12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ഈ വോട്ടെടുപ്പില്‍ ജനം കാണികള്‍

ഈ വോട്ടെടുപ്പില്‍ ജനം കാണികള്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു പ്രത്യേകതയുണ്ട്. മറ്റു തെരഞ്ഞെടുപ്പുകളില്‍നിന്ന് ഭിന്നമായി, പൊതുജനങ്ങളായ ആബാലവൃദ്ധം കാണികള്‍ മാത്രം. വോട്ടുചെയ്യുന്നത് എം.പി-എം.എല്‍.എമാരാണ്. 14ാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് 4896 പേര്‍ ചേര്‍ന്നാണ്. രാജ്യസഭാംഗങ്ങളായ 233 പേര്‍, ലോക്സഭാംഗങ്ങളായ 543 പേര്‍; സംസ്ഥാന നിയമസഭാംഗങ്ങളായ 4120 പേര്‍ എന്നിവര്‍ക്കാണ് വോട്ടവകാശം. ഇവര്‍ 121 കോടി ജനങ്ങള്‍ക്കുവേണ്ടി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു വോട്ടിന് മൂല്യം പല ഇരട്ടിയാണ്. എം.പിയുടെ വോട്ടിന് മൂല്യം 708 ആണെങ്കില്‍, എം.എല്‍.എമാരുടെ വോട്ടിന്‍െറ മൂല്യം ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ സംസ്ഥാനത്തെയും ജനസംഖ്യക്ക് അനുസരിച്ചാണ് വോട്ടിന്‍െറ മൂല്യം. സിക്കിമിലെ എം.എല്‍.എയുടെ വോട്ടുമൂല്യം ഏഴാണെങ്കില്‍, ആന്ധ്രപ്രദേശില്‍ എത്തുമ്പോള്‍ ഒരു എം.എല്‍.എ വോട്ടിന്‍െറ മൂല്യം 148 ആയി ഉയരുന്നു. കേരള എം.എല്‍.എയുടെ വോട്ടിന് മൂല്യം 152 ആണ്. ആ കണക്കുകളിലേക്ക് വരാം.
വോട്ടര്‍മാര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം കിട്ടത്തക്ക വിധമാണ് വോട്ടുമൂല്യം ക്രമീകരിച്ചിരിക്കുന്നത്. 1971ലെ സെന്‍സസ് കണക്കെടുപ്പു വിവരങ്ങളാണ് ഇതിന് ആധാരമാക്കുന്നത്. 2026 വരെ ഈ മാനദണ്ഡം തുടരണമെന്നാണ് 2001ലെ 84ാം ഭരണഘടനാ ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്. ആന്ധ്രയുടെ കാര്യമെടുക്കാം. ’71ലെ സെന്‍സസ് പ്രകാരം ആന്ധ്രപ്രദേശിലെ ജനസംഖ്യ 43,502,708. അവിടത്തെ നിയമസഭാംഗങ്ങളുടെ എണ്ണം 294. അതുകൊണ്ട് സംസ്ഥാനത്തെ ഓരോ എം.എല്‍.എയുടെയും വോട്ടുമൂല്യം കണക്കാക്കുന്നത് ഇങ്ങനെ:
43,502,708
----------
1000 X 294
= 147.96 അഥവാ 148
ഇത്രയും വോട്ടാണ് ഒരു എം.എല്‍.എക്ക് ഉണ്ടാവുക. സംസ്ഥാന നിയമസഭയിലെ അംഗങ്ങളുടെ മൊത്തം വോട്ടുമൂല്യം നിര്‍ണയിക്കുന്നതിന് ഗുണന പ്രക്രിയ വേണ്ടിവരും. മൊത്തം അംഗങ്ങളുടെ എണ്ണത്തെ ഒരംഗത്തിന്‍െറ വോട്ടെണ്ണം കൊണ്ട് ഗുണിക്കുകയാണ് വേണ്ടത്. ആന്ധ്രയുടെ കാര്യത്തില്‍ 294 x 148 = 43,512. കേരളത്തിന്‍െറ വോട്ടുമൂല്യം 21,280 ആണ് (152 x 140 = 21,280). ഇങ്ങനെ എല്ലാ സംസ്ഥാനങ്ങളുടെയും വോട്ടുമൂല്യം കൂട്ടിയെടുക്കുന്നു. അതിനെ ലോക്സഭയിലെയും (543) രാജ്യസഭയിലെയും (233) അംഗങ്ങളുടെ എണ്ണംകൊണ്ട് ഹരിച്ചാല്‍ ഒരു എം.പിയുടെ വോട്ടുമൂല്യമായി. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശമില്ല.
രാഷ്ട്രപതിയാകാന്‍ കുറച്ചൊക്കെ അനുഭവത്തഴക്കം വേണം. അതുകൊണ്ട്, 35 വയസ്സില്‍ താഴെയുള്ളവര്‍ക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമില്ല. 50 സമ്മതിദായകര്‍ ചേര്‍ന്ന് പേര് നിര്‍ദേശിക്കുകയും മറ്റ് 50 പേര്‍ പിന്തുണക്കുകയും ചെയ്താല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാം. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ 20 പേരുടെ വീതം നാമനിര്‍ദേശവും പിന്തുണയും മതി. 15,000 രൂപ സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടിവെക്കണം. ആറിലൊന്ന് വോട്ടു കിട്ടിയാല്‍ ഈ തുക തിരിച്ചുകൊടുക്കും. തെരഞ്ഞെടുപ്പു സംബന്ധമായ പരാതി സുപ്രീംകോടതി മാത്രം പരിഗണിക്കും. അത്തരമൊരു പരാതി നല്‍കാന്‍ 20 സമ്മതിദായകര്‍ യോജിക്കണം.
ലോക്സഭയിലെയും രാജ്യസഭയിലെയും സെക്രട്ടറി ജനറല്‍മാര്‍ മാറിമാറിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വരണാധികാരിയാവുന്നത്. 2007ലെ തെരഞ്ഞെടുപ്പില്‍ വരണാധികാരി ലോക്സഭാ സെക്രട്ടറി ജനറലായിരുന്നതുകൊണ്ട് (മലയാളിയായ പി.ഡി.ടി ആചാരി) ഇക്കുറി രാജ്യസഭയുടെ സെക്രട്ടറി ജനറലിനാണ് ചുമതല. ഓരോ സംസ്ഥാനങ്ങളിലും റിട്ടേണിങ് ഓഫിസര്‍ ഉണ്ടാവും. കേരളത്തില്‍ ഇത്തവണ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍െറ നടത്തിപ്പു ചുമതല നിയമസഭാ സെക്രട്ടറി ഇന്‍ചാര്‍ജ് പി.കെ. മുരളീധരനും ജോയന്‍റ് സെക്രട്ടറി വില്‍സണ്‍ വി. ജോണിനുമാണ്.
ഇപ്പോഴത്തെ രാഷ്ട്രപതിയുടെ കാലാവധി ജൂലൈ 24ന് അവസാനിക്കും. 14ാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ജൂലൈ 19നാണ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 22ന്. പാര്‍ലമെന്‍റ് മന്ദിരത്തിലെയും സംസ്ഥാന നിയമസഭകളിലെയും ഒരു മുറി വോട്ടെടുപ്പു കേന്ദ്രമാവും. എം.എല്‍.എമാര്‍ക്ക് പാര്‍ലമെന്‍റ് മന്ദിരത്തില്‍ വോട്ടുചെയ്യാനും എം.പിമാര്‍ക്ക് നിയമസഭയിലത്തെി വോട്ടുചെയ്യാനും സാധിക്കണമെങ്കില്‍, മുന്‍കൂട്ടി വിവരം അറിയിച്ചിരിക്കണം. ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പു ചിഹ്നമില്ല. രണ്ടു കോളങ്ങളാണ് ബാലറ്റ് പേപ്പറില്‍ ഉണ്ടാവുക. ആദ്യത്തേതില്‍ സ്ഥാനാര്‍ഥികളുടെ പേര്. രണ്ടാമത്തെ കോളത്തില്‍ വോട്ടുചെയ്യുന്നയാള്‍ 1,2,3,4 എന്ന ക്രമത്തില്‍ തന്‍െറ വോട്ടിന്‍െറ മുന്‍ഗണനാ ക്രമം രേഖപ്പെടുത്തുന്നു. എല്ലാ സ്ഥാനാര്‍ഥിയുടെയും നേരെ മുന്‍ഗണനാ ക്രമം രേഖപ്പെടുത്തിയില്ളെന്നു കരുതി വോട്ട് അസാധുവാകില്ല. മുന്‍ഗണനാ ക്രമം അക്കത്തിലല്ലാതെ, അക്ഷരത്തില്‍ എഴുതാന്‍ പാടില്ളെന്നാണ് വ്യവസ്ഥ.
ഓരോ സംസ്ഥാനത്തെയും എം.പിമാരുടെയും എം.എല്‍.എമാരുടെയും വോട്ട് വരണാധികാരിയുടെ നേതൃത്വത്തില്‍ വേര്‍തിരിച്ച് എണ്ണുന്നു. ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുമൂല്യം കണക്കാക്കിയശേഷം വിജയിയെ പ്രഖ്യാപിക്കുന്നത് ക്വോട്ട സമ്പ്രദായത്തിലാണ്. സാധുവായ വോട്ടുകളുടെ മൂല്യത്തെ രണ്ടു കൊണ്ട് ഹരിക്കുന്നു. എന്നിട്ട് ഒന്നു കൂട്ടുന്നു. ശിഷ്ടം കണക്കിലെടുക്കില്ല. എല്ലാ സ്ഥാനാര്‍ഥികള്‍ക്കുമായി കിട്ടിയ വോട്ടുമൂല്യം 1,00,001 ആണെന്നിരിക്കട്ടെ. തെരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ ക്വോട്ട കണക്കാക്കുന്നത് ഇങ്ങനെ:
1,00,001 + 1
------- = 50,000 + 1 = 50,001.
2
ക്വോട്ട നിജപ്പെടുത്തിയശേഷം, തെരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ ക്വോട്ട നേടിയ സ്ഥാനാര്‍ഥിയാരെന്ന് റിട്ടേണിങ് ഓഫിസര്‍ പരിശോധിക്കുന്നു. ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ മുന്‍ഗണനാ വോട്ടുകള്‍ നിര്‍ണായകമാണ്. ഒന്നാം മുന്‍ഗണനയില്‍പെട്ട വോട്ടുകള്‍ കൂട്ടുമ്പോള്‍ ഒരു സ്ഥാനാര്‍ഥിക്കും ക്വോട്ട തികയുന്നില്ളെങ്കില്‍ വരണാധികാരി രണ്ടാം ഘട്ട വോട്ടെണ്ണലിലേക്ക് കടക്കുന്നു. ഒന്നാം മുന്‍ഗണനാ വോട്ട് ഏറ്റവും കുറച്ച് ലഭിച്ച സ്ഥാനാര്‍ഥിയെ തഴയുന്നു. രണ്ടാം മുന്‍ഗണനാ വോട്ടുകള്‍ എണ്ണുന്നു. അവിടെയും ഏറ്റവും കുറച്ച് വോട്ടു ലഭിച്ച സ്ഥാനാര്‍ഥിയെ മാറ്റുന്നു. ഈ പ്രക്രിയ മുന്നോട്ടുപോകുന്നു.
1952ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ഡോ. രാജേന്ദ്രപ്രസാദ് രാഷ്ട്രപതിയായതു മുതല്‍ ഇതിനകം നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍ മാത്രമാണ് വോട്ടെടുപ്പ് ഒഴിവായത്. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരമില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 1977ല്‍ നീലം സഞ്ജീവ റെഡ്ഡിയാണ്. ഫക്രുദ്ദീന്‍ അലി അഹമ്മദിന്‍െറ ആകസ്മിക നിര്യാണത്തെ തുടര്‍ന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്‍െറ പിറ്റേന്നായിരുന്നു രാഷ്ട്രപതിയുടെ മരണം. അതുകൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പു നടപടികള്‍ മുന്നോട്ടു നീങ്ങിയത്. അതുവരെ ബി.ഡി ജട്ടി ആക്ടിങ് പ്രസിഡന്‍റായി. എതിരില്ലാതെ സഞ്ജീവ റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് പക്ഷേ, പറയാനാവില്ല. 37 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. 36ഉം അസാധുവായി. വോട്ടെടുപ്പ് ഒഴിവായി; റെഡ്ഡി രാഷ്ട്രപതിയുമായി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com