മുന്തിയ കാറുമായി മുബൈയിലെത്തിയാല്‍ ചിലപ്പോള്‍ മുഖമുദ്ര കണ്ടെന്നു വരില്ല. പ്രത്യേകിച്ചും കാറിന് വിലയല്‍പം കൂടുതലാണെങ്കില്‍. സ്കോഡയുടെ ഉടമകള്‍ ഇത് കുറച്ചൊന്നുമല്ല അനുവഭിക്കുന്നത്. വണ്ടി എവിടെയിട്ടിട്ടുപോയാലും തിരിച്ചുവരുമ്പോള്‍ മുന്നിലെയോ പിന്നിലെയോ ബാഡ്ജ് കാണില്ല. വിലകുറഞ്ഞ കാറായ ഫാബിയയുടെ മുന്നിലെ എംബ്ളത്തിന് 750 രൂപയോളം വിലവരും മോഡല്‍ മാറുന്നതനുസരിച്ച് ഇത് 2000 രൂപവരെ നീളുകയും ചെയ്യും. ബാഡ്ജ് മോഷണം പെരുകിയതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയായിരുന്നു ഉടമകളും കമ്പനിയും. പഢിച്ചപണി പതിനെട്ടും പയറ്റിയിട്ടും കള്ളന്‍മാര്‍ നന്നാവുന്ന ലക്ഷണമില്ല. ഒടുവില്‍ കമ്പനി ഒരു അന്വേഷണം നടത്തി. അടിച്ചമാറ്റുന്ന വിരുതന്‍മാര്‍ ഈ ബാഡ്ജ് എന്താണ് ചെയ്യുക. ഒടുവില്‍ കാര്യം പിടികിട്ടി. ബാഡ്ജുകള്‍ പഴയ വാഹനങ്ങളുടെ പാര്‍ട്സുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് നല്‍കുകയാണ്. ബാഡ്ജ് കാണാതെ ഉറക്കം നഷ്ടപ്പെട്ട ഉടമകള്‍ ഇവിടെ വന്ന് സെക്കന്‍റ്ഹാന്‍റ് വിലക്ക് ഇവ വാങ്ങിക്കൊണ്ടുപോവുകയാണ് പതിവ്. ചിലപ്പോള്‍ സ്വന്തം കാറില്‍ നിന്ന് നഷ്ടപ്പെട്ട ബാഡ്ജായിരിക്കും ഇങ്ങനെ വാങ്ങിക്കുന്നത്. ഈ പ്രശ്നം ഒഴിവാക്കാന്‍ കമ്പനി ഒരു സൂത്രം കണ്ടുപിടിച്ചു. ബാഡ്ജ് നഷ്ടപ്പെട്ട എല്ലാവര്‍ക്കും ബാഡ്ജ് സൗജന്യമായി നല്‍കുക. അപ്പോള്‍ സെക്കന്‍റ് ഹാന്‍റ് ബാഡ്ജിന് ആവശ്യം കുറയും. അപ്പോള്‍ കള്ളന്‍മാര്‍ ബാഡ്ജ് മോഷണം നിര്‍ത്തും. എങ്ങനെയുണ്ട് ബുദ്ധി. തുടക്കത്തില്‍ മുംബൈയില്‍ മാത്രമായിരിക്കും ഈ പരീക്ഷണം അരങ്ങേറുക. പക്ഷേ കള്ളന്‍മാര്‍ വീണ്ടും ബാഡ്ജ് പറിച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍