമായ തൈറോയ്ഡ് മുഴകളില്‍നിന്നും കുത്തിയെടുത്ത് പരിശോധിക്കുന്ന FNAC പരിശോധനകള്‍ മുഖേന സ്ഥിരീകരിക്കാവുന്നതാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com