12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

സദ്വികാരം വളര്‍ത്താത്ത വിദ്യാഭ്യാസം

വിദ്യാര്‍ഥികളെ കുറ്റകൃത്യങ്ങളില്‍നിന്ന് തടയാനായി വിദ്യാലയങ്ങളില്‍ ധര്‍മസേന രൂപവത്കരിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചിരിക്കുന്നു. ഓരോ സ്കൂളിലും 10 രക്ഷിതാക്കള്‍ ഉള്‍ക്കൊള്ളുന്ന യൂനിറ്റാണ് രൂപവത്കരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ തെറ്റുകളിലേക്ക് വഴുതിവീഴാനുള്ള സാഹചര്യം വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്നതിനാലാണ് സാമൂഹിക പ്രവര്‍ത്തന തല്‍പരരായ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി സേന രൂപവത്കരിക്കുന്നതെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. പഞ്ചായത്തുതലത്തില്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കാനായി ക്ഷേമകാരികള്‍ എന്നപേരില്‍ കോഓഡിനേറ്റര്‍മാരെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായം കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമല്ളെന്നാണല്ളോ മന്ത്രിയുടെതന്നെ പ്രസ്താവന വ്യക്തമാക്കുന്നത്. സ്കൂളുകളിലും കോളജുകളിലുമൊന്നും പഠിച്ചിട്ടില്ലാത്ത സാധാരണക്കാരെക്കാള്‍ എത്രയോ മുന്നിലാണ് കുറ്റകൃത്യങ്ങളില്‍ വിദ്യാസമ്പന്നര്‍. സാക്ഷരതയില്‍ സംസ്ഥാനം ഏറെ പിറകിലായിരുന്ന കാലത്ത് പത്തു വയസ്സുകാരനും 13 വയസ്സുകാരനുമൊന്നും കൊലയാളികളാകുന്നത് സങ്കല്‍പിക്കാന്‍പോലും സാധ്യമായിരുന്നില്ല. എന്നാലിപ്പോള്‍ അത്തരം ക്രൂരകൃത്യങ്ങള്‍കൂടി സംഭവിച്ചുകൊണ്ടിരിക്കുന്നു.
തൊടുപുഴ ചേമ്പളം സെന്‍റ്മേരീസ് എല്‍.പി സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയായ നിയയെ കൊന്നതിന്‍െറ പേരില്‍ പിടിയിലായത് നാലാംക്ളാസ് വിദ്യാര്‍ഥിയായ പത്തു വയസ്സുകാരനാണ്. അഞ്ചു വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ ഈ പത്തു വയസ്സുകാരന്‍ നേരത്തേ രണ്ടു തവണ പീഡിപ്പിച്ചിരുന്നു. മദ്യപാനിയായ പിതാവിന്‍െറ കുത്തഴിഞ്ഞ ജീവിതവും അയാള്‍ പതിവായി കാണാറുള്ള അശ്ളീല സീഡികള്‍ മകന്‍ കണ്ടുകൊണ്ടിരുന്നതുമാണ് ആ കൊച്ചുബാലനെ കുറ്റവാളിയാക്കിയത്.
കുമളി ആനവിലാസം മേപ്പോറ കോളനിയില്‍ നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത് പതിമൂന്നുകാരനാണ്. വീടിനടുത്തുള്ള ഏലത്തോട്ടത്തിനുള്ളിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ച പ്രതി കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. തുടര്‍ന്ന്, സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് ചുണ്ടുകളും ഇരുകണ്ണുകളുടെയും പുരികങ്ങളും വലതു ചെവിയും കത്തിച്ച് വികൃതമാക്കി. കൊടിയ കുറ്റവാളികള്‍പോലും ചെയ്യാന്‍മടിക്കുന്ന ഈ ക്രൂരകൃത്യത്തിന് ആ ബാലനെ പ്രേരിപ്പിച്ചതും അശ്ളീല ചിത്രങ്ങള്‍ തന്നെ.
വിദ്യാര്‍ഥികളില്‍ ലൈംഗിക അരാജകത്വവും അക്രമപ്രവര്‍ത്തനങ്ങളുമെന്നപോലെ മദ്യത്തിന്‍െറയും മയക്കുമരുന്നുകളുടെയും ഉപയോഗവും ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഒരു പത്രവാര്‍ത്തയില്‍നിന്ന്: ‘സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് നല്‍കി ചൂഷണം ചെയ്യുന്ന സംഘത്തിന്‍െറ പ്രവര്‍ത്തനം കോഴിക്കോട് നഗരത്തില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ പ്രതി ഉള്‍പ്പെടെ വലിയൊരു ശൃംഖലതന്നെ മയക്കുമരുന്ന് സംഘത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.’
കൊമ്മേരി ചൈതന്യ നിവാസില്‍ മിഥുന്‍, പറോളിയില്‍ ആവീത് എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവരിലൊരാള്‍ മെഡിക്കല്‍ റെപ്രസന്‍േററ്റിവും മറ്റൊരാള്‍ ഇയാളുടെ സുഹൃത്തുമാണ്. മാനസിക വിഭ്രാന്തിക്ക് അടിപ്പെട്ടവര്‍ക്ക് നല്‍കുന്ന ഗുളികകളാണ് അന്ന് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട്ടെ ചില കോളജുകള്‍ കേന്ദ്രീകരിച്ച് വില്‍പനക്കായി കൊണ്ടുവന്നതാണ് ഇവയെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. മനോരോഗികള്‍ക്ക് നല്‍കുന്ന ഈ ഗുളികകള്‍ കഴിച്ചാല്‍ കഞ്ചാവ്, ഹഷീഷ് പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിച്ചാലുള്ള അതേ അവസ്ഥയായിരിക്കുമത്രെ.
പ്രമുഖ കഥാകാരന്‍ എം. മുകുന്ദന്‍ ഇപ്പോഴത്തെ അവസ്ഥയോര്‍ത്ത് ഇങ്ങനെ വിലപിക്കുന്നു: ‘കുപ്പികള്‍ കളിപ്പാട്ടങ്ങളായിരുന്നു. ഇന്ന് ഏതു കുട്ടികളാണ് കുപ്പികള്‍കൊണ്ട് കളിക്കുക. ബ്രാന്‍ഡിയുടെയും വിസ്കിയുടെയും നാറ്റം വരുന്ന കുപ്പികളാണ് ഇന്നുള്ളത്. ഈ കുപ്പികള്‍ ഓര്‍മിപ്പിക്കുന്നത് കുടിച്ച് ബോധംകെട്ട് സ്ഥാനംതെറ്റിയ ഉടുതുണിയോടെ വഴിയില്‍ കിടക്കുന്നവരെയാണ്. വീട്ടില്‍ ഭാര്യയെ തല്ലുന്നവരെയാണ്. ബാലികമാരെ പീഡിപ്പിക്കുന്നവരെയാണ്. ലേഡീസ് ഹോസ്റ്റലിനു മുന്നില്‍ ചെന്നുനിന്ന് നഗ്നത പ്രദര്‍ശിപ്പിക്കുന്നവരെയാണ്.’
വിദ്യാര്‍ഥികളും സമൂഹത്തിന്‍െറ ഭാഗം തന്നെയാണല്ളോ. അതിനാല്‍, സമൂഹത്തില്‍ വ്യാപകമായി കാണപ്പെടുന്ന കുറ്റകൃത്യങ്ങളുടെ പ്രതിഫലനം കലാലയങ്ങളിലും പ്രകടമാകും. മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും കുത്തഴിഞ്ഞ ലൈംഗികതക്കും അക്രമപ്രവര്‍ത്തനങ്ങള്‍ക്കും വമ്പിച്ച പ്രചാരണം നല്‍കുന്ന സിനിമകളും ടെലിവിഷന്‍ സീരിയലുകളും മറ്റാരേക്കാളുമേറെ സ്വാധീനിക്കുക വിദ്യാര്‍ഥികളെയാണ്. ഇതും വിദ്യാലയങ്ങളിലെ കുറ്റകൃത്യങ്ങളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു.
വരുന്ന തലമുറയില്‍ നന്മയും ധര്‍മവും സത്യവും നീതിയും വളര്‍ത്തേണ്ടിയിരുന്നത് വിദ്യാഭ്യാസമാണ്. എന്നാല്‍, നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാര്‍ഥികളില്‍ ഒരുവിധ സദ്വികാരവും വളര്‍ത്താന്‍ സഹായകമല്ല. നിലവിലുള്ള ഘടനയില്‍ വൈദ്യവിദ്യയില്‍ പരമാവധി വൈദഗ്ധ്യം നേടിയാലും രോഗിയോട് ദയയോ കാരുണ്യമോ വളര്‍ത്താന്‍ അതൊട്ടും സഹായകമല്ല. യോഗ്യതയുടെ വര്‍ധനയനുസരിച്ച് ആര്‍ത്തിയും ചൂഷണ വ്യഗ്രതയും വര്‍ധിക്കുന്നതായാണനുഭവം. എന്‍ജിനീയറിങ്ങിലെ യോഗ്യത കൈക്കൂലി വാങ്ങുന്നതില്‍നിന്നും അഴിമതി നടത്തുന്നതില്‍നിന്നും ആരെയും അല്‍പംപോലും തടയുന്നില്ല. ശാസ്ത്രപഠനം പ്രകൃതിസംരക്ഷണത്തിന് ഒട്ടും പ്രേരകമാകുന്നില്ല.
ഇത്തരമൊരു സാഹചര്യത്തില്‍ ധര്‍മസേനക്ക് കാര്യമായെന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ല. നേരിയ ചില ഫലങ്ങളൊക്കെ ഉണ്ടാക്കിയേക്കാം. എന്നാല്‍, വിദ്യാര്‍ഥികളില്‍ നന്മയും സദ്വിചാരവും വളര്‍ത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ മാറ്റം വരുത്തേണ്ടത് പാഠ്യപദ്ധതിയിലാണ്.
കേരളത്തിലെ മഹാഭൂരിപക്ഷവും മതവിശ്വാസികളാണ്. മതങ്ങള്‍ക്കിടയില്‍ എന്തെല്ലാം ഭിന്നതകളും വൈരുധ്യങ്ങളുമുണ്ടെങ്കിലും എല്ലാ മതങ്ങളും പൊതുവെ അംഗീകരിക്കുന്ന ധാര്‍മികാധ്യാപനങ്ങളും മാനവിക മൂല്യങ്ങളുമുണ്ട്. അവ മതമില്ലാത്തവര്‍ക്കും പൊതുവെ സ്വീകാര്യമായിരിക്കും. ഏതു വിഷയമെടുത്ത് പഠിക്കുന്ന വിദ്യാര്‍ഥിയിലും മനുഷ്യരാശി എക്കാലവും മുറുകെ പിടിച്ചുപോന്ന എല്ലാ നല്ല മൂല്യങ്ങളും ധാര്‍മിക ചട്ടങ്ങളും കരുപ്പിടിപ്പിക്കാന്‍ സംവിധാനമുണ്ടാകണം. സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ അതിനനുസൃതമായി പൊളിച്ചെഴുതണം. ഉദ്യോഗസ്ഥ സമ്മര്‍ദത്തെ അതിജയിച്ച് അത്തരമൊരു മാറ്റമുണ്ടാക്കാന്‍ അസാധാരണമായ ഇച്ഛാശക്തിയും കരുത്തും വേണം. അതിനാല്‍, കുറ്റകൃത്യങ്ങളില്‍നിന്ന് മുക്തമായ ഒരുത്തമ സമൂഹത്തെ വാര്‍ത്തെടുക്കാനാണ് സര്‍ക്കാറും ബന്ധപ്പെട്ട മന്ത്രിയും ആഗ്രഹിക്കുന്നതെങ്കില്‍ തൊലിപ്പുറമുള്ള ചികിത്സക്കുപകരം സമഗ്രമായ മാറ്റത്തിന് സന്നദ്ധമാവണം. സ്നേഹം, കാരുണ്യം, ദയ, വാത്സല്യം, വിനയം, വിട്ടുവീഴ്ച, ധര്‍മം, നീതി, സത്യം, സന്മാര്‍ഗം, കുടുംബത്തോടുള്ള കടപ്പാട്, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മഹദ് ഗുണങ്ങളും സദ്വികാരങ്ങളും വിദ്യാര്‍ഥികളില്‍ വളര്‍ത്താന്‍ സഹായകമായ പരിഷ്കരണം പാഠ്യപദ്ധതിയില്‍ അനിവാര്യമാണ്. ഇതിന് തുടക്കംകുറിക്കാന്‍ വിദ്യാഭ്യാസമന്ത്രി സന്നദ്ധമാവുകയാണെങ്കില്‍ വരുംതലമുറകള്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. സമൂഹത്തിനും രാജ്യത്തിനുമുള്ള മഹത്തായ സംഭാവനകൂടിയായിരിക്കും അത്. അതിനാല്‍, ധര്‍മസേനയില്‍നിന്ന് ധാര്‍മിക ശിക്ഷണത്തിലത്തൊന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കട്ടെ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com