12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

സൂര്യജാലം

സൂര്യജാലം

കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയമാണ് വേദി. ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കഴിഞ്ഞമാസം സംഘടിപ്പിക്കപ്പെട്ടതായിരുന്നു ചടങ്ങ്. വേദിയില്‍ രണ്ടാംക്ളാസുകാരനായ പയ്യന്‍ തന്‍െറ മാന്ത്രികപ്രകടനത്തിലൂടെ തിങ്ങിനിറഞ്ഞ സദസ്സിനെ നിശ്ശബ്ദമാക്കുകയാണ്.
സിഗരറ്റും ബീഡിയും മുറിച്ചെടുത്ത് ആ കുഞ്ഞുമാന്ത്രികന്‍ സഞ്ചിയിലാക്കുന്നു. സദസ്സ് ശ്വാസമടക്കിപ്പിടിച്ചിരിക്കെ, മാന്ത്രികന്‍ സഞ്ചിയില്‍നിന്ന് പുറത്തെടുക്കുന്നത് പലവര്‍ണപ്പൂക്കള്‍. നിലക്കാത്ത കൈയടിയായിരുന്നു പിന്നീട്.
ഒരു കഥ കോര്‍ത്തിണക്കിയ മറ്റൊരു ഇനമായിരുന്നു തുടര്‍ന്ന് അവതരിപ്പിച്ചത്. കൈയില്‍ ഒരു കുടന്ന പൂക്കള്‍. ജനിക്കുമ്പോള്‍ നാമെല്ലാവരും സന്തോഷവാന്മാരാണെന്നു സാരം. പതിയെ നമ്മുടെ കാഴ്ചയില്‍നിന്ന് പൂക്കള്‍ ഒന്നൊന്നായി അപ്രത്യക്ഷമാവുന്നു. നാം വളര്‍ന്ന്, പുകയിലക്ക് അടിമകളാകുന്നതോടെ ആരോഗ്യവും സന്തോഷവുമെല്ലാം നമ്മില്‍നിന്ന് ഇല്ലാതായിത്തീരുന്നുവെന്ന സന്ദേശം വളരെ ലളിതമായി കാണികള്‍ക്ക് പകരുകയായിരുന്നു ഇതിലൂടെ. ഒടുവില്‍, പുകവലിശീലം നിര്‍ത്താനുള്ള നിര്‍ണായക തീരുമാനമെടുക്കുമ്പോള്‍ സന്തോഷമെല്ലാം തിരികെയെത്തുന്നു. അപ്രത്യക്ഷമായ പൂക്കളെല്ലാം പഴയതുപോലെ മജീഷ്യന്‍െറ കൈക്കുടന്നയില്‍!
‘ക്വിറ്റ് ടുബാക്കോ; എന്‍ജോയ് ലൈഫ്’എന്ന സന്ദേശം പകര്‍ന്ന പ്രകടനത്തിലൂടെ കാണികളുടെ കൈയടിനേടിയ ഈ കുഞ്ഞു മാന്ത്രികന്‍െറ പേര് ആദിത്യ കാട്ടൂക്കാരന്‍! മാജിക് കണ്ടു പുറത്തിറങ്ങിയവരൊക്കെ ഈ മിടുക്കനെ കണ്ട് കൈകുലുക്കി അഭിനന്ദനമറിയിച്ചു. കൂടെ, തങ്ങള്‍ ഇനി പുകവലി ഉപേക്ഷിച്ചുകൊള്ളാമെന്നൊരു പ്രതിജ്ഞയും. കൊച്ചു കുട്ടിയായ തന്‍െറ മുന്നില്‍ അവര്‍ പുകവലി നിര്‍ത്താമെന്ന് ആണയിട്ടപ്പോള്‍ ശ്രമം ഫലംകണ്ടല്ലോ എന്ന് ആദിത്യക്കും സന്തോഷം!
തൃശൂര്‍ മുണ്ടൂരിലെ നിര്‍മല്‍ജ്യോതി സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥിയായ ആദിത്യയോട് ആരെപ്പോലെയാകണമെന്നാണ് ആഗ്രഹമെന്നു ചോദിച്ചാല്‍, ഉത്തരം റെഡി - ഡേവിഡ് കോപ്പര്‍ ഫീല്‍ഡ്! ഡേവിഡ് കോപ്പര്‍ ഫീല്‍ഡിനെപ്പോലെ ആദിത്യ ആരാധിക്കുന്ന മറ്റൊരു മാന്ത്രികനാണ് ക്രിസ് ഏഞ്ചല്‍സ്. മന്ത്രവടി ചുഴറ്റി എന്തിനെയും കണ്‍മുന്നില്‍ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ഇന്ദ്രജാലക്കാര്‍ പ്രായമേറിയവരെപ്പോലും അദ്ഭുത പരതന്ത്രരാക്കുമെന്നിരിക്കെ ആദിത്യയെപ്പോലൊരു കുരുന്നിന് അതില്‍ കമ്പം കയറുക സ്വാഭാവികം.
മന$ശാസ്ത്രജ്ഞനായ ഡോ. റെന്നി ആന്‍റണിയുടെയും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദമുള്ള ജയിന്‍ കുര്യന്‍െറയും ഏക മകനായ ആദിത്യയെ വെറുമൊരു കൗതുകം മാത്രമല്ല മാജിക്കിലേക്ക് നയിച്ചത്. കുഞ്ഞുനാളിലേ, ടെലിവിഷനില്‍ ഗോപിനാഥ് മുതുകാട് അടക്കമുള്ളവരുടെ മായാജാല പ്രകടനങ്ങള്‍ ആദിത്യ സാകൂതം നോക്കിയിരിക്കുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ തൃശൂര്‍ ജവഹര്‍ ബാലഭവനിലെ മാജിക് അധ്യാപകനായ മുരളീധരന്‍ മാസ്റ്ററുടെയടുത്ത് ഒരുദിവസം കുട്ടിയെ കൊണ്ടു പോയി. അദ്ദേഹം പഠിപ്പിച്ചുകൊടുത്ത മാജിക്കിന്‍െറ ബാലപാഠങ്ങള്‍ വളരെപെട്ടെന്നാണ് ആദിത്യ സ്വീകരിച്ചത്. മിക്കവാറും കുട്ടികള്‍ക്കെല്ലാം മാജിക്കിന്‍െറ രഹസ്യം മനസ്സിലാക്കിയാല്‍പിന്നെ അതിനോടുള്ള താല്‍പര്യം തീരാറാണ് പതിവ്. ‘അപ്രത്യക്ഷമാക്കല്‍’ അടക്കം കൈയടക്കമാവശ്യമായ പല നമ്പറുകളും വളരെപ്പെട്ടെന്ന് ഹൃദിസ്ഥമാക്കിയ ആദിത്യ പിന്നീട് നിരന്തരം അതാവര്‍ത്തിക്കാന്‍ കാണിച്ച ഔുക്യം മുരളീധരന്‍ മാസ്റ്ററെപോലും അമ്പരപ്പിച്ചു. ഇതോടെ, ആദിത്യയുടെ വീട്ടില്‍ ചെന്നുതന്നെ തുടര്‍പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ അദ്ദേഹം തയാറാവുകയായിരുന്നു. പിന്നെ, മാജിക്കിന്‍െറ ബാലപാഠങ്ങളോരോന്നായി ആദിത്യക്ക് വഴങ്ങി.
തൃശൂര്‍ ടൗണ്‍ഹാളായിരുന്നു ലിറ്റില്‍ മജീഷ്യന്‍െറ ആദ്യവേദി. 2010 ആഗസ്റ്റില്‍ തൃശൂരില്‍ നടന്ന കിഡ്സ് ഫെസ്റ്റിനോടനുബന്ധിച്ച് ആദിത്യ അവതരിപ്പിച്ച മാജിക് കാണികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്ളാസ്റ്റിക് വിരുദ്ധ സന്ദേശമായിരുന്നു അന്ന് യു.കെ.ജി വിദ്യാര്‍ഥിയായിരുന്ന ആദിത്യ മാജിക്കിലൂടെ നല്‍കിയത്. ഒരു സഞ്ചിയില്‍ കുറേ പ്ളാസ്റ്റിക് സാമഗ്രികളിട്ട ശേഷം കുഞ്ഞു മാന്ത്രികന്‍ പിന്നീട് പുറത്തേക്കെടുത്തത് തുണിസഞ്ചിയായിരുന്നു.
അടുത്തവര്‍ഷം, സ്കൂളിലെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ പലതരത്തിലുള്ള പരിപാടികളിലും പങ്കാളികളായപ്പോള്‍ ആദിത്യ തെരഞ്ഞെടുത്തത് മാന്ത്രികപ്രകടനമായിരുന്നു. അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ അമ്പരപ്പിച്ച്, അമ്മ ജയിനിന്‍െറ കഴുത്തില്‍ വാള്‍ കയറ്റുന്നതും കയര്‍കൊണ്ടുള്ള ഇനങ്ങളുമടക്കം ആദിത്യ നിരവധി ജാലവിദ്യകളാണ് അന്ന് അവതരിപ്പിച്ചത്.
പിതാവ് ഡോ. റെന്നി ലഹരി വിരുദ്ധ പ്രവര്‍ത്തകനായതിനാല്‍ വീട്ടിലെ പൊതുസംസാരം മിക്കവാറും ഇത്തരം വിഷയങ്ങളെക്കുറിച്ചായിരിക്കും. അങ്ങനെയിരിക്കെയാണ് ആദിത്യയുടെ മാജിക് ഇനങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുള്ളതാക്കിയാലോ എന്ന ചിന്ത ഉടലെടുക്കുന്നത്. ഡോ. റെന്നി നേതൃത്വം നല്‍കുന്ന എന്‍.എല്‍.പി (ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം)യുടെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തിലായിരുന്നു അടുത്ത പ്രകടനം. ഈ പ്രകടനംകണ്ടാണ് കണ്ണൂരിലേക്കും പാലക്കാട്ടേക്കും ആദിത്യക്ക് ക്ഷണം ലഭിക്കുന്നത്.
തേക്കിന്‍കാട് മൈതാനിയില്‍ പ്രശസ്ത ജൈവ കര്‍ഷകന്‍ സുഭാഷ് പലേക്കറുടെ സാന്നിധ്യത്തില്‍ നടന്ന ജൈവ കര്‍ഷക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള ഭാഗ്യവും ആദിത്യക്കായിരുന്നു. കറ്റ കൊയ്യലും മെതിക്കലുമൊക്കെയായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ പലേക്കറുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക്കായിരുന്നു അവതരിപ്പിച്ചത്. പലേക്കര്‍ കൃഷിരീതി വിഭാവനചെയ്യുന്നത് ഒരൊറ്റ പശുവിന്‍െറ ചാണകവും മൂത്രവുമുപയോഗിച്ച് മുപ്പത് ഏക്കര്‍ നെല്‍ കൃഷി നടത്താമെന്നാണ്. പശുവിന്‍െറ ചിത്രം സഞ്ചിയിലാക്കിയ ആദിത്യ പുറത്തെടുത്തത് അരിയായിരുന്നു. പലേക്കറുടെ ആശയത്തെ വേദിയില്‍ പുനരവതരിപ്പിക്കുകയായിരുന്നു ആദിത്യ.
മാജിക്കിനെ നെഞ്ചേറ്റുന്ന ആദിത്യ പഠനത്തിലും മുന്‍പന്തിയിലാണ്.പെയിന്‍റിങ്ങും ഡ്രോയിങ്ങും പാട്ടും ഇഷ്ട വിനോദങ്ങളാണ്.ഒപ്പം കുങ്ഫുവും അഭ്യസിക്കുന്നുണ്ട്. പിതാവിന്‍െറ അടുത്ത സുഹൃത്തായ പ്രശസ്ത മജീഷ്യന്‍ ആര്‍.കെ. മലയത്തിന്‍െറ അടുത്തു പോയി മന്ത്രജാലത്തിന്‍െറ കൂടുതല്‍ ആഴങ്ങളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്.
ഇടക്ക് ചില പൊടിക്കൈ പ്രയോഗങ്ങള്‍കൊണ്ട് സഹപാഠികളെയും അദ്ഭുതപ്പെടുത്തും. രഹസ്യമറിയാനുള്ള ജിജ്ഞാസയോടെ അവര്‍ അടുത്തുകൂടും. ‘‘ഏയ്... ഞാനതൊന്നും പറഞ്ഞ് കൊടുക്കൂലാ...’’- ആദിത്യ കുസൃതിച്ചിരിയോടെ പറയുന്നു.
അടുത്തമാസം ജൂലൈയില്‍ എഴാം വയസ്സിലേക്കു പ്രവേശിക്കുന്ന ആദിത്യ ക്ക്, അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട ഇനം ഏതെന്ന് ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ ആവേശത്തോടെ പറയും -ഫയര്‍ എസ്കേപ്പ്! അധികം വൈകാതെ മാജിക്കിലെ ഈ മാസ്റ്റര്‍ പീസ് ഇനം ആദിത്യയില്‍നിന്ന് പ്രതീക്ഷിക്കാം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com