സൈനികരുടെ ആത്മാര്‍ഥത പ്രശംസനീയം: ഹമദ് രാജാവ്

സൈനികരുടെ ആത്മാര്‍ഥത പ്രശംസനീയം: ഹമദ് രാജാവ്

മനാമ: സൈനികരുടെ ആത്മാര്‍ഥതയും ധീരതയും ഏറെ അഭിമാനകരവും പ്രശംസനീയവുമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പറഞ്ഞു. സൈനിക യൂണിറ്റുകളുടെ സന്ദര്‍ശനത്തിന് ബി.ഡി.എഫ് ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ സൈനിക മേധാവി ജനറല്‍ ഫീല്‍ഡ് മാര്‍ഷല്‍ ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ, പ്രതിരോധകാര്യ സ്റ്റേറ്റ് മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ, ചീഫ് ഓഫ് സ്റ്റാഫ് ശൈഖ് ദുഐജ് ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ എന്നിവരും മറ്റ് ഉന്നത സൈനികോദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. വിവിധ യൂണിറ്റ് മേധാവികളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം സൈനികരെ സംബോധന ചെയ്തു. രാജ്യത്തിന്‍െറ സംരക്ഷണത്തിന് വേണ്ടി ധീരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സൈനികരെക്കുറിച്ച് അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമെന്ന നിലക്ക് വിവിധ കോണുകളില്‍നിന്ന് ഭിന്നാഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. സൈനിക വിഭാഗവും ഈ വിഷയത്തില്‍ വിമര്‍ശത്തിന് വിധേയമായിട്ടുണ്ട്. രാജ്യത്തിന്‍െറ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനാണ് സായുധ സേന പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇതിന്‍െറ പേരില്‍ സൈനികര്‍ക്കെതിരെ ദുരുപദിഷ്ടമായ അഭിപ്രായങ്ങള്‍ പറയുന്നത് അഭിപ്രായ പ്രകടന സ്വാത്രന്ത്യത്തില്‍ നിന്നുള്ള വ്യതിചലനമാണ്. ദേശീയ പരിഷ്കരണ പദ്ധതിയിലൂടെ രാജ്യത്തിന്‍െറ വളര്‍ച്ചയും പുരോഗതിയും ഉറപ്പുവരുത്തുന്നതോടൊപ്പം പ്രശ്നങ്ങളെ ദേശീയ സമവായത്തിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുറമെ നിന്നുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ നമുക്കാവശ്യമില്ലെന്ന് തീര്‍ത്തു പറഞ്ഞ രാജാവ് ഇക്കാര്യത്തില്‍ എല്ലാ തലത്തില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ക്കും ചെവികൊടുക്കുമെന്നും വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus