12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

തേക്കടി ഫോറസ്റ്റ് ഓഫിസുകള്‍ ഇനി ഒരു കുടക്കീഴില്‍

കുമളി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന വനപാലകരുടെ വിവിധ ഓഫിസുകള്‍ ഇനി ഒരു കുടക്കീഴില്‍.
തേക്കടി ചെക് പോസ്റ്റിന് സമീപത്തെ രാജീവ്ഗാന്ധി പ്രകൃതിപഠന കേന്ദ്രത്തിലേക്കാണ് ഓഫിസുകള്‍ മാറ്റുന്നത്.
പ്രകൃതിപഠന കേന്ദ്രവും മ്യൂസിയവും വിശാലമായ സൗകര്യങ്ങളോടെ മറ്റൊരു സ്ഥലത്ത് നിര്‍മിക്കാന്‍ തീരുമാനിച്ചതോടെയാണ് ഓഫിസുകള്‍ ഇവിടേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
വനം മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണ് 1995 ഒക്ടോബര്‍ എട്ടിന് രാജീവ്ഗാന്ധി പ്രകൃതിപഠന കേന്ദ്രം ഉദ്ഘാടനം ചെയ്തത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത് വിനോദസഞ്ചാരികള്‍ക്കോ പ്രകൃതി സ്നേഹികള്‍ക്കോ ഉപകാരപ്പെടാത്ത സ്ഥിതിയിലായതോടെയാണ് വിശാലമായ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഓഫിസുകള്‍ ഇവിടേക്ക് നീക്കാന്‍ തീരുമാനിച്ചത്.
അരക്കോടിയോളം രൂപ ചെലവഴിച്ച് കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, ഓഫിസ് റൂമുകള്‍, മീറ്റിങ് ഹാളുകള്‍ വൈദ്യുതി പ്രശ്നത്തിന് പരിഹാരമായി പുതിയ ജനറേറ്റര്‍ എന്നിവ ഉള്‍പ്പെടെ ഒരുക്കിയാണ് ഓഫിസുകള്‍ ഒരേ കെട്ടിടത്തിലേക്ക് നീക്കുന്നത്. ഇപ്പോള്‍ തേക്കടിയില്‍ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, ഫൈ്ളയിങ് സ്ക്വാഡ്, റിസര്‍ച്ച്, ഇക്കോ ടൂറിസം റേഞ്ച് ഓഫിസര്‍മാരുടെ ഓഫിസുകള്‍, അസിസ്റ്റന്‍റ് ഫീല്‍ഡ് ഡയറക്ടറുടെ ഓഫിസ്, കോട്ടയത്തുള്ള ഫീല്‍ഡ് ഡയറക്ടറുടെ തേക്കടിയിലെ താല്‍ക്കാലിക ക്യാമ്പ് ഓഫിസ് എന്നിവക്ക് പുറമെ പെരിയാര്‍ വന്യജീവി സങ്കേതം വെറ്ററിനറി സര്‍ജന്‍, പെരിയാര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ഓഫിസുകളും ഇനി മുതല്‍ ചെക് പോസ്റ്റിന് സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനുമാണ് ഓഫിസുകള്‍ ഒരേ കെട്ടിടത്തിലാക്കുന്നതെന്നാണ് വിശദീകരണം.
എന്നാല്‍, തേക്കടി, പെരിയാര്‍ റേഞ്ച് ഓഫിസുകള്‍ തുടര്‍ന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ തന്നെ തുടരും.
തേക്കടി ചെക് പോസ്റ്റിന് സമീപത്തേക്ക് ഓഫിസുകള്‍ നീക്കുന്നത് നാട്ടുകാര്‍ക്കും ഓഫിസില്‍ വിവിധ കാര്യങ്ങള്‍ക്കായി സമീപിക്കുന്നവര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകും.
ഓഫിസ് കെട്ടിടത്തില്‍ വിവിധ കോണ്‍ഫറന്‍സുകള്‍ നടത്താന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചെക്പോസ്റ്റിന് സമീപത്തെ കെട്ടിടത്തില്‍ ബുധനാഴ്ച ഉച്ച മുതല്‍ വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങാനുള്ള നടപടികളാണ് പൂര്‍ത്തിയായത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com