നാരീജനവും ഇന്നാട്ടിലെ ശൗചസംവിധാനവും തമ്മിലെന്ത് ബന്ധമെന്ന് ചോദിക്കരുത്. വ്യത്യസ്ത ഏജന്‍സികളുടേതായി കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്ന രണ്ട് പഠനറിപ്പോര്‍ട്ടുകളുടെ പ്രമേയം സംയോജിപ്പിച്ച് വിഷയത്തിന്‍െറ ഗൗരവത്തിലേക്ക് ശ്രദ്ധക്ഷണിച്ചുവെന്നുമാത്രം. രണ്ടും അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന്‍െറ ആകത്തുക. ഒന്ന് ഭാരതസ്ത്രീയുടെ ഭാഗധേയം സംബന്ധിച്ചാണെങ്കില്‍ മറ്റേത് ഇവിടത്തെ ടോയ്ലറ്റ് ‘മാഹാത്മ്യം’ മറനീക്കി കാട്ടിത്തരുന്നതും. പരസ്പരബന്ധമില്ലാത്ത ഈ വിഷയങ്ങളെക്കുറിച്ച പഠനവിവരം പുറത്തുവന്നത് ഒരേസമയത്തായി എന്നത് യാദൃച്ഛികമാണെങ്കിലും രണ്ടിന്‍െറയും സാരാംശം നമുക്ക് കണ്ണീര്‍പാടം ദാനം ചെയ്യുന്നതുതന്നെ.
സ്ത്രീത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ വിവിധ രാഷ്ട്രങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് കണ്ടത്തെുന്നതിന്‍െറ ഭാഗമായി തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍ നടത്തിയ റേറ്റിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിറകിലായിപ്പോവാന്‍ കാരണം വിധിനിര്‍ണയത്തിലെ അപാകതയാണെന്ന് കരുതാന്‍ ഒരു ന്യായവും കാണുന്നില്ല. മറിച്ച് സമൂഹത്തിന്‍െറ മനോഭാവം അത്രമാത്രം വക്രവും ക്രൂരവുമാണെന്ന് വിശ്വസിക്കാനാണ് സാഹചര്യം അരുനില്‍ക്കുന്നത്. അനുദിന അനുഭവങ്ങള്‍ക്കൊപ്പം പഠനറിപ്പോര്‍ട്ടിലെ ഡാറ്റകള്‍ക്ക് പറയാനുള്ളതും മറ്റൊന്നല്ല. ശിശുഹത്യ, ശൈശവവിവാഹം, അടിമവേല എന്നീ ദുര്‍നടപ്പുകളാണ് ഇന്ത്യയുടെ മുഖം ഏറെ വികൃതമാക്കുന്നത്. സ്ത്രീകളും കുട്ടികളും കന്നുകാലികളെപ്പോലെ കൈമാറ്റം ചെയ്യപ്പെടുന്നു, ഒമ്പതും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ കെട്ടിച്ചയക്കുന്ന സമ്പ്രദായം നിര്‍ബാധം തുടരുന്നു, സ്ത്രീധനത്തിന്‍െറ പേരില്‍ ചുട്ടുകൊല്ലുന്ന കാടത്തവും കുറവല്ല എന്നീ പരാമര്‍ശങ്ങള്‍ നെഞ്ചുപിളര്‍ക്കുന്നതാണ്.
2005ലെ കുടുംബകലഹ നിയന്ത്രണ നിയമം പ്രാബല്യത്തില്‍ വന്ന് ഏഴു വര്‍ഷം പിന്നിട്ടിട്ടും സ്ഥിതി ആശാവഹമായ തലത്തിലേക്ക് ഉയര്‍ന്നിട്ടില്ല എന്നാണ് അന്വേഷണസംഘത്തിന്‍െറ വിലയിരുത്തല്‍. പട്ടിണിയുടെയും വിശപ്പിന്‍െറയും സൂചികയും പകര്‍ച്ചവ്യാധി മൂലമുള്ള മരണനിരക്കും ഉയര്‍ന്നുതന്നെ നില്‍ക്കുന്നതും കൂനിന്മേല്‍ കുരുകണക്കെ പ്രയാസപ്പെടുത്തുന്നു. ഈ മാസം 19, 20 തീയതികളിലായി മെക്സികോയില്‍ നടക്കുന്ന ജി-20 രാഷ്ട്ര ഉച്ചകോടിക്കു മുന്നോടിയായി അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ നടത്തിയ പഠനം എത്തിച്ചേര്‍ന്ന നിഗമനം നിശിതമായ ആത്മവിമര്‍ശത്തിന് എല്ലാവരെയും പ്രേരിപ്പിക്കേണ്ടതാണ്. ജനാധിപത്യക്രമത്തിലേക്കുള്ള രാഷ്ട്രീയ പരിവര്‍ത്തനത്തിന്‍െറ പ്രാരംഭദശയില്‍ സ്ത്രീസ്വാതന്ത്ര്യവും സ്ഥിതിസമത്വവുമൊക്കെ സ്ഥാപിച്ചെടുക്കുക സാഹസികമായിരുന്നു. പക്ഷേ, അവിടന്നൊക്കെ ഏറെ മുന്നോട്ടുപോയി കാലവും കാലാവസ്ഥയും മാറിയിട്ടും നല്ലപാതിയോടും പിഞ്ചുമക്കളോടുമുള്ള പെരുമാറ്റം പ്രാകൃതമാണെന്ന് ആശങ്കപ്പെടുമ്പോള്‍ സ്ത്രീയുടെ ഹൃദയം കണ്ടത്തൊനുള്ള ശ്രമം ലക്ഷ്യം കൈവരിച്ചിട്ടില്ല എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്.
അഞ്ച് ഭൂഖണ്ഡങ്ങളിലായി 67 രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രമുഖരായ പ്രഫഷനലുകള്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വികസന വിദഗ്ധര്‍, പോളിസി മേക്കേഴ്സ് എന്നിവരുടെ അഭിപ്രായമാരാഞ്ഞുകൊണ്ട് തോംസണ്‍ ഫൗണ്ടേഷന്‍െറ സ്ഥാപനമായ ‘ട്രസ്റ്റ് ലോ’ നടത്തിയ പഠനപ്രകാരം സ്ത്രീകളെ പരിഗണിക്കുന്ന കാര്യത്തില്‍ ജി-20 രാഷ്ട്രസമുച്ചയത്തില്‍ കാനഡയാണ് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. തുടര്‍ന്ന് ജര്‍മനി, ബ്രിട്ടന്‍, ആസ്ട്രേലിയ, ഫ്രാന്‍സ്, അമേരിക്ക, ജപ്പാന്‍, ഇറ്റലി, അര്‍ജന്‍റീന, ദക്ഷിണ കൊറിയ, ബ്രസീല്‍, തുര്‍ക്കി, റഷ്യ, ചൈന, മെക്സികോ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, സൗദി അറേബ്യ, ഇന്ത്യ എന്നീ ക്രമത്തില്‍ റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഭൂമിയിലും ആകാശത്തിലും കാലുറക്കാതെ നിലവിട്ട് കളിക്കുന്ന അമേരിക്കയും സ്ത്രീകളെ കാണുമ്പോള്‍ പരിസരം മറക്കുന്നു എന്നാണ് ട്രസ്റ്റ് ലോ വെളിപ്പെടുത്തുന്നത്. ലൈംഗികചൂഷണം, നിര്‍ബന്ധിത ഭ്രൂണഹത്യ, ഇതിന്‍െറയെല്ലാം ഫലമായുള്ള അനാരോഗ്യപ്രശ്നങ്ങള്‍ എന്നിവ ഗുരുതര വീഴ്ചയായി കൊണ്ടുനടക്കുന്ന അമേരിക്ക ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ലോക പൊലീസിന്‍െറ മേനിപറച്ചിലിനേറ്റ കനത്ത തിരിച്ചടിയാണ്.
മറുഭാഗത്ത്, ജനസംഖ്യയുടെ 60 ശതമാനവും വെളിമ്പ്രദേശത്ത് മലവിസര്‍ജനം ചെയ്യുന്നവരുടെ നാടായി ഇന്ത്യ അങ്കനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന നഗ്നസത്യം പുറത്തുപറയാന്‍ പറ്റാത്തതു മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നം അടിഞ്ഞുകിടക്കുന്നതുമാണ്. 60 ശതമാനം എന്നു പറഞ്ഞാല്‍ 62 കോടിയിലധികം ആള്‍ക്കാര്‍ എന്നാണര്‍ഥം. വനിതാ സംരക്ഷണ കാര്യത്തില്‍ നാം ഏറ്റവും പിറകിലായെങ്കില്‍ ദശകോടികളെ പൊതുസ്ഥലത്ത് ‘രണ്ടും നടത്താന്‍’ നിര്‍ബന്ധിതമാക്കുക വഴി ഒന്നാം സ്ഥാനത്തത്തെിയിരിക്കുകയാണെന്ന് യൂനിസെഫിന്‍െറ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിവേഗം പുരോഗതിപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യ അതേ വേഗത്തില്‍ അതിന്‍േറതായ വിസര്‍ജ്യത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയുമാണെന്നാണ് ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റിന്‍െറ ഒരു വക്താവ് വിലയിരുത്തിയത്.
മൊത്തം പകര്‍ച്ചവ്യാധികളുടെ പത്തു ശതമാനവും മലിനജലവും തുറന്ന സ്ഥലത്തെ വിസര്‍ജനവും കാരണമാണെന്ന് ലോകാരോഗ്യ സംഘടനയെപ്പോലുള്ള വിദഗ്ധ സമിതികള്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ ഇന്ത്യയുടെ ഗതി എങ്ങോട്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ചോര്‍ന്നൊലിക്കുന്ന മലിനജലക്കുഴലുകള്‍, തുറന്നുകിടക്കുന്ന ഓടകള്‍, സംസ്കരിക്കപ്പെടാതെ കിടക്കുന്ന മാലിന്യങ്ങള്‍ എന്നിവയും ഇന്ത്യയുടെ വികൃതമായ പിന്നാമ്പുറക്കാഴ്ചകളാണ്.
ഓരോ ദിവസവും നാം പുറന്തള്ളുന്ന മലിനജലത്തിന്‍െറ 30 ശതമാനം ശുദ്ധീകരിച്ച് പുറത്തുവിടാനുള്ള ശേഷിയേ ഇന്നാട് ആര്‍ജിച്ചിട്ടുള്ളൂ. എന്നാല്‍, 20 ശതമാനത്തിനടുത്തേ സംസ്കരിക്കപ്പെടുന്നുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തെ 2.4 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ 24,000 എണ്ണത്തിനു മാത്രമേ ശുചിത്വപൂര്‍ണമായ ടോയ്ലറ്റ് സൗകര്യമുള്ളൂ. ലോകത്ത് തീര്‍ത്തും അനാരോഗ്യകരമായ രീതിയില്‍ വെളിമ്പ്രദേശത്ത് മലവിസര്‍ജനം നടത്തുന്നവരുടെ പാതിയും ഇന്ത്യയും ചൈനയും കൂടി പങ്കിട്ടെടുക്കുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ അവകാശപ്പെടുന്നത്. ചുരുക്കത്തില്‍, മറ്റുള്ളവര്‍ക്കൊപ്പം പുതുനൂറ്റാണ്ടിന്‍െറ വികസനലക്ഷ്യത്തിലേക്ക് മുണ്ടുമുറുക്കിക്കഴിഞ്ഞ ഇന്ത്യയുടെ ശബ്ദം കുതിപ്പിന്‍േറതോ അതോ കിതപ്പിന്‍േറതോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍